മുംബൈ: ക്യാപ്‌റ്റൻസി വിവാദത്തിൽ വിരാട് കോലിയുടെ വാദങ്ങളെ തള്ളി ഇന്ത്യയുടെ മുഖ്യ സെലക്‌ടർ ചേതൻ ശർമ്മ. വൈറ്റ് ബോൾ ഫോർമാറ്റിൽ ഒരു ക്യാപ്‌റ്റൻ മതിയെന്ന തീരുമാനം സെലക്ഷൻ കമ്മിറ്റി എടുത്തിരുന്നുവെന്നും അതിനാൽ തന്നെ കോലിയോട് ടി20 നായകസ്ഥാനത്ത് തുടരാൻ ആവശ്യപ്പെട്ടിരുന്നെന്നും ചേതൻ ശർമ്മ പറഞ്ഞു.
ഇത് വിരാടിന്‍റെ തീരുമാനമായിരുന്നു. ആരും അദ്ദേഹത്തോട് ടി20 ക്യാപ്റ്റൻ സ്ഥാനം ഒഴിയാൻ പറഞ്ഞില്ല. അദ്ദേഹം സ്വയം ടി20 യുടെ ക്യാപ്റ്റൻ സ്ഥാനം രാജിവച്ചു. എന്നാൽ വൈറ്റ് ബോൾ ക്രിക്കറ്റിന് ഒറ്റ നായകൻ എന്നതാണ് സെലക്‌ടർമാരുടെ ആഗ്രഹം. അത് കാര്യങ്ങൾ കുറച്ചുകൂടി എളുപ്പമാക്കും, ചേതൻ ശർമ്മ പറഞ്ഞു.
പുതിയ ഏകദിന ക്യാപ്റ്റനെ നിയമിക്കാനുള്ള തീരുമാനം സെലക്‌ടർമാരാണ് എടുത്തത്. സെലക്ഷൻ കമ്മിറ്റി തീരുമാനമെടുത്ത ഉടൻ ഞാൻ വിരാടിനെ വിളിച്ചു. ഇത് ഒരു ടെസ്റ്റ് മീറ്റിങ് സെലക്ഷൻ ആയിരുന്നു.
അതുകൊണ്ടാണ് ഞങ്ങളുടെ മീറ്റിങ് അവസാനിച്ചപ്പോൾ ഞാൻ അദ്ദേഹത്തെ വിളിച്ചത്. രോഹിത്തിനെ നായകനാക്കാനാണ് സെലക്‌ടർമാർ ചിന്തിക്കുന്നതെന്ന് കോലിയെ അറിയിച്ചു. ഞങ്ങൾ നന്നായി സംസാരിച്ചു, ചേതൻ ശർമ്മ വ്യക്‌തമാക്കി.
ALSO READ: U19 Asia Cup 2021 : ഹാട്രിക്ക് കിരീടമുയർത്തി ഇന്ത്യ ; ശ്രീലങ്കക്കെതിരെ 9 വിക്കറ്റ് ജയം
കോലി ടി20 നായകസ്ഥാനം ഉപേക്ഷിക്കാൻ തീരുമാനിച്ചപ്പോൾ ബിസിസിഐ കോലിയോട് അങ്ങനെ ചെയ്യരുതെന്ന് ആവശ്യപ്പെട്ടിരുന്നതായി സൗരവ് ഗാംഗുലി വെളിപ്പെടുത്തിയിരുന്നു. എന്നാൽ ദക്ഷിണാഫ്രിക്കൻ പര്യടനത്തിന് തൊട്ടു മുൻപായി നടത്തിയ വാർത്താ സമ്മേളനത്തിൽ ടി20 നായകസ്ഥാനം രാജിവെക്കുന്ന കാര്യം അറിയിച്ചപ്പോൾ ബിസിസിഐ ഒരു എതിർപ്പും കൂടാതെ അത് സ്വീകരിച്ചു. ഇത് ഒട്ടേറെ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു.