ബെംഗളൂരു : ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിന് പിന്നാലെ ഇന്ത്യൻ ടെസ്റ്റ് ടീമിൽ നിന്ന് പുറത്തായി ദിവസങ്ങൾക്കുള്ളിൽ, ആഭ്യന്തര ക്രിക്കറ്റിൽ തകർപ്പൻ സെഞ്ച്വറിയുമായി തിളങ്ങി ചേതേശ്വർ പുജാര. ദുലീപ് ട്രോഫിയിൽ സെൻട്രൽ സോണിനെതിരായ സെമി ഫൈനലിന്‍റെ രണ്ടാം ഇന്നിങ്‌സിലാണ് പുജാര തകർപ്പൻ സെഞ്ച്വറിയുമായി കളം നിറഞ്ഞത്. വെസ്റ്റ് സോണിനായി കളിക്കുന്ന താരം നിലവിൽ 266 പന്തിൽ 14 ഫോറും ഒരു സിക്‌സും സഹിതം 132 നേടി പുറത്താകാതെ നിൽക്കുകയാണ്.
മൂന്നാം ദിവസം മഴ തടസപ്പെടുത്തിയതോടെ നിർത്തി വച്ചിരിക്കുന്ന മത്സരത്തിൽ വെസ്റ്റ് സോണ്‍ 90 ഓവറിൽ എട്ട് വിക്കറ്റ് നഷ്‌ടത്തിൽ 291 റണ്‍സ് എന്ന നിലയിലാണ്. നിലവിൽ വെസ്റ്റ് സോണിന് ആകെ 383 റണ്‍സിന്‍റെ ലീഡുണ്ട്. ആദ്യ ഇന്നിങ്‌സിൽ വെസ്റ്റ് സോണ്‍ 220 റണ്‍സിന് ഓൾഔട്ട് ആവുകയായിരുന്നു. എന്നാൽ മറുപടി ബാറ്റിങ്ങിനിറങ്ങിയ സെൻട്രൽ സോണിന്‍റെ ഇന്നിങ്‌സ് 128 റണ്‍സിൽ അവസാനിച്ചു.
അതേസമയം സെഞ്ച്വറി നേട്ടത്തോടെ മറ്റൊരു തകർപ്പൻ റെക്കോഡും പുജാര തന്‍റെ പേരിൽ എഴുതിച്ചേർത്തു. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ 60 സെഞ്ച്വറികൾ നേടുന്ന അഞ്ചാമത്തെ താരം എന്ന നേട്ടമാണ് പുജാര സ്വന്തമാക്കിയത്. നിലവിൽ ഈ നേട്ടത്തിൽ ഇതിഹാസ താരം വിജയ് ഹസാരെയ്‌ക്കൊപ്പമാണ് പുജാര. 81 ഫസ്റ്റ് ക്ലാസ് സെഞ്ച്വറികളുമായി സുനിൽ ഗവാസ്‌കറും സച്ചിൻ ടെൻഡുൽക്കറുമാണ് ഈ പട്ടികയിൽ ഒന്നാം സ്ഥാനത്ത്. രാഹുൽ ദ്രാവിഡ് 68 സെഞ്ച്വറികളുമായി രണ്ടാം സ്ഥാനത്താണ്.
അതേസമയം ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിലെ മോശം പ്രകടനത്തിന് പിന്നാലെയാണ് പുജാരയെ വെസ്റ്റ് ഇൻഡീസിനെതിരായ ടെസ്റ്റ് ടീമിൽ നിന്ന് പുറത്താക്കിയത്. ടെസ്റ്റ് ചാമ്പ്യൻഷിപ്പിന്‍റെ ഫൈനലിൽ ആദ്യ ഇന്നിങ്‌സിൽ 14 റണ്‍സും രണ്ടാം ഇന്നിങ്‌സിൽ 27 റണ്‍സും മാത്രമായിരുന്നു ഇന്ത്യയുടെ ടെസ്റ്റ് സ്‌പെഷ്യലിസ്റ്റായ പുജാരയ്‌ക്ക് നേടാനായിരുന്നുള്ളു. പുജാരയ്‌ക്ക് പകരം യുവ താരം യശ്വസി ജയ്‌സ്വാൾ ടീമിൽ ഇടം കണ്ടെത്തുകയായിരുന്നു.
ബലിയാടാക്കിയെന്ന് ഗവാസ്‌കർ : അതേസമയം സീനിയർ താരമായ പുജാരയെ ഒഴിവാക്കിയതിനെതിരെ വലിയ വിമർശനങ്ങളും ഉയർന്നുവന്നിരുന്നു. ഇന്ത്യൻ ടീമിന്‍റെ ബാറ്റിങ് പരാജയപ്പെട്ടതിന് പുജാരയെ മാത്രം എന്തിന് ബലിയാടാക്കുന്നു എന്നാണ് ഇന്ത്യൻ മുൻ താരം സുനിൽ ഗവാസ്‌കർ ചോദിച്ചത്. 'എന്തുകൊണ്ടാണ് അവനെ ഒഴിവാക്കിയത്. എന്തിനാണ് നമ്മുടെ ബാറ്റിങ് പരാജയങ്ങളുടെ ബലിയാടായി അവനെ മാറ്റിയത്. അദ്ദേഹം ഇന്ത്യൻ ക്രിക്കറ്റിന്‍റെ വിശ്വസ്‌ത സേവകനാണ്.
ഒരുപക്ഷേ അദ്ദേഹത്തിന് ദശലക്ഷക്കണക്കിന് അനുയായികൾ ഇല്ലാത്തതിനാൽ അവൻ വീണുപോയാൽ അവന് വേണ്ടി ശബ്‌ദമുയർത്താൻ ആരുമില്ല. അതിനാൽ നിങ്ങൾ അവനെ പുറത്താക്കി. അവനെ വീഴ്‌ത്തുന്നതിനും പരാജയപ്പെട്ട മറ്റുള്ളവരെ നിലനിർത്തുന്നതിനുമുള്ള മാനദണ്ഡം എന്താണെന്ന് എനിക്കറിയില്ല. അറിയാൻ വഴികളും ഇല്ല. കാരണം സെലക്‌ഷൻ കമ്മിറ്റി ചെയർമാന് ഇപ്പോൾ മാധ്യമങ്ങളുമായി ഒരു ഇടപെടലും ഇല്ല', ഗവാസ്‌കർ പറഞ്ഞു.