ന്യൂഡല്‍ഹി: ലോക്ക് ഡൗണിനെ തുടർന്ന് ഫോം വീണ്ടെടുക്കാന്‍ ബാറ്റ്സ്‌മാന്‍മാരെക്കാൾ ബൗളേഴ്‌സാകും കൂടുതല്‍ ബുദ്ധിമുട്ടുകയെന്ന് മുന്‍ ഓസ്‌ട്രേലിയന്‍ പേസർ ബ്രെറ്റ് ലീ. ഏകദിന, ടെസ്റ്റ് മത്സരങ്ങളില്‍ ബൗളേഴ്സ് പഴയ പേസില്‍ പന്തെറിയണമെങ്കില്‍ എട്ട് ആഴ്‌ചയെങ്കിലും പരിശീലനം നടത്തേണ്ടിവരുമെന്നും അദ്ദേഹം പറഞ്ഞു. നിലവില്‍ ഇംഗ്ലണ്ടിന്‍റെയും വെസ്റ്റ് ഇന്‍ഡീസിന്‍റെയും ടീമുകൾ പരിശീലനം പുനരാരംഭിച്ചു. ഇരു രാജ്യങ്ങളും തമ്മിലുള്ള ടെസ്റ്റ് പരമ്പരക്ക് മുന്നോടിയായി ചെറിയ ഗ്രൂപ്പുകളായാണ് പരിശീലനം. ജൂണ്‍ അവസാനമോ ജൂലൈ ആദ്യമോ ആയി പരമ്പരക്ക് തുടക്കമാകും. വെസ്റ്റ് ഇന്‍ഡീസിനെതിരായ പരമ്പരക്ക് ശേഷം ഇംഗ്ലണ്ടില്‍ പാകിസ്ഥാന്‍ ടീം പര്യടനം നടത്തും. ഏകദിന, ടെസ്റ്റ് പരമ്പരകളാകും ഇംഗ്ലണ്ടില്‍ പാക് ടീം കളിക്കുക.
അതേസമയം ലോക്ക് ഡൗണിന് ശേഷം ഐസിസി പുറത്തിറക്കിയ സ്‌റ്റാന്‍ഡേര്‍ഡ് ഓപ്പറേറ്റിങ് പ്രൊസീജര്‍ പ്രകാരം അടച്ചിട്ട സ്റ്റേഡിയത്തിലാകും മത്സരം നടക്കുക. കൂടാതെ ഉമിനീർ വിലക്കും ബാധകമാകും. കഴിഞ്ഞ മാർച്ച് രണ്ടാം വാരത്തോടെ ലോകത്തെമ്പാടും കായിക ലോകം കൊവിഡ് 19 കാരണം സ്തംഭിച്ചു. നിലവില്‍ ആഗോള തലത്തില്‍ 3.5 ലക്ഷം പേർ കൊവിഡ് ബാധിച്ച് മരിച്ചു.