ലണ്ടന്‍: ഓൾറൗണ്ടർ ബെന്‍ സ്റ്റോക്‌സാണ് സഹതാരങ്ങളില്‍ മികച്ചയാളെന്ന് ഇംഗ്ലീഷ് പേസർ സ്റ്റുവര്‍ട്ട് ബ്രോഡ്. ഒരു മത്സരത്തിലെ എല്ലാ മേഖലകളിലും ബെന്‍ സ്റ്റോക്‌സ് സ്വാധീനം ചെലുത്തും. ഇതിലൂടെ സ്‌റ്റോക്‌സിന് മറ്റുള്ളവരെക്കാൾ മികച്ച പ്രകടനം കാഴ്‌ചവെക്കാന്‍ സാധിക്കുന്നു.
അതേസമയം എതിരാളികളില്‍ മികച്ചത് ഓസ്‌ട്രേലിയന്‍ ബാറ്റ്സ്‌മാന്‍ സ്‌റ്റീവ് സ്‌മിത്താണെന്നും ബ്രോഡ് പറഞ്ഞു. അദ്ദേഹത്തിന് എതിരെ മികച്ച രീതിയില്‍ പന്തെറിയാനുള്ള വഴികൾ താന്‍ ഇപ്പോഴും കണ്ടെത്തികൊണ്ടിരിക്കുകയാണ്. എപ്പോഴും വലിയ സ്‌കോർ ആഗ്രഹിക്കുന്നയാളാണ് സ്‌മിത്ത്. അതിനാല്‍ തന്നെ അദ്ദേഹം ബൗളേഴ്‌സിന്‍റെ ജോലി ആയാസം നിറഞ്ഞതാക്കുന്നുവെന്നും സ്റ്റുവർട്ട് ബ്രോഡ് പറഞ്ഞു.
2011 ഓഗസ്റ്റില്‍ അയർലെന്‍റിന് എതിരെയാണ് ബെന്‍ സ്റ്റോക്‌സ് തന്‍റെ ആദ്യ അന്താരാഷ്‌ട്ര മത്സരം കളിക്കുന്നത്. ഇതേവരെ കളിച്ച 184 അന്താരാഷ്‌ട്ര മത്സരങ്ങളില്‍ നിന്നായി 7,043 റണ്‍സ് സ്റ്റോക്‌സ് സ്വന്തമാക്കി. അതേസമയം സ്‌റ്റീവ് സ്‌മിത്ത് ഇതേവരെ 237 അന്താരാഷ്‌ട്ര മത്സരങ്ങളില്‍ നിന്നും 12,070 റണ്‍സ് സ്വന്തം പേരില്‍ കുറിച്ചു.