മുംബൈ: കൊവിഡ് 19നെ തടയാനുള്ള പ്രവർത്തനങ്ങള്‍ക്ക് 51 കോടിയുടെ ധനസഹായം പ്രഖ്യാപിച്ച് ബിസിസിഐ. സംസ്ഥാന അസോസിയേഷനുകളോട് ചേർന്നാണ് പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് തുക നല്‍കുന്നതെന്ന് ബിസിസിഐ വാർത്താക്കുറിപ്പില്‍ അറിയിച്ചു. പ്രസിഡന്‍റ് സൗരവ് ഗാംഗുലി സെക്രട്ടറി ജയ് ഷാ എന്നിവരും ചേര്‍ന്നാണ് പ്രഖ്യാപനം നടത്തിയത്.
ബിസിസിഐയും സംസ്ഥാന ക്രിക്കറ്റ് അസോസിയേഷനുകളും കേന്ദ്ര സർക്കാരിനും സംസ്ഥാന സർക്കാരുകള്‍ക്കും മറ്റ് ഭരണസംവിധാനങ്ങള്‍ക്കും ഒപ്പം ചേർന്ന് പ്രവർത്തിക്കുമെന്ന് ബോർഡ് വ്യക്തമാക്കി. മഹാമാരിയുടെ പശ്ചാത്തലത്തില്‍ എല്ലാ പിന്തുണയും സഹായവും ചെയ്യുമെന്നും ബിസിസിഐ അറിയിച്ചു. കേന്ദ്ര സര്‍ക്കാറിന്‍റെ ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങള്‍ക്ക് എല്ലാ വിധത്തിലുള്ള പിന്തുണയും നല്‍കുമെന്നും അദ്ദേഹം അറിയിച്ചു. അതിനിടെ ഐ.പി.എല്‍ മത്സരങ്ങള്‍ ഏപ്രില്‍ 15ന് ശേഷം നടത്തിയാല്‍ മതിയെന്ന് സൗരവ് ഗാംഗുലി പ്രഖ്യാപിച്ചിരുന്നു. മാര്‍ച്ച് 29ന് ആയിരുന്നു ഐ.പി.എല്‍ മത്സരങ്ങളുടെ ആരംഭിക്കേണ്ടത്.
കൊവിഡ് 19നെ തടയാനുള്ള ശ്രമങ്ങള്‍ക്ക് 52 ലക്ഷം രൂപയുടെ സഹായം ഇന്ത്യന്‍ ക്രിക്കറ്റ് താരം സുരേഷ് റെയ്ന ശനിയാഴ്ച പ്രഖ്യാപിച്ചിരുന്നു. ഇതിന് പ്രധാനമന്ത്രി നരേന്ദ്ര മോദി നന്ദി അറിയിക്കുകയും ചെയ്തു. മാസ്റ്റർ ബ്ലാസ്റ്റർ സച്ചിന്‍ ടെന്‍ഡുല്‍ക്കർ 50 ലക്ഷം രൂപയുടെ സഹായം നേരത്തെ പ്രഖ്യാപിച്ചിരുന്നു. ബിസിസിഐ പ്രസിഡന്‍റ് സൗരവ് ഗാംഗുലി വ്യക്തിപരമായ സഹായവും പ്രഖ്യാപിച്ചിട്ടുണ്ട്.