ദുബായ്: സിംബാബ്‌വെ ക്രിക്കറ്റ് ടീമിന്‍റെ മുൻ നായകൻ ബ്രെണ്ടൻ ടെയ്‌ലർക്ക് മൂന്നര വർഷം വിലക്കേർപ്പെടുത്തി ഐസിസി. വാതുവെയ്‌പ്പുകാർ സമീപിച്ച കാര്യം കൃത്യസമയത്ത് അറിയിക്കാത്തതിരുന്നതിനാലാണ് താരത്തിന് രാജ്യന്തര ക്രിക്കറ്റ് കൗണ്‍സിൽ വിലക്ക് ഏർപ്പെടുത്തിയത്. നേരത്തെ വാതുവെയ്‌പ്പുകാർ തന്നെ സമീപിച്ചിരുന്നു എന്നും അവർ തന്ന ലഹരി മരുന്ന് താൻ ഉപയോഗിച്ചിരുന്നു എന്നും സമൂഹമാധ്യമങ്ങളിലൂടെ ടെയ്‌ലർ വെളിപ്പെടുത്തിയിരുന്നു.
2025 ജൂലൈ 28വരെയാണ് വിലക്കിന്‍റെ കാലാവധി. ഇതോടെ ഈ കാലം അത്രയും ക്രിക്കറ്റുമായി ബന്ധപ്പെട്ട എല്ലാ തരം പ്രവർത്തനത്തിൽ നിന്നും താരത്തിന് വിട്ടുനിൽക്കേണ്ടിവരും. ഐസിസി അഴിമതി വിരുദ്ധ കോഡിന്‍റെ നാല് കുറ്റങ്ങളും ഐസിസി ഉത്തേജക വിരുദ്ധ കോഡ് ലംഘിച്ചതിനുമാണ് ടെയ്‌ലർക്കെതിരെ നടപടിയെടുത്തതെന്നും അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സില്‍ വ്യക്തമാക്കി.
ALSO READ: വാതുവെയ്‌പ്പുകാർ പണം തന്നു, കൊക്കെയ്‌ൻ തന്ന് ഭീഷണിപ്പെടുത്തി; വെളിപ്പെടുത്തലുമായി ബ്രണ്ടൻ ടെയ്‌ലർ
2019ൽ സിംബാബ്‌വെയിൽ ഒരു ടി20 ലീഗ് തുടങ്ങുന്നതിനെക്കുറിച്ച് ആലോചിക്കാനും, പരസ്യക്കരാറിൽ ഒപ്പിടുന്നതിനുമായി ഒരു ഇന്ത്യൻ വ്യവസായി തന്നെ സമീപിച്ചു എന്നും അവർ നൽകിയ കൊക്കെയ്‌ൻ ഉപയോഗിച്ചുവെന്നും താരം വെളിപ്പെടുത്തിയിരുന്നു. പിറ്റേ ദിവസം ലഹരി ഉപയോഗിക്കുന്നതിന്‍റെ ചിത്രം കാട്ടി തന്നെ ഭീഷണിപ്പെടുത്തിയെന്നും താരം പറഞ്ഞിരുന്നു.
തുടർന്ന് താൻ അവരുടെ ആവശ്യങ്ങൾക്ക് സമ്മതം മൂളിയെന്നും എത്രയും പെട്ടന്ന് നാട്ടിലെത്താനായി അവർ നൽകിയ 15,000 ഡോളർ കൈപ്പറ്റിയെന്നും താരം പറഞ്ഞിരുന്നു. അപ്പോഴത്തെ അവസ്ഥയിൽ സമ്മതം മൂളിയതല്ലാതെ താൻ ഒരു വിധത്തിലുള്ള ഒത്തുകളിക്കും കൂട്ട് നിന്നിട്ടില്ലെന്നും ടെയ്‌ലർ വ്യക്‌തമാക്കിയിരുന്നു.