മുംബൈ: ഇന്ത്യൻ ക്രിക്കറ്റ് ടീമിന്‍റെ മുഖ്യപരിശീലകനാകാൻ അപേക്ഷ അയച്ചവരുടെ എണ്ണം കണ്ട് ഞെട്ടിയിരിക്കുകയാണ് ബിസിസിഐ. ജൂലൈ 30ന് അപേക്ഷ അയക്കാനുള്ള അവസാന ദിനം കഴിഞ്ഞപ്പോൾ ഏകദേശം രണ്ടായിരത്തോളം അപേക്ഷകളാണ് ബിസിസിഐക്ക് ലഭിച്ചത്. വെസ്റ്റ് ഇൻഡീസ് പര്യടനത്തിന് ശേഷം നിലവിലെ പരിശീലകൻ രവി ശാസ്‌ത്രിയുടെയും സപ്പോർട്ടിങ് സ്റ്റാഫിന്‍റെയും കാലാവധി കഴിയുകയാണ്.
ഓസ്ട്രേലിയൻ മുൻ താരവും പരിശീലകനുമായ ടോം മൂഡി, ന്യൂസിലൻഡ് മുൻ പരിശീലകനും നിലവില്‍ കിങ്സ് ഇലവൻ പഞ്ചാബിന്‍റെ മുഖ്യപരിശീലകനുമായ മൈക്ക് ഹെസ്സൻ, ഇന്ത്യയുടെ മുൻ താരങ്ങളായ റോബിൻ സിങ്, ലാല്‍ചന്ദ് രജ്‌പുത് എന്നിവരും അപേക്ഷ സമർപ്പിച്ചിട്ടുണ്ട്. അതേസമയം ഇന്ത്യയുടെ പരിശീലകനാകാൻ ആഗ്രഹം പ്രകടിപ്പിച്ചിരുന്ന മഹേള ജയവർധനെ അപേക്ഷ സമർപ്പിച്ചിട്ടില്ലെന്നാണ് റിപ്പോർട്ടുകൾ. നിരവധി മുൻ താരങ്ങളുടെ ഏജന്‍റുമാർ അപേക്ഷ സമർപ്പിച്ചിട്ടുണ്ടെന്നും അപേക്ഷകൾ എല്ലാം വിലയിരുത്താൻ ബിസിസിഐ കൂടുതല്‍ സമയമെടുത്തേക്കുമെന്നും സൂചനയുണ്ട്.
ഫീല്‍ഡിങ് പരിശീലകനാകാൻ ദക്ഷിണാഫ്രിക്കൻ മുൻ താരം ജോണ്ടി റോഡ്‌സ് അടക്കമുള്ളവരും അപേക്ഷ സമർപ്പിച്ചിട്ടുണ്ട്. ഇന്ത്യൻ മുൻ നായകൻ കപില്‍ ദേവ്, മുൻ താരങ്ങളായ അൻഷുമാൻ ഗെയ്‌ക്‌വാദ്, ശാന്താ രംഗസ്വാമി എന്നിവരടങ്ങിയ ക്രിക്കറ്റ് ഉപദേശക സമിതിയാണ് ഇന്ത്യൻ പരിശീലകനെ തിരഞ്ഞെടുക്കുക.