മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ടീം സെലക്‌ടറാവാന്‍ അപേക്ഷ നല്‍കി മുന്‍ ഇന്ത്യന്‍ പേസർ അജിത് അഗാർക്കർ. അദ്ദേഹം ഇക്കാര്യം മാധ്യമങ്ങൾക്ക് മുന്നില്‍ വ്യക്തമാക്കി. മുംബൈ സീനിയർ ടീമിന്‍റെ സിലക്ഷൻ കമ്മിറ്റി ചെയർമാനായിരുന്നു അജിത് അഗാർക്കർ.
ഇന്ത്യന്‍ ടീമില്‍ ഏറെ കാലം കളിച്ചിട്ടുള്ളതും കൂടുതല്‍ യോഗ്യതയുള്ളതുമായ അപേക്ഷകന്‍ അഗാർക്കറാണ്. അദ്ദേഹം ഇന്ത്യക്കായി 26 ടെസ്‌റ്റ് മത്സരങ്ങളും 191 ഏകദിന മത്സരങ്ങളും മൂന്ന് ടി20 മത്സരങ്ങളും കളിച്ചിട്ടുണ്ട്. ഏകദിന മത്സരങ്ങളിലെ ഇന്ത്യയുടെ മൂന്നാമത്തെ വലിയ വിക്കറ്റ് വേട്ടക്കാരനാണ് ഈ മുന്‍ ഇന്ത്യന്‍ താരം. 288 വിക്കറ്റുകളാണ് ഏകദിന മത്സരങ്ങളില്‍ നിന്നും അഗാർക്കർ സ്വന്തം പേരില്‍ കുറിച്ചത്. അനില്‍ കുംബ്ലൈയാണ് പട്ടകയില്‍ ഒന്നാമത്. 334 വിക്കറ്റുകളാണ് കുംബ്ലൈയുടെ പേരിലുള്ളത്. രണ്ടാം സ്ഥാനത്ത് ജവഹല്‍ ശ്രീനാഥാണ്. 315 വിക്കറ്റുകളാണ് ശ്രീനാഥിന്‍റെ പേരില്‍ ഉള്ളത്.
മുൻ ഇന്ത്യൻ ലെഗ് സ്പിന്നർ എൽ. ശിവരാമകൃഷ്ണൻ, മുൻ വിക്കറ്റ് കീപ്പർ നയൻ മോംഗിയ, ബാറ്റ്സ്മാനായിരുന്ന അമയ് ഖുറാസിയ, ഓഫ് സ്പിന്നർ രാജേഷ് ചൗഹാൻ എന്നിവരാണ് സെലക്‌ടറാകാൻ അപേക്ഷ സമർപ്പിച്ച മറ്റു പ്രമുഖർ. ജനുവരി 24 ആയിരുന്നു അപേക്ഷ നല്‍കാനുള്ള അവസാന ദിവസം. മുന്‍ സെലക്‌ടർ എംഎസ്‌കെ പ്രസാദ് ഉൾപ്പെടെയുള്ളവരുടെ ഒഴിവിലേക്കാണ് ഇപ്പോൾ ബിസിസിഐ അപേക്ഷ വിളിച്ചിരിക്കുന്നത്.