മുംബൈ : ഐപിഎല്ലിൽ ലെഗ് സ്പിന്നർമാരെ മാച്ച് വിന്നർമാരായി പരിഗണിക്കുന്നതിന്‍റെ തെളിവാണ് യുസ്‌വേന്ദ്ര ചാഹലിന്‍റെ പ്രകടനമെന്ന് രാജസ്ഥാൻ റോയൽസ് ബൗളിങ് കോച്ച് ലസിത് മലിംഗ. കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരായ മത്സരത്തില്‍ ഹാട്രിക് ഉൾപ്പടെ 5 വിക്കറ്റ് പ്രകടനവുമായി രാജസ്ഥാന്‍റെ വിജയത്തില്‍ നിര്‍ണായകമാവാന്‍ ചാഹലിന് കഴിഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് മലിംഗയുടെ പ്രതികരണം.
"ചാഹലിന് കൂടുതൽ അന്താരാഷ്ട്ര പരിചയമുണ്ട്. രാജ്യത്തെയും, ഈ ടൂർണമെന്‍റിലേയും ഏറ്റവും പരിചയസമ്പന്നനായ ലെഗ് സ്പിന്നറാണ് അവന്‍. ഒരു മത്സരത്തില്‍ തന്‍റെ സ്‌കില്‍ എങ്ങനെ പ്രയോഗിക്കാമെന്ന് അവന്‍ കാണിച്ചുതന്നു. ഏത് മത്സര ക്രിക്കറ്റ് കളിക്കാനും താൻ പര്യാപ്തനാണെന്ന് തെളിയിക്കുകയാണ് മുന്നോട്ടുള്ള യാത്രയില്‍ കൂടുതൽ പ്രധാനം" - മലിംഗ പറഞ്ഞു.
ചാഹലിന്‍റെ പ്രകടനം എല്ലാ ലെഗ് സ്‌പിന്നേഴ്‌സിനുമുള്ള സന്ദേശമാണെന്ന് കൊല്‍ക്കത്തയുടെ മുഖ്യ പരിശീലകന്‍ ബ്രണ്ടൻ മക്കല്ലവും പ്രതികരിച്ചു. "ലെഗ് സ്പിന്നർമാർക്ക് കൂടുതൽ വിക്കറ്റ് നേടാനുള്ള സാധ്യതകളുണ്ട്, തനിക്ക് എങ്ങനെ വിക്കറ്റ് നേടാനാകുമെന്ന് അവന്‍ ഇന്ന് (കൊല്‍ക്കത്തയ്‌ക്കെതിരെ) കാണിച്ചുതന്നു.
ഒറ്റ ഓവറിൽ കളി മാറ്റിമറിച്ചു. ടൂര്‍ണമെന്‍റിലെ മാച്ച് വിന്നിങ് ബൗളർമാർ തങ്ങളാണെന്ന് എല്ലാ ലെഗ് സ്പിന്നർമാര്‍ക്കും അവന്‍ കാണിച്ചുകൊടുത്തുവെന്ന് ഞാൻ കരുതുന്നു" - ബ്രണ്ടൻ മക്കല്ലം പറഞ്ഞു.
17–ാം ഓവറിലാണ് ഹാട്രിക് പ്രകടനവുമായി ചാഹല്‍ മത്സരത്തിന്‍റെ ഗതി മാറ്റി മറിച്ചത്. ആദ്യ പന്തിൽ വെങ്കിടേഷ് അയ്യരെ പുറത്താക്കിയ ചാഹൽ പിന്നീട് ശ്രേയസ് അയ്യർ, ശിവം മവി, പാറ്റ് കമ്മിൻസ് എന്നിവരെയും തിരിച്ചുകയറ്റിയാണ് ഹാട്രിക് തികച്ചത്.
also read: IPL 2022 | ഡൽഹി ക്യാപിറ്റൽസ് - പഞ്ചാബ് കിങ്സ് മത്സരത്തിന്‍റെ വേദി മാറ്റി
ഇതോടെ ഏഴ് റണ്‍സിനാണ് കൊല്‍ക്കത്തയെ രാജസ്ഥാന്‍ മറികടന്നത്. ആദ്യം ബാറ്റ് ചെയ്‌ത രാജസ്ഥാന്‍ ഉയര്‍ത്തിയ 218 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന കൊല്‍ക്കത്തയുടെ പോരാട്ടം 19.4 ഓവറില്‍ 210 റണ്‍സില്‍ അവസാനിച്ചു. സീസണിലെ രണ്ടാം സെഞ്ച്വറി കണ്ടെത്തിയ ജോസ് ബട്‌ലറുടെ (61 പന്തില്‍ 103) പ്രകടനവും രാജസ്ഥാന് നിര്‍ണായകമായി.