സിഡ്‌നി: ബോര്‍ഡര്‍ -ഗവാസ്‌കര്‍ ട്രോഫി ടെസ്റ്റ് പരമ്പരയ്‌ക്കായി സ്റ്റാര്‍ ബാറ്റര്‍ ഉസ്‌മാൻ ഖവാജയെ കൂടാതെ ഓസീസ് ടീം ഇന്ത്യയിലേക്ക് പുറപ്പെട്ടു. വിസയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളെ തുടര്‍ന്നാണ് ഖവാജയ്‌ക്ക് ഇന്ത്യയിലേക്ക് പറക്കാന്‍ കഴിയാതിരുന്നത്. വിസ പ്രശ്‌നങ്ങള്‍ പരിഹരിച്ച് താരത്തിന് നാളെ തന്നെ യാത്ര ചെയ്യാനാവുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
ഈ മാസം ഒമ്പതിന് ആരംഭിക്കുന്ന ടെസ്റ്റ് പരമ്പരയ്‌ക്കായി രണ്ട് ബാച്ചുകളായാണ് ഓസീസ് ടീം ഇന്ത്യയിലേക്ക് പുറപ്പെട്ടത്. ഇതില്‍ രണ്ടാമത്തെ ബാച്ചിനൊപ്പമായിരുന്നു ഖവാജ പറക്കേണ്ടിയിരുന്നത്. യാത്ര മുടങ്ങിയതിന് പിന്നാലെ ഇന്ത്യന്‍ വിസയ്‌ക്കായി കാത്തിരിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി രസകരമായ ഒരു മീം താരം സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിട്ടുണ്ട്.
- " class="align-text-top noRightClick twitterSection" data="
">
ഓസ്‌ട്രേലിയയുടെ ടെസ്റ്റ് പ്ലെയർ ഓഫ് ദ ഇയർ ആയി കഴിഞ്ഞ ദിവസം 36 കാരനായ ഖവാജ തെരഞ്ഞെടുക്കപ്പെട്ടിരുന്നു. ഇതിഹാസ താരം ഷെയ്ൻ വോണിന്‍റെ പേരിലുള്ള പുരസ്‌കാരമാണിത്. പാകിസ്ഥാൻ വംശജനായ താരം ഓസ്‌ട്രേലിയക്കായി 56 ടെസ്റ്റുകളും 40 ഏകദിനങ്ങളും ഒമ്പത് ടി20 മത്സരങ്ങളും കളിച്ചിട്ടുണ്ട്.
അതേസമയം നാല് ടെസ്റ്റുകളാണ് ബോര്‍ഡര്‍ -ഗവാസ്‌കര്‍ ട്രോഫി പരമ്പരയിലുള്ളത്. നാഗ്‌പൂരിലാണ് ആദ്യ ടെസ്റ്റ് (ഫെബ്രുവരി 9-13). തുടര്‍ന്ന് ഡൽഹി (ഫെബ്രുവരി 17-21), ധർമശാല (മാര്‍ച്ച് 1-5), അഹമ്മദാബാദ് (മാര്‍ച്ച് 9-13) എന്നിവിടങ്ങളിലും മറ്റ് മത്സരങ്ങള്‍ നടക്കും.
ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്‍റെ ഫൈനലുറപ്പിക്കാന്‍ ഇന്ത്യയ്‌ക്ക് ഏറെ നിര്‍ണായകമായ പരമ്പരയാണിത്. പോയിന്‍റ് പട്ടികയില്‍ ഒന്നാം സ്ഥാനക്കാരായ ഓസ്‌ട്രേലിയ ഇതിനകം തന്നെ ഫൈനലുറപ്പിച്ചിട്ടുണ്ട്. 2004ന് ശേഷം സ്വന്തം മണ്ണില്‍ ഓസീസിനെതിരെ ടെസ്റ്റ് പരമ്പര കൈവിട്ടിട്ടില്ലെന്നത് ഇന്ത്യയ്‌ക്ക് ആത്മവിശ്വാസമാണ്.