കൊച്ചി: വാതുവെപ്പുമായി ബന്ധപ്പെട്ട് ബിസിസിഐ 2013-ല്‍ വിലക്കിയതിനെ തുടര്‍ന്ന് ആത്മഹത്യ ചെയ്യാൻ തോന്നിയിരുന്നതായി മലയാളി ക്രിക്കറ്റ് താരം എസ് ശ്രീശാന്ത്. വിലക്ക് ഈ സെപ്റ്റംബറില്‍ അവസാനിക്കുന്ന പശ്ചാത്തലത്തില്‍ അന്നത്തെ ചിന്തകള്‍ ഓര്‍മിച്ചെടുക്കുകയായിരുന്നു മുൻ ഇന്ത്യന്‍ പേസര്‍. 2013-ല്‍ താന്‍ തുടര്‍ച്ചയായി ആത്മഹത്യയെ കുറിച്ച് ചിന്തിച്ചു. അത്തരം ചിന്തകളില്‍ നിന്നും മോചനം നേടാനായി നിരന്തരം യുദ്ധം ചെയ്യേണ്ടിവന്നു. അന്ന് കുടുംബത്തില്‍ നിന്നാണ് മനസമാധാനം ലഭിച്ചത്. ഞാന്‍ കുടുംബത്തോട് ചേര്‍ന്ന് നിന്നു. അവര്‍ക്ക് എന്നെ ആവശ്യമുണ്ടെന്ന് അറിയാമായിരുന്നുവെന്നും 2011-ലെ ലോകകപ്പ് ജേതാക്കളായ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്‍റെ ഭാഗമായിരുന്ന ശ്രീശാന്ത് പറഞ്ഞു.
നേരത്തെ ബോളിവുഡ് അഭിനേതാവ് സുശാന്ത്‌സിംഗ് രജപുതിന്‍റെ മരണത്തെ തുടര്‍ന്നുള്ള വിവാദങ്ങളോട് പ്രതികരിച്ചും ശ്രീശാന്ത് രംഗത്ത് വന്നിരുന്നു. സുശാന്തിന്‍റെ മരണത്തില്‍ വിവാദ പരാമര്‍ശം നടത്തുന്നവരുടെ മുഖം പോലും കാണേണ്ടെന്ന നിലപാടാണ് അന്ന് ശ്രീശാന്ത് സാമൂഹ്യമാധ്യമം വഴി സ്വീകരിച്ചത്. അനാവശ്യമായ വാര്‍ത്തകളാണ് സുശാന്തിനെ കുറിച്ച് പ്രചരിക്കുന്നത്. അവന്‍റെ ആത്മാവിനെങ്കിലും ശാന്തി ലഭിക്കട്ടെ. ഒരിക്കലും ജീവിതത്തില്‍ തോറ്റ് പിന്‍മാറരുതെന്നും എന്തുണ്ടെങ്കിലും മാതാപിതാക്കളോടും സുഹൃത്തുക്കളോടും സംസാരിക്കണമെന്നും സ്വയം ഉറച്ച് വിശ്വസിക്കണമെന്നും അന്ന് ശ്രീശാന്ത് പറഞ്ഞു.
വാതുവെപ്പുമായി ബന്ധപ്പെട്ട് 2013 മുതലാണ് ശ്രീശാന്തിനെ ബിസിസിഐ ക്രിക്കറ്റില്‍ നിന്നും വിലക്കിയത്. വാതുവെപ്പ് സംഘങ്ങളുമായി ചേര്‍ന്ന് ഒത്തുകളിച്ചെന്ന് ആരോപിച്ച് ശ്രീശാന്ത് ഉള്‍പ്പെടെ മൂന്ന് രാജസ്ഥന്‍ റോയല്‍സ് താരങ്ങളെ ഡല്‍ഹി പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. തുടര്‍ന്ന് ശ്രീശാന്തിനെ സസ്‌പെന്‍ഡ് ചെയ്ത ബിസിസിഐ അന്വേഷണത്തിന് ഉത്തരവിട്ടു. എന്നാല്‍ തെളിവില്ലെന്ന് കണ്ടെത്തിയ പാട്യാല കോടതി അദ്ദേഹത്തെ കുറ്റവിമുക്തനാക്കി. എന്നാല്‍ ബിസിസിഐ വിലക്ക് നീക്കാന്‍ തയ്യാറായില്ല. പിന്നീട് സുപ്രീം കോടതി ഇടപെടലിനെ തുടര്‍ന്ന് ബിസിസിഐ ഓംബുഡ്‌സ്മാന്‍ ആജീവനാന്ത വിലക്ക് ഏഴ് വര്‍ഷമായി ചുരുക്കി. ഈ വിലക്കാണ് ഇപ്പോള്‍ സെപ്റ്റംബറില്‍ അവസാനിക്കാനിരിക്കുന്നത്. വിലക്ക് അവസാനിക്കുന്ന പശ്ചാത്തലത്തില്‍ ശ്രീശാന്തിനെ രഞ്ജി ട്രോഫിക്കുള്ള കേരളാ ടീമില്‍ ഉള്‍പ്പെടുത്തുമെന്നാണ് കെസിഎ നിലപാട്. നിലവില്‍ 37 വയസുള്ള ശ്രീശാന്ത് ഇതിനകം ഇന്ത്യന്‍ ടീമില്‍ കളിക്കാനും ആഗ്രഹം പ്രകടിപ്പിച്ചിട്ടുണ്ട്.