ഹൈദരാബാദ്: കുട്ടി ക്രിക്കറ്റിലെ സ്‌ഫോടാനാത്മക പ്രകടനത്തോടെയാണ് വെസ്റ്റ് ഇൻഡീസ് ബാറ്റര്‍ ക്രിസ് ഗെയ്‌ൽ 'യൂണിവേഴ്‌സ് ബോസ്' എന്ന വിളിപ്പേര് നേടിയെടുത്തത്. ഏകദിനത്തിലും ടെസ്റ്റിലും സ്ഥിരതയോടെ കളിക്കാന്‍ ആയില്ലെങ്കിലും ടി20 ക്രിക്കറ്റിൽ ബോളര്‍മാരുടെ പേടി സ്വപ്‌നമായിരുന്നു ക്രിസ് ഗെയ്‌ല്‍. ഫോർമാറ്റിൽ 462 മത്സരങ്ങളിൽ നിന്ന് 22 സെഞ്ചുറികളും 88 അര്‍ധ സെഞ്ചുറികളും ഉള്‍പ്പെടെ 14,562 റൺസ് അടിച്ച് കൂട്ടിയ ഗെയ്‌ല്‍ ഫോര്‍മാറ്റിലെ റണ്‍വേട്ടക്കാരുടെ പട്ടികയില്‍ ബഹുദൂരം മുന്നിലാണ്. ഇതടക്കമുള്ള നിരവധി നേട്ടങ്ങള്‍ക്കൊപ്പം ടി20 ഫോർമാറ്റിലെ ഏറ്റവും ഉയര്‍ന്ന വ്യക്തിഗ സ്‌കോര്‍ എന്ന റെക്കോഡും 43കാരന്‍റെ പേരിലാണ്.
ഐപിഎല്ലിന്‍റെ 2013 പതിപ്പിൽ പൂനെ വാരിയേഴ്‌സിനെതിരെ 66 പന്തില്‍ പുറത്താവാതെ 175 റണ്‍സ് നേടിയാണ് ഗെയ്‌ല്‍ റെക്കോഡിട്ടത്. പിന്നീട് ആരോൺ ഫിഞ്ച് (172), ഹാമിൽട്ടൺ മസകാഡ്‌സ (162*), ബ്രണ്ടൻ മക്കല്ലം (158*), ഡെവാൾഡ് ബ്രെവിസ് (162) എന്നിവർ അടുത്തെത്തിയെങ്കിലും ലോകമെമ്പാടുമുള്ള വമ്പൻ ഹിറ്റർമാർക്കൊന്നും ഈ റെക്കോർഡ് മറികടക്കാൻ കഴിഞ്ഞില്ല. ഇന്ത്യയുടെ സൂര്യകുമാര്‍ യാദവ്, ഇംഗ്ലണ്ട് നായകന്‍ ജോസ് ബട്‌ലര്‍ തുടങ്ങിയ താരങ്ങള്‍ക്ക് ഗെയ്‌ലിന്‍റെ റെക്കോഡ് പൊളിക്കാന്‍ കഴിയുമെന്നാണ് ആരാധകരുടെ വിശ്വാസം.
എന്നാല്‍ ഇപ്പോഴിതാ തന്‍റെ വമ്പന്‍ റെക്കോഡ് തകര്‍ക്കാന്‍ കഴിയുന്ന താരത്തെ തെരഞ്ഞെടുത്ത് സാക്ഷാല്‍ ഗെയ്‌ല്‍ തന്നെ രംഗത്ത് വന്നിരിക്കുകയാണ്. ഇന്ത്യന്‍ താരം കെഎൽ രാഹുലിന് നേരെയാണ് ക്രിസ് ഗെയ്ൽ വിരല്‍ ചൂണ്ടിയിരിക്കുന്നത്. റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനും പിന്നീട് പഞ്ചാബ് കിങ്‌സിനും വേണ്ടി ഒന്നിച്ച് കളിച്ചിട്ടുള്ള താരങ്ങളാണ് ഗെയ്‌ലും രാഹുലും.
ഒരു വലിയ സെഞ്ചുറി നേടാന്‍ കഴിഞ്ഞാല്‍ തന്‍റെ റെക്കോഡ് തകര്‍ക്കാന്‍ രാഹുലിന് കഴിയുമെന്ന് വിന്‍ഡീസിന്‍റെ ഇതിഹാസ താരം പറഞ്ഞു. "ടി20 ഫോര്‍മാറ്റിലെ ഏറ്റവും ഉയര്‍ന്ന വ്യക്തിഗത സ്‌കോറെന്ന റെക്കോഡ് തകര്‍ക്കാന്‍ കെഎല്‍ രാഹുലിന് കഴിയുമെന്നാണ് ഞാന്‍ കരുതുന്നത്. അവന്‍റെ ദിവസം, അവന് അത് ചെയ്യാൻ കഴിയും.
ഇത്രയും വലിയ സ്കോർ നേടാനുള്ള രാഹുലിന്‍റെ കഴിവിൽ അവന്‍ വിശ്വസിക്കുമെന്ന് ഞാൻ കരുതുന്നില്ല. പക്ഷേ ഞാൻ പറയുന്നത് ശ്രദ്ധിക്കുക, നമ്മളെല്ലാവരും കെഎല്‍ രാഹുലിന്‍റെ കളി കണ്ടിട്ടുണ്ട്. അവൻ തീരുമാനിച്ചുവെങ്കിൽ, മികച്ച തുടക്കം ലഭിച്ചാല്‍ ആ നിലയിലേക്ക് ബാറ്റ് ചെയ്യാന്‍ അവന് കഴിയും.
കാരണം 15 മുതൽ 20 ആം ഓവർ വരെ എത്തുമ്പോള്‍ ഏറെ അപകടകാരിയാണ് അവന്‍. ഡെത്ത് ഓവറുകളില്‍ കൂടുതല്‍ റണ്‍സടിച്ചെടുക്കാന്‍ രാഹുലിന് കഴിയും. ഒരു മികച്ച തുടക്കം ലഭിക്കുകയും ഒരു വലിയ സെഞ്ചുറി നേടുകയും ചെയ്‌താല്‍ 175 റണ്‍സെന്ന എന്‍റെ റെക്കോഡ് അവന്‍ മറികടക്കുക തന്നെ ചെയ്യും", ഗെയ്ൽ വ്യക്തമാക്കി. റെക്കോഡുകള്‍ തകര്‍ക്കപ്പെടാനുള്ളതാണെന്നും ഗെയ്‌ല്‍ കൂട്ടിച്ചേര്‍ത്തു.