മുംബൈ: ഇന്ത്യൻ ക്രിക്കറ്റ് ടീമിന്‍റെ ജേഴ്സി സ്പോൺസറാകാൻ ബൈജൂസ് ലേണിങ് ആപ്പ്. സെപ്റ്റംബർ മുതല്‍ ബൈജൂസ് ആപ്പ് ഇന്ത്യയുടെ ജേഴ്സി സ്പോൺസർമാരാകുമെന്നാണ് റിപ്പോർട്ടുകൾ.
നിലവില്‍ ചൈനീസ് മോബൈല്‍ കമ്പനിയായ ഓപ്പോയാണ് ഇന്ത്യൻ ടീമിന്‍റെ സ്പോൺസർമാർ. 2017ല്‍ അഞ്ചുകൊല്ലത്തേക്ക് 1,079 കോടി രൂപ മുടക്കിയാണ് ജേഴ്സി കരാർ ഓപ്പോ സ്വന്തമാക്കിയത്. എന്നാല്‍ ഈ കരാർ ഇപ്പോൾ ബൈജുവിന് മറിച്ച് നല്‍കുകയാണ് ഓപ്പോ. ബംഗളൂരു ആസ്ഥാനമായി പ്രവർത്തിക്കുന്ന ബൈജൂസ് ആപ്പിന്‍റെ ഉപജ്ഞാതാവും ഉടമയും മലയാളിയായ ബൈജു രവീന്ദ്രനാണ്.
വെസ്റ്റ് ഇൻഡീസിനെതിരായ പരമ്പര വരെ മാത്രമാണ് ഓപ്പോ ഇന്ത്യയുടെ ജേഴ്സിയില്‍ ഇടംപിടിക്കുക. ദക്ഷിണാഫ്രിക്കയുമായുള്ള പരമ്പര മുതല്‍ ബൈജൂസ് ആപ്പിന്‍റെ പരസ്യം ഇന്ത്യൻ ജേഴ്സിയില്‍ കാണാം. ലോകത്തിലെ ഏറ്റവും മൂല്യമുള്ള എഡ്ടെക് കമ്പനിയാണ് ബൈജൂസ് ആപ്പ്. 2015ലാണ് കണ്ണൂർ സ്വദേശിയായ ബൈജു രവീന്ദ്രൻ ബൈജൂസ് ലേണിങ് ആപ്പ് സ്ഥാപിക്കുന്നത്. നാല് മുതല്‍ പന്ത്രണ്ട് വരെയുള്ള ക്ലാസുകളിലെ വിദ്യാർഥികൾക്ക് ആപ്പിലൂടെ ശാസ്ത്രം, ഗണിതശാസ്ത്രം എന്നീ വിഷയങ്ങളിലാണ് പഠന സഹായം നല്‍കുന്നത്. സ്കൂൾ കുട്ടികളുടെ വിദ്യാഭ്യാസ അടിത്തറ ശക്തമാക്കുകയെന്നതാണ് ബൈജൂസ് ആപ്പിന്‍റെ ലക്ഷ്യം.