കറാച്ചി: ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിലുള്ള ടെസ്റ്റ് പരമ്പര ഇരു ടീമുകള്‍ക്കും കടുത്ത വെല്ലുവിളിയാകുമെന്ന് മുന്‍ പാകിസ്ഥാന്‍ താരം വഖാര്‍ യൂനിസ്. ഡേവിഡ് വാര്‍ണര്‍, സ്റ്റീവ് സ്‌മിത്ത് എന്നിവര്‍ തിരിച്ചുവന്നത് ടീം ഇന്ത്യക്ക് വെല്ലുവിളി ഉയര്‍ത്തു. 2018-19 വര്‍ഷം നടന്ന ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയില്‍ ഇന്ത്യക്ക് മുന്നില്‍ മുട്ടുകുത്തേണ്ടി വന്ന ഓസ്‌ട്രേലിയ കണക്ക് തീര്‍ക്കാനായി കാത്തിരിക്കുകയാണെന്നും വഖാര്‍ യൂനിസ് കൂട്ടിച്ചേര്‍ത്തു.
സ്വന്തം നാട്ടില്‍ നടക്കുന്ന ടെസ്റ്റ് പരമ്പരയില്‍ പേസ് ആക്രമണ നിര ഓസ്‌ട്രേലിയക്ക് ഗുണം ചെയ്യും. മിച്ചല്‍ സ്റ്റാര്‍ക്ക്, പാറ്റ് കമ്മിന്‍സ് തുടങ്ങിയവരാണ് ഓസ്‌ട്രേലിയയുടെ പേസ് ആക്രമണത്തിന് നേതൃത്വം നല്‍കുന്നത്. മറുഭാഗത്ത് ടീം ഇന്ത്യയും സമാന രീതിയിലാണ് മുന്നോട്ട് പോകുന്നത്. ജസ്‌പ്രീത് ബുമ്രയും മുഹമ്മദ് ഷമിയും പേസ് ആക്രമണത്തിന് നേതൃത്വം നല്‍കും. ഓസിസ് പേസ് ആക്രമണത്തെ തടുക്കാന്‍ ഇന്ത്യന്‍ ബാറ്റിങ്ങ് നിരക്ക് കരുത്തുണ്ടെന്നും വഖാര്‍ യൂനിസ് കൂട്ടിച്ചേര്‍ത്തു. ചേതേശ്വര്‍ പൂജാര, അജിങ്ക്യാ രഹാനെ തുടങ്ങിയവരുടെ ബാറ്റിങ് ഇന്ത്യക്ക് നിര്‍ണായകമാകുമെന്നും അദ്ദേഹം പറഞ്ഞു.
അഡ്‌ലെയ്‌ഡില്‍ നടക്കുന്ന ഡേ നൈറ്റ് ടെസ്റ്റിന് ശേഷം വിരാട് കോലി നാട്ടിലേക്ക് മടങ്ങുന്നത് ടീം ഇന്ത്യയുടെ ശേഷിക്കുന്ന ടെസ്റ്റുകളെ സാരമായി ബാധിക്കുമെന്നും വഖാര്‍ യൂനിസ് കൂട്ടിച്ചേര്‍ത്തു. ആദ്യ രണ്ട് സെറ്റുകളില്‍ രോഹിത് ശര്‍മ, ഇശാന്ത് ശര്‍മ എന്നിവര്‍ കളിക്കില്ലെന്ന് ബിസിസിഐ ഇതിനകം അറിയിച്ചിട്ടുണ്ട്. ഇതും ടീമിനെ ബാധിക്കുമെന്നും വഖാര്‍ യൂനിസ് പറഞ്ഞു.
നാല് ടെസ്റ്റുകളാണ് ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയുടെ ഭാഗമായി ടീം ഇന്ത്യ കങ്കാരുക്കളുടെ നാട്ടില്‍ കളിക്കുക. ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിക്ക് വേണ്ടിയുള്ള പരമ്പര ഡിസംബര്‍ 17ന് അഡ്‌ലെയ്‌ഡില്‍ ആരംഭിക്കും. ടെസ്റ്റ് പരമ്പരക്ക് മുന്നോടിയായി മൂന്ന് വീതം ഏകദിനവും ടി20യും കോലിയും കൂട്ടരും ഓസ്‌ട്രേലിയക്ക് എതിരെ കളിക്കും. നിശ്ചിത ഓവര്‍ പരമ്പര ഈ മാസം 27ന് ആരംഭിക്കും.