മുംബൈ: ബംഗ്ലാദേശിനെതിരായ ടെസ്റ്റ് പരമ്പരയ്‌ക്കുള്ള ഇന്ത്യന്‍ ടീമിനെ ഇന്ന് പ്രഖ്യാപിച്ചിരുന്നു. സീനിയര്‍ താരങ്ങളായ രോഹിത് ശര്‍മ, വിരാട് കോലി, ചേതേശ്വര്‍ പുജാര എന്നിവര്‍ ടീമില്‍ ഇടം നേടിയെങ്കിലും അജിങ്ക്യ രഹാനയെ ടീമില്‍ ഉള്‍പ്പെടുത്തിയിരുന്നില്ല. പതിനേഴംഗ സ്‌ക്വാഡ് പ്രഖ്യാപിച്ചതിന് പിന്നാലെ മുന്‍ ഇന്ത്യന്‍ ഉപനായകനെ ടീമില്‍ ഉള്‍പ്പെടുത്താതിരുന്നതിനെ കുറിച്ച് പ്രതികരിച്ചിരിക്കുകയാണ് ബിസിസിഐ സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ ചേതന്‍ ശര്‍മ.
'മികച്ച പ്രകടനം നടത്തുന്നവര്‍ക്കായി വാതിലുകള്‍ എപ്പോഴും തുറന്നിരിക്കും. ചേതേശ്വര്‍ പുജാര മികച്ച പ്രകടനം കാഴ്‌ചവച്ചു. അതുകൊണ്ട് അദ്ദേഹത്തിന് ടീമില്‍ സ്ഥാനം ലഭിച്ചു.
ടീമിലെത്താന്‍ അജിങ്ക്യ രഹാനെ കഠിനമായി ശ്രമിക്കുന്നുണ്ട്. ആഭ്യന്തര മത്സരങ്ങളില്‍ അദ്ദേഹം കുറച്ച് റണ്‍സ് നേടിയിട്ടുണ്ട്. ടീമിലേക്കെത്താന്‍ കുറച്ചധികം റണ്‍സ് സ്‌കോര്‍ ചെയ്യണമെന്ന് അദ്ദേഹത്തിനുമറിയാം.
സെലക്ഷന്‍ കമ്മിറ്റിയുമായും രഹാനെ നിരന്തരം സംസാരിക്കുന്നുണ്ട്. രഞ്ജി ട്രോഫിയും വിജയ്‌ഹസാരെ ട്രോഫിയും ആഭ്യന്തര ക്രിക്കറ്റില്‍ വരുന്നുണ്ട്. അവിടെ അദ്ദേഹം മികച്ച പ്രകടനം നടത്തുമെന്ന് പ്രതീക്ഷിക്കാം.
രഹാനെ മികച്ച ഒരു കളിക്കാരനാണ്, ഇന്ത്യന്‍ ടീമിലേക്ക് എങ്ങനെ മടങ്ങിയെത്തണമെന്ന് അദ്ദേഹത്തിനറിയാമെന്നും ചേതന്‍ ശര്‍മ പറഞ്ഞു. പരിക്കിനെ തുടര്‍ന്ന് ലോകകപ്പ് ടീമില്‍ സ്ഥാനം നഷ്‌ടപ്പെട്ട ഇന്ത്യന്‍ ഫാസ്‌റ്റ് ബോളര്‍ ജസ്പ്രീത് ബുംറയേയും രണ്ട് പരമ്പരകളിലേക്കും പരിഗണിച്ചിട്ടില്ല. ബുംറ ഉടന്‍ തന്നെ കളിക്കളത്തിലേക്ക് മടങ്ങിയെത്തുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.