സതാംപ്‌ടൺ: പാകിസ്ഥാന് എതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇംഗ്ലണ്ട് ഭേദപ്പെട്ട നിലയില്‍. ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ഇംഗ്ലണ്ടിന് മുൻനിര വിക്കറ്റുകൾ വളരെ വേഗം നഷ്ടമായെങ്കിലും കന്നി ടെസ്റ്റ് സെഞ്ച്വറിയുമായി പിടിച്ചു നിന്ന സാക് ക്രാവ്‌ലിയാണ് ഇംഗ്ലണ്ടിനെ തകർച്ചയില്‍ നിന്ന് കരകയറ്റിയത്. ഒടുവില്‍ വിവരം ലഭിക്കുമ്പോൾ നാല് വിക്കറ്റിന് 201 റൺസ് എന്ന നിലയിലാണ് ഇംഗ്ലണ്ട്. ക്രാവ്‌ലി 111 റൺസോടെയും വിക്കറ്റ് കീപ്പർ ബാറ്റ്‌സ്‌മാൻ ജോസ് ബട്‌ലർ 25 റൺസോടെയും ക്രീസിലുണ്ട്. 22 കാരനായ ക്രാവ്‌ലി ഏഴാം ടെസ്റ്റ് മത്സരത്തിലാണ് കന്നി സെഞ്ച്വറി നേടുന്നത്.
ഓപ്പണർമാരായ റോറി ബേൺസ് ആറ് റൺസോടെയും സിബ്‌ലി 22 റൺസെടുത്തും പുറത്തായി. നായകൻ ജോ റൂട്ട് 29 റൺസെടുത്തും ഒലി പോപ്പ് മൂന്ന് റൺസെടുത്തും പുറത്തായി. പാകിസ്ഥാന് വേണ്ടി യാസിർ ഷാ രണ്ടു വിക്കറ്റും ഷാഹീൻ അഫ്രീദി, നസീം ഷാ എന്നിവർ ഓരോ വിക്കറ്റും നേടി. മൂന്ന് ടെസ്റ്റുകളുടെ പരമ്പരയിലെ ആദ്യ ടെസ്റ്റ് ഇംഗ്ലണ്ട് ജയിച്ചപ്പോൾ രണ്ടാം ടെസ്റ്റ് മഴയില്‍ മുങ്ങി സമനിലയിലായിരുന്നു. ഇംഗ്ലണ്ട് പര്യടനത്തില്‍ പാകിസ്ഥാൻ മൂന്ന് ടി-20 മത്സരങ്ങളും കളിക്കും.