ഐപിഎല്ലിലെ ഏക്കാലത്തേയും മികച്ച ബാറ്റര്‍മാരില്‍ ഒരാളാണ് വെസ്റ്റ് ഇന്‍ഡീസിന്‍റെ മുന്‍ ക്യാപ്റ്റന്‍ ക്രിസ് ഗെയ്‌ല്‍. 'യൂണിവേഴ്‌സല്‍ ബോസ്' എന്ന വിശേഷണമുള്ള ഗെയ്‌ല്‍ ഐപിഎല്ലിന്‍റെ ഇതേവരെയുള്ള 15ല്‍ 13 സീസണുകളിലും കളിച്ചിട്ടുണ്ട്. ലോകത്തിലെ ഏറ്റവും സമ്പന്നമായ ഫ്രാഞ്ചൈസി ലീഗില്‍ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ്, റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ, പഞ്ചാബ് കിങ്‌സ് എന്നീ ടീമുകളെയാണ് ഇടങ്കയ്യന്‍ ബാറ്റര്‍ പ്രതിനിധീകരിച്ചിച്ചുള്ളത്.
ബോളര്‍മാരുടെ പേടി സ്വപ്‌നമായിരുന്ന താരം ഐപിഎൽ ചരിത്രത്തിലെ ഏറ്റവും കൂടുതൽ സിക്‌സറുകൾ ഉള്‍പ്പെടെ നിരവധി റെക്കോഡുകള്‍ സ്വന്തം പേരിലാക്കിയിട്ടുണ്ട്. 142 മത്സരങ്ങളിൽ നിന്ന് 357 സിക്‌സറുകള്‍ പറത്തിയാണ് ഗെയ്‌ല്‍ റെക്കോഡിട്ടത്. പട്ടികയിൽ രണ്ടാം സ്ഥാനത്തുള്ള എബി ഡിവില്ലിയേഴ്‌സ് 251 സിക്‌സുകള്‍ മാത്രമാണ് നേടിയിട്ടുള്ളത്.
ഐപിഎല്ലിലെ മുന്‍നിര ബോളര്‍മാരില്‍ മിക്കവരും ഗെയ്‌ലിന്‍റെ ബാറ്റിന്‍റെ ചൂടറിഞ്ഞിട്ടുണ്ട്. എന്നാല്‍ തന്നെ വെള്ളം കുടിപ്പിച്ച ഒരു ബോളറുണ്ടെന്നാണ് 43കാരനായ ഗെയ്‌ല്‍ വെളിപ്പെടുത്തിയിരിക്കുന്നത്. ലീഗില്‍ ഏറ്റവും കൂടുതല്‍ തവണ കരീബിയന്‍ താരത്തെ പുറത്താക്കിയത് ഇന്ത്യന്‍ സ്‌പിന്നര്‍മാരായ ആര്‍ അശ്വിനും ഹര്‍ഭജന്‍ സിങ്ങുമാണ്.
അഞ്ച് തവണ വീതമാണ് ഇരുവരും ഗെയ്‌ലിനെ പുറത്താക്കിയിട്ടുള്ളത്. എന്നാല്‍ ഒരിക്കല്‍ പോലും പുറത്താക്കിയിട്ടില്ലാത്ത മറ്റൊരു ബോളറാണ് തന്നെ പ്രയാസപ്പെടുത്തിയതെന്നാണ് ഗെയ്‌ല്‍ പറഞ്ഞിരിക്കുന്നത്. ഇന്ത്യന്‍ പേസര്‍ ജസ്‌പ്രീത് ബുംറയാണ് ഐപിഎല്ലില്‍ തന്നെ ഏറ്റവും കൂടുതല്‍ വെള്ളം കുടിപ്പിച്ച ബോളറെന്ന് ഗെയ്‌ല്‍ ഒരു ചാറ്റ് ഷോയില്‍ വെളിപ്പെടുത്തിയത്.
"അത് ബുംറയാണ്. ഭാജിയെയോ അശ്വിനെയോ പോലെ ഒരു ഓഫ് സ്‌പിന്നറെ ഞാന്‍ തെരഞ്ഞെടുക്കില്ല. തീര്‍ച്ചയായും ബുംറയാണത്. അവന്‍റെ സ്ലോ ബാള്‍ കളിക്കാന്‍ ഏറെ പ്രയാസമാണ്, വേരിയഷനുകള്‍ അസാധാരണമാണ്", ഗെയ്‌ല്‍ പറഞ്ഞു.
ഗെയ്‌ലും ബുംറയും ഐപിഎല്ലില്‍ 10 തവണയാണ് നേര്‍ക്കുനേര്‍ എത്തിയത്. എന്നാല്‍ ഒരിക്കല്‍ പോലും ഗെയ്‌ലിനെ പുറത്താക്കാന്‍ 29കാരനായ ബുംറയ്‌ക്ക് കഴിഞ്ഞിട്ടില്ല. ഗെയിലിനു നേരെ എറിഞ്ഞ 48 പന്തുകളില്‍ 37 റണ്‍സ് മാത്രമാണ് ബുംറ വഴങ്ങിയത്.
ALSO READ: ഓസീസിനെതിരായ ആദ്യ ടെസ്റ്റില്‍ നിന്നും ശ്രേയസ് അയ്യര്‍ പുറത്ത്; ഗില്‍ മധ്യനിരയിലേക്ക്?