ലാഹോർ: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ബൗളിങ് പരിശീലകനാകാന്‍ താല്പര്യമുണ്ടെന്ന് തുറന്ന് സമ്മതിച്ച് മുന്‍ പാകിസ്ഥാന് പേസർ ഷുഹൈബ് അക്തർ. ഒരു അഭിമുഖത്തിലാണ് അക്തർ ഇക്കാര്യം വ്യക്തമാക്കിയത്. കരിയറില്‍ സ്വന്തമാക്കിയ പാഠങ്ങൾ ഇന്ത്യന്‍ ബൗളേഴ്സുമായി പങ്കുവെക്കാന്‍ മടിയില്ലെന്ന് അദ്ദേഹം പറഞ്ഞു. താന്‍ പഠിച്ച പാഠങ്ങൾ മറ്റുള്ളവരുമായി പങ്കുവെക്കുന്നതില്‍ ഒരിക്കലും മടി കാണിച്ചിട്ടില്ല. അറിവ് പങ്കുവെക്കുകയാണ് എന്റെ ജോലി. ബാറ്റ്സ്മാന്മാരോട് സൗമ്യമായി പെരുമാറുന്നവരെയല്ല,മറിച്ച് കൂടുതല്‍ ആക്രമണോത്സുകരും വേഗതയുള്ളവരും വായാടികളുമായ ബൗളേഴ്സിനെ വളർത്തികൊണ്ടുവരാനാണ് താന്‍ ആഗ്രഹിക്കുന്നത് എന്നും ഷുഹൈബ് അക്തർ പറഞ്ഞു.
നേരത്തെ കൊവിഡ് 19-ന് എതിരായ പോരാട്ടത്തിനായുള്ള ധനസമാഹരണത്തിന്റെ ഭാഗമായി ഇന്ത്യയും പാകിസ്ഥാനും തമ്മില്‍ ക്രിക്കറ്റ് മത്സരം സംഘടിപ്പിക്കണമെന്ന ആശയവുമായി അക്തർ മുന്നോട്ട് വന്നിരുന്നു. എന്നാല്‍ അതിനെ എതിർത്തുകൊണ്ട് മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന് കപില്‍ദേവ് രംഗത്ത് വന്നിരുന്നു.