കറാച്ചി : ശ്രീലങ്കയ്‌ക്കെതിരായ ഏകദിന പരമ്പര വിജയം ശിഖർ ധവാന് ക്യാപ്റ്റനെന്ന നിലയിൽ വലിയ അഭിനന്ദനങ്ങളാണ് നേടിക്കൊടുത്തത്. ഏകദിന പരമ്പര ഇന്ത്യ സ്വന്തമാക്കിയതിന് പിന്നാലെ ആദ്യ ടി20യിലും ഇന്ത്യ വിജയിച്ചിരുന്നു. യുവതാരനിരയുമായാണ് പരമ്പരക്കായെത്തിയതെങ്കിലും അതിന്‍റെ സമ്മർദം ഒന്നുമില്ലാതെ തന്നെ ടീമിനെ നയിക്കാൻ ധവാനായി.
ഇപ്പോൾ ധവാനിൽ ധോണിയുടെ അംശം കാണാൻ സാധിക്കുന്നുണ്ടെന്ന് അഭിപ്രായപ്പെട്ടിരിക്കുകയാണ് മുൻ പാക് താരം കമ്രാന്‍ അക്‌മൽ. ആദ്യ ടി20 യിലെ ധവാന്‍റെ ക്യാപ്റ്റൻസി വളരെ മികച്ചതായിരുന്നു.
ബൗളിങ് ചെയ്ഞ്ചുകളും ഫീൽഡിങ് മാറ്റങ്ങളും പ്രശംസ അർഹിക്കുന്നു. ഒരു കൂൾ ക്യാപ്റ്റനായാണ് ധവാനെ കണ്ടത്. ധവാന്‍റെ ശാന്തവും ഒത്തിണക്കവുമുള്ള ക്യാപ്റ്റൻസിയിൽ എംഎസ് ധോണിയുടെ ഛായ കാണാൻ കഴിയുന്നു, അക്‌മല്‍ പറഞ്ഞു.
സമ്മർദ ഘട്ടത്തിൽ മികച്ച തീരുമാനമെടുക്കാൻ ധവാന് സാധിക്കുന്നുണ്ട്. രണ്ടോവറിൽ വിക്കറ്റ് നഷ്ടപ്പെടാതെ 20 റണ്‍സ് നേടിയിരുന്ന ശ്രീലങ്കക്കെതിരെ 38 റണ്‍സിന്‍റെ വിജയം സ്വന്തമാക്കാൻ ഇന്ത്യക്ക് കഴിഞ്ഞു. ഇതിൽ ധവാൻ പ്രശംസയർഹിക്കുന്നു. കൂടാതെ ബൗളർമാരും മികച്ചതായിരുന്നു, അക്‌മല്‍ കൂട്ടിച്ചേർത്തു.
ALSO READ: ക്രുനാൽ പാണ്ഡ്യക്ക് കൊവിഡ് ; ഇന്ത്യ- ശ്രീലങ്ക പരമ്പരയിലെ രണ്ടാം മത്സരം മാറ്റി
ശ്രീലങ്കക്കെതിരായ ഏകദിന പരമ്പര ഇന്ത്യ 2-1 സ്വന്തമാക്കിയിരുന്നു. ടി 20 യിലെ ആദ്യ മത്സരവും ഇന്ത്യ വിജയിച്ചിരുന്നു. ഏകദിന പരമ്പരയിലെ ഇന്ത്യയുടെ ടോപ് സ്‌കോററായിരുന്നു ധവാന്‍.