മുംബൈ: കൊവിഡിനെ തുടർന്ന് ക്രിക്കറ്റ് പുനരാരംഭിക്കുമ്പോൾ തനിക്കായി ഫിറ്റ്നസ് ടെസ്റ്റ് നടത്തണമെന്ന് ഓപ്പണർ രോഹിത് ശർമ. നേരത്തെ ടീം ഇന്ത്യയുടെ ന്യൂസിലന്‍ഡ് പര്യടനത്തിനിടെ പരിക്കേറ്റ് നിശ്ചിത ഓവർ ക്രിക്കറ്റിലെ ഉപനായകന്‍ കൂടിയായ രോഹിത് സ്വദേശത്തേക്ക് മടങ്ങി. ഇതേ തുടർന്ന് ഫിറ്റ്നസ് തെളിയിക്കാനൊ ടീമിന്‍റെ ഭാഗമാകാനോ അദ്ദേഹത്തിന് സാധിച്ചിരുന്നില്ല. ഫെബ്രുവരി രണ്ടാം തീയതി നടന്ന ടി20 മത്സരത്തിനിടെയാണ് ഹിറ്റ്മാന് പരിക്കേറ്റത്. നേരത്തെ ദേശീയ ക്രിക്കറ്റ് അക്കാദമിയില്‍ എത്തി ശാരീരിക ക്ഷമത തെളിയിക്കാന്‍ ശ്രമിച്ചെങ്കിലും ലോക്ക്‌ഡൗണ്‍ കാരണം പൂർത്തിയാക്കാന്‍ സാധിച്ചില്ല. ലാലിഗക്ക് വേണ്ടി ഫേസ്ബുക്ക് ലൈവില്‍ സംസാരിക്കുകയായിരുന്നു ഹിറ്റ്മാന്‍.
ഒരിക്കല്‍ ലോക്ക്‌ഡൗണ്‍ അവസാനിപ്പിച്ചാല്‍ വീണ്ടും ബെംഗളൂരുവിലെ എന്‍സിഎയില്‍ എത്തി ശാരീരിക ക്ഷമത തെളിയിക്കാമെന്ന പ്രതീക്ഷയിലാണ് അദ്ദേഹം. നിലവില്‍ രോഹിത് കുടുംബത്തോടൊപ്പം മുംബൈയിലാണ്. രാജ്യത്ത് കൊവിഡ് 19 ഏറ്റവും അധികം പ്രതികൂലമായി ബാധിച്ച പ്രദേശമാണ് മുംബൈ. അതിനാല്‍ തന്നെ രോഹിതിന് പുറത്തിറങ്ങി തുറന്ന ഗ്രൗണ്ടില്‍ പരിശീലനം നടത്താന്‍ കൂടുതല്‍ സമയമെടുത്തേക്കും. നിലവില്‍ വീട്ടിനുള്ളിലെ സൗകര്യങ്ങളാണ് അദ്ദേഹം പ്രയോജനപ്പെടുത്തുന്നത്. കൂടാതെ ഭാരം വർദ്ധിക്കാതിരിക്കാന്‍ ഭക്ഷണം നിയന്തിക്കുകയും ചെയ്യുന്നു. വീട്ടില്‍ 100 മീറ്ററോളം ഓടാനുള്ള സൗകര്യവും ചെറിയ ജിമ്മും പരിശീലനത്തിനായി രോഹിത് ശർമ ഒരുക്കിയിട്ടുണ്ട്.