സിഡ്‌നി : ഇന്ത്യൻ വനിത ക്രിക്കറ്റ് ടീമിന്‍റെ ഓസ്ട്രേലിയൻ പര്യടനത്തില്‍ മാറ്റങ്ങള്‍ക്ക് സാധ്യത. രാജ്യത്ത് കൊവിഡ് കേസുകള്‍ ഉയരുന്നതിനെ തുടര്‍ന്ന് സിഡ്‌നിയിലും മെൽബണിലും ഏര്‍പ്പെടുത്തിയിട്ടുള്ള ലോക്ക്‌ഡൗണിന്‍റെ പശ്ചാത്തലത്തിലാണ് തീരുമാനം.
മൂന്ന് വീതം ഏകദിന, ടി20 മത്സരങ്ങളും ഒരു ഡേ-നൈറ്റ് ടെസ്റ്റുമടങ്ങിയ പരമ്പര അടുത്ത മാസമാണ് നിശ്ചയിച്ചിരുന്നത്. മുന്‍ നിശ്ചയിച്ച പ്രകാരം സെപ്റ്റംബര്‍ 19ന് സിഡ്‌നിയിലാണ് ആദ്യ ഏകദിനം നടക്കേണ്ടിയിരുന്നത്. തുടര്‍ന്നുള്ള മത്സരങ്ങള്‍ക്ക് മെൽബണും പെര്‍ത്തുമാണ് വേദി.
പരമ്പര പൂര്‍ണമായി മാറ്റിയില്ലെങ്കിലും മെൽബണിലും സിഡ്‌നിയിലും നടക്കേണ്ട മത്സരങ്ങള്‍ മാറ്റിയേക്കുമെന്നാണ് റിപ്പോര്‍ട്ട്. ഇതുസംബന്ധിച്ച് ക്രിക്കറ്റ് ഓസ്ട്രേലിയ സര്‍ക്കാറുമായി ചര്‍ച്ച നടത്തുന്നുണ്ട്.
'സിഡ്‌നിയിലും മെൽബണിലും കൊവിഡ് നിയന്ത്രണങ്ങളുള്ളതിനാല്‍ മത്സരങ്ങള്‍ നടത്തുക പ്രയാസമാണ്. എവിടെയാണ് ഏഴ് മത്സരങ്ങളും നടത്താനാവുകയെന്നത് സംബന്ധിച്ച് സര്‍ക്കാറുമായി ചര്‍ച്ചയിലാണ്. വൈകാതെ തന്നെ ഇത് സംബന്ധിച്ച പ്രഖ്യാപനമുണ്ടാവും' - ക്രിക്കറ്റ് ഓസ്ട്രേലിയ പ്രസ്‌താവനയില്‍ വ്യക്തമാക്കി.
also read: ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് : പോയിന്‍റ് പട്ടികയില്‍ ഇന്ത്യ ഒന്നാമത്
അതേസമയം പര്യടനത്തിനായി ഞായറാഴ്ചയാണ് ഓസ്‌ട്രേലിയയിലേക്ക് ഇന്ത്യന്‍ ടീം പുറപ്പെടുക. ഓസ്ട്രേലിയയിലെ കൊവിഡ് മാനദണ്ഡങ്ങളനുസരിച്ച് രാജ്യത്തിന് പുറത്ത് നിന്നെത്തുന്നവര്‍ രണ്ടാഴ്ചത്തെ ക്വാറന്‍റൈനില്‍ കഴിയേണ്ടതുണ്ട്.
18 അംഗങ്ങൾ അടങ്ങിയ ടെസ്റ്റ്, ഏകദിന ടീമിനെ മിതാലി രാജും 17 താരങ്ങൾ അടങ്ങിയ ടി20 ടീമിനെ ഹർമൻപ്രീത് കൗറുമാണ് നയിക്കുക.