ലണ്ടൻ: 2019 ആഷസ് ടെസ്റ്റ് പരമ്പരക്ക് ഇന്ന് എഡ്‌ജ്‌ബാസ്റ്റൺ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ തുടക്കമാകും. ഇന്ത്യൻ സമയം വൈകിട്ട് 3.30 നാണ് ടെസ്റ്റ് ക്രിക്കറ്റിലെ എക്കാലത്തെയും മികച്ച പോരാട്ടത്തിന് തുടക്കം കുറിക്കുന്നത്. പരമ്പരയിലെ ആദ്യ മത്സരത്തോടെ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിന്‍റെ ഉദ്ഘാടനവും നടക്കും.
കഴിഞ്ഞ പരമ്പരയില്‍ ഓസ്ട്രേലിയയോട് പരാജയപ്പെട്ട ഇംഗ്ലണ്ട് ഇത്തവണ കിരീടം തിരിച്ചുപിടിക്കാനുള്ള ശ്രമത്തിലാണ്. രണ്ടാഴ്ചക്ക് മുമ്പ് ലോകകപ്പ് നേടിയതും 2001ന് ശേഷം ഓസ്ട്രേലിയക്ക് ഇംഗ്ലണ്ടില്‍ പരമ്പര നേടാനായിട്ടില്ലെന്നതും ഇംഗ്ലണ്ടിന് ആത്മവിശ്വാസം പകരുന്നു. അതേസമയം ഓസ്ട്രേലിയ 4-0 ന് കിരീടം സ്വന്തമാക്കിയ ആത്മവിശ്വാസത്തോടെയാണ് ഇറങ്ങുന്നത്. പന്ത് ചുരണ്ടല്‍ വിവാദത്തിന് ശേഷം സ്റ്റീവ് സ്മിത്ത്, ഡേവിഡ് വാർണർ, കാമറൂൺ ബാൻക്രോഫ്റ്റ് എന്നിവരുടെ ടെസ്റ്റിലേക്കുള്ള തിരിച്ചുവരവ് കൂടിയാണ് ആഷസ് പരമ്പര.


1882ല്‍ ഇംഗ്ലണ്ടില്‍ പര്യടനത്തിലെത്തിയ ഓസ്ട്രേലിയൻ ടീം ഓവലില്‍ ഇംഗ്ലണ്ടിനെ തോല്‍പ്പിച്ചപ്പോൾ ദ സ്പോർട്ടിങ് ടൈംസ് എന്ന ബ്രിട്ടീഷ് പത്രം നല്‍കിയ വാർത്തയില്‍ നിന്നാണ് ആഷസ് പരമ്പരയുടെ തുടക്കം. "തോറ്റ ഇംഗ്ലണ്ട് ടീമിന്‍റെ ശരീരം ഇവിടെ ദഹിപ്പിക്കും. ചിതാഭസ്മം ഓസ്ട്രേലിയയിലേക്ക് കൊണ്ടുപൊകും." എന്നാണ് സ്പോർടിങ് ടൈംസ് എഴുതിയത്. അടുത്ത വർഷം ഇംഗ്ലണ്ട് ഓസ്ട്രേലിയയിലെത്തി പരമ്പര നേടിയപ്പോൾ അന്നത്തെ ഇംഗ്ലണ്ട് നായകൻ ഇവോ ബ്ലിഗിന്‍റെ ഭാര്യ ഫ്ലോറൻസ് മോർഫിയുടെ നേതൃത്വത്തില്‍ ഒരുകൂട്ടം വനിതകൾ അവസാന മത്സരത്തിന് ഉപയോഗിച്ച ബെയില്‍സ് കത്തിച്ച് ചാരമാക്കി ഒരു ചെറിയ ചെപ്പിലടച്ച് ഇംഗ്ലണ്ട് ടീമിന് സമ്മാനിച്ചു. ഇതാണ് പില്‍കാലത്ത് ആഷസ് ട്രോഫിയായി കണക്കാക്കുന്നത്.

ടെസ്റ്റ് ക്രിക്കറ്റില്‍ മാറ്റങ്ങളുടെ തുടക്കം കൂടിയാണ് ഇന്ന്. ഏകദിന മത്സരങ്ങളിലെ പോലെ ടെസ്റ്റ് മത്സരങ്ങളിലും ജേഴ്സിയില്‍ താരങ്ങളുടെ പേരും നമ്പരും ഇന്ന് മുതല്‍ ഉപയോഗിച്ച് തുടങ്ങും. സമ്മിശ്ര പ്രതികരണമാണ് പുതിയ മാറ്റത്തിന് ആരാധകർക്കിടയിലുള്ളത്.
സാധ്യതാ ടീം
ഇംഗ്ലണ്ട്:- ജേസണ്‍ റോയ്, റോറി ബേണ്‍സ്, ജോ റൂട്ട്, ജോ ഡെന്‍ലി, ജോസ് ബട്‌ലര്‍, ബെന്‍ സ്‌റ്റോക്‌സ്, ജോണി ബെയര്‍സ്‌റ്റോ, മൊയീന്‍ അലി, ക്രിസ് വോക്‌സ്, സ്റ്റുവർട്ട് ബ്രോഡ്, ജയിംസ് ആന്‍ഡേഴ്‌സണ്‍
ഓസ്‌ട്രേലിയ:- ഡേവിഡ് വാര്‍ണര്‍, കാമറൂണ്‍ ബാന്‍ക്രോഫ്‌റ്റ്, ഉസ്‌മാന്‍ ഖ്വാജ, സ്‌റ്റീവ് സ്‌മിത്ത്, ട്രവിസ് ഹെഡ്/മിച്ചല്‍ മാര്‍ഷ്, മാത്യു വേഡ്, ടിം പെയ്‌ന്‍, പാറ്റ് കമ്മിന്‍സ്, ജയിംസ് പാറ്റിന്‍സണ്‍, നഥാന്‍ ലിയോണ്‍, പീറ്റര്‍ സിഡില്‍/ജോഷ് ഹേസില്‍വുഡ്