ഹൈദരാബാദ്: ഐപിഎല്ലില്‍ വെടിക്കെട്ട് ബാറ്റിങ്ങുമായി നിറഞ്ഞ് നിന്നാല്‍ മലയാളി താരം സഞ്ജു സാംസണ് ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ ഇടംപിടിക്കാന്‍ കഴിയുമെന്ന് പരിശീലകന്‍ ബിജു ജോര്‍ജ്. നിലവില്‍ ഐപിഎല്‍ മുന്‍ നിര്‍ത്തി ജോര്‍ജിന് കീഴില്‍ പരിശീലനം തുടരുകയാണ് സഞ്ജു. സെപ്‌റ്റംബര്‍ 19 മുതല്‍ യുഎഇയില്‍ വെച്ചാണ് ഐപിഎല്‍ 13ാം പതിപ്പ് അരങ്ങേറുക. ഈ വര്‍ഷം ഓസ്‌ട്രേലിയയില്‍ നടക്കാനിരിക്കുന്ന ടി20 ലോകകപ്പ് മാറ്റിവെച്ചതോടെ തുറന്ന് കിട്ടിയ ജാലകത്തിലാണ് ഐപിഎല്‍ നടക്കുക.
2021ലെ ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ ഇടം നേടാന്‍ സഞ്ജുവിന് സുവര്‍ണാവസരമാണ് ലഭിച്ചിരിക്കുന്നതെന്ന് ബിജു ജോര്‍ജ് പറഞ്ഞു. ഐപിഎല്ലില്‍ സ്ഥിരതയാര്‍ന്ന പ്രകടനം പുറത്തെടുക്കുന്ന സഞ്ജു ഇത്തവണയും പതിവ് തെറ്റിക്കില്ലെന്നാണ് പ്രതീക്ഷ. സമ്മര്‍ദങ്ങള്‍ ഏതുമില്ലാതെയാണ് താരം ഇത്തവണ ഐപിഎല്ലിന് ഇറങ്ങുന്നത്. ലോക്ക് ഡൗണ്‍ കാലത്ത് പോലും പരിശീലനം മുടക്കാത്ത സഞ്ജു ലീഗിന് മുന്നോടിയായി വലിയ തോതിലുള്ള തയ്യാറെടുപ്പാണ് നടത്തിയത്.
![ipl sanju news t20 world cup news ഐപിഎല്‍ സഞ്ജു വാര്‍ത്ത ടി20 ലോകകപ്പ് വാര്‍ത്ത](https://etvbharatimages.akamaized.net/etvbharat/prod-images/8247059_sanju3.jpg)
സീസണില്‍ രാജസ്ഥാന്‍ റോയല്‍സിന് വേണ്ടിയാണ് സഞ്ജു കളിക്കുക. ഇതിനകം 93 ഐപിഎല്‍ മത്സരങ്ങളില്‍ 27.61 ബാറ്റിങ്ങ് ശരാശരിയില്‍ സഞ്ജു 1,696 റണ്‍സ് സ്വന്തമാക്കി. സെഞ്ച്വറിയോടെ പുറത്താകാതെ 102 റണ്‍സെടുത്തതാണ് ഏറ്റവും ഉയര്‍ന്ന സ്‌കോര്‍.
കഴിഞ്ഞ ആറ് മാസമായി ഇന്ത്യന്‍ ടി20 ടീമിന്‍റെ ഭാഗമായ സഞ്ജു ഇതിനകം നാല് മത്സരങ്ങളില്‍ നിന്നായി 35 റണ്‍സെടുത്തു. ന്യൂസിലന്‍ഡ് പര്യടനത്തിന്റെ ഭാഗമായാണ് സഞ്ജു അവസാനമായി ഇന്ത്യക്ക് വേണ്ടി കളിച്ചത്. വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്‌മാനായ സഞ്ജു റിഷഭ് പന്തിന്‍റെയും കെഎല്‍ രാഹുലിന്‍റെയും നിഴലിലായതിനാല്‍ കൂടുതല്‍ അവസരം ലഭിച്ചിട്ടില്ല.