കറാച്ചി: നായക സ്ഥാനം ബാബർ അസമിനെ കൂടുതല്‍ ഉത്തരവാദിത്വമുള്ള ബാറ്റ്സ്‌മാനാക്കി മാറ്റുമെന്ന് പാകിസ്ഥാന്‍ ക്രിക്കറ്റ് ടീമിന്‍റെ മുഖ്യ പരിശീലകനും സെലക്‌ടറുമായ മിസ്‌ബാ ഉൾ ഹഖ്. ഏകദിന, ടി20 ടീമുകളുടെ നായകന്‍ എന്ന നിലയില്‍ ബാബറിന് ശോഭിക്കാന്‍ സാധിക്കുമെന്നും മിസ്‌ബാ പറഞ്ഞു.
ക്യാപ്റ്റന്‍റെ ചുമതല ബാബറിനെ സമ്മർദത്തിലാക്കുമെന്ന മുന്‍ ബാറ്റിങ് പരിശീലകന്‍ ഗ്രാന്‍ഡ് ഫ്ലവറിന്‍റെ പരാമർശത്തെ തുടർന്നാണ് മിസ്‌ബായുടെ പ്രതികരണം. 25 വയസുള്ള ബാബർ പ്രതീക്ഷക്ക് ഒത്ത് ഉയരുമെന്നാണ് കരുതുന്നത്. കഴിഞ്ഞ വർഷം ടി20 ടീമിന്‍റെ നായകനാക്കിയത് പരീക്ഷണമെന്ന നിലയിലായിരുന്നു. ആ പരീക്ഷണത്തില്‍ അദ്ദേഹം വിജയിച്ചു. അദ്ദേഹം ബാറ്റ്സ്‌മാൻ എന്ന നിലയില്‍ കൂടുതല്‍ ഉത്തരവാദിത്വം കാണിക്കാന്‍ തുടങ്ങി. ഇതേ തുടർന്നാണ് കഴിഞ്ഞ മാസം അദ്ദേഹത്തിന് ഏകദിന ടീമിന്‍റെ ക്യാപ്റ്റന്‍ സ്ഥാനവും നല്‍കിയതെന്ന് മിസ്‌ബ വ്യക്തമാക്കി.
ഒരിക്കല്‍ ടീം പരാജയപ്പെടാന്‍ തുടങ്ങിയാല്‍ ബാബർ അസം സമ്മർദത്തിന് അടിമപ്പെടുമെന്നായിരുന്നു പാകിസ്ഥാന്‍ ക്രിക്കറ്റ് ടീമിന്‍റെ മുന്‍ ബാറ്റിങ് പരിശീലകന്‍ ഗ്രാന്‍ഡ് ഫ്ലവർ പറഞ്ഞത്.