ധാക്ക: പാകിസ്ഥാന്‍ പര്യടനത്തില്‍ രണ്ട് ടെസ്‌റ്റ് മത്സരങ്ങൾ കൂടി കളിക്കുന്ന കാര്യത്തില്‍ ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡ് ഇന്ന് തീരുമാനം എടുത്തേക്കും. ബിസിബി പ്രസിഡന്‍റ് നസ്മുൽ ഹസനാണ് ഇക്കാര്യം വ്യക്തമാക്കിയത്. രണ്ട് ടെസ്‌റ്റ് മത്സരങ്ങൾക്കായി മൂന്ന് ആഴ്ച്ചയോളം പാകിസ്ഥാനില്‍ തങ്ങുന്നതാണ് ബംഗ്ലാദേശിനെ പ്രതിസന്ധിയിലാക്കുന്നത്. ടെസ്‌റ്റ് മത്സരങ്ങൾ കളിക്കുന്നത് സംബന്ധിച്ച് പാക്കിസ്ഥാന്‍ ക്രിക്കറ്റ് ബോർഡാണ് ബിസിബിക്ക് ശുപാർശ സമർപ്പിച്ചത്. ലോക ടെസ്‌റ്റ് ചാമ്പ്യന്‍ഷിപ്പിന്‍റെ ഭാഗമായി രണ്ട് ടെസ്‌റ്റ് മത്സരം കളിക്കാമെന്നും ട്വന്‍റി-20 പരമ്പര ഓസ്‌ട്രേലിയയില്‍ ഈ വർഷം നടക്കുന്ന ലോകകപ്പിന് മുന്നോടിയായി കളിക്കാമെന്നുമുള്ള നിർദേശം പിസിബി മുന്നോട്ടുവെച്ചു.
പാകിസ്ഥാന്‍ പര്യടനത്തിന്‍റെ ഭാഗമായി ആദ്യം ട്വന്‍റി-20 മത്സരം നടത്താന്‍ ബിസിബി തീരുമാനിച്ചിരുന്നു. സുരക്ഷയെക്കുറിച്ചും പര്യടനത്തിന്‍റെ മറ്റ് വശങ്ങളെക്കുറിച്ചുമുള്ള കളിക്കാരുടെ അഭിപ്രായത്തിന്‍റെ അടിസ്ഥാനത്തിലാണ് നേരത്തെ ബോർഡ് ഈ തീരുമാനം എടുത്തത്. പര്യടനത്തിന്‍റെ ഭാഗമായുള്ള ടെസ്‌റ്റ് മത്സരങ്ങളെ കുറിച്ച് പിന്നീട് ആലോചിക്കാനും ബോർഡ് തീരുമാനിച്ചു.
കഴിഞ്ഞ വർഷം നടന്ന ശ്രീലങ്കന്‍ പര്യടനത്തില്‍ പാകിസ്ഥാൻ ആതിഥേയത്വം വഹിച്ചിരുന്നു. ഈ വർഷം ബിസിബി പര്യടനത്തിന് അംഗീകാരം നൽകിയാൽ, 2009 ൽ ശ്രീലങ്കൻ ടീമിനെതിരായ ഭീകരാക്രമണത്തിന് ശേഷം പാകിസ്ഥാനില്‍ പര്യടനം നടത്തുന്ന രണ്ടാമത്തെ രാജ്യമായി ബംഗ്ലാദേശ് മാറും. നേരത്തെ ശ്രീലങ്കയാണ് പാകിസ്ഥാനില്‍ പര്യടനം നടത്തിയത്.