സിഡ്‌നി: ഉമിനീര്‍ വിലക്കുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ ചായകോപ്പെയിലെ കൊടുങ്കാറ്റ് മാത്രമാണെന്ന് ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് ടീം മുന്‍ നായകന്‍ ഗ്രെഗ് ചാപ്പല്‍. ഉമിനീര്‍ വിലക്ക് കളിയില്‍ വലിയ സ്വാധീനം ചെലുത്തില്ല. ബൗളേഴ്‌സിന് നിലവില്‍ വിയര്‍പ്പ് ഉപയോഗിച്ച് പന്തിന്റെ തിളക്കം വര്‍ധിപ്പിക്കാന്‍ സാധിക്കും. മിച്ചല്‍ സ്റ്റാര്‍ക്ക് ഒഴികെയുള്ള നിലവിലെ ഓസിസ് ബൗളേഴ്‌സെല്ലാം പേസും ബൗണ്‍സും ഉപയോഗിച്ച് പന്തെറിയുന്നവരാണ്. അതിനാല്‍ തന്നെ പന്ത് സ്വിങ് ചെയ്യുമ്പോഴുണ്ടാകുന്ന ബുദ്ധിമുട്ട് ഓസിസ് ബൗളേഴ്‌സിനെ കാര്യമായി ബാധിക്കില്ല. കൃത്രിമ മെഴുക് ഉപയോഗിച്ച് പന്തിന്റെ തിളക്കം വര്‍ദ്ധിപ്പിക്കേണ്ട ആവശ്യമില്ലെന്നും അദ്ദേഹം പറഞ്ഞു. പന്ത് നിര്‍മാതാക്കളായ കൂക്കാബുറ കൃത്രിമ മെഴുക് വികസിപ്പിച്ചെടുത്ത പശ്ചാത്തലത്തിലാണ് ഗ്രെഗ് ചാപ്പല്‍ നിലപാട് വ്യക്തമാക്കിയത്. 2005 മുതല്‍ 2007 വരെ ടീം ഇന്ത്യയുടെ പരിശീലകനായിരുന്നു ചാപ്പല്‍.
കൊവിഡ് 19നെ തുടര്‍ന്ന് ആഗോള തലത്തില്‍ സ്തംഭിച്ച ക്രിക്കറ്റ് മത്സരങ്ങള്‍ ജൂലൈയില്‍ ഇംഗ്ലണ്ടും വെസ്റ്റ് ഇന്‍ഡീസും തമ്മിലുള്ള ടെസ്റ്റ് പരമ്പരയോടെ പുനരാരംഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ആദ്യ മത്സരം സതാംപ്റ്റണിലെ അടച്ചിട്ട സ്റ്റേഡിയത്തില്‍ ജൂലൈ എട്ടിന് നടക്കും. മഹാമാരിയുടെ പശ്ചാത്തലത്തില്‍ കര്‍ശന സുരക്ഷാ സംവിധാനങ്ങള്‍ക്ക് നടുവിലാകും ടെസ്റ്റ്. ക്രിക്കറ്റ് പുനരാരംഭിക്കുന്നതിന്‍റെ ഭാഗമായി കഴിഞ്ഞ ദിവസമാണ് കൊവിഡ് 19 വ്യാപനം തടയാന്‍ ഉമിനീര്‍ വിലക്ക് ഉള്‍പ്പെടെയുള്ള നിയമങ്ങള്‍ ഐസിസി പ്രാബല്യത്തില്‍ കൊണ്ടുവന്നത്. മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന്‍ അനില്‍ കുംബ്ലെയുടെ നേതൃത്വത്തിലുള്ള കമ്മിറ്റിയാണ് ഇതുമായി ബന്ധപ്പെട്ട ശിപാര്‍ശ ഐസിസിക്ക് നല്‍കിയത്.