നാഗ്‌പൂര്‍ : ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫിയില്‍ ഓസ്‌ട്രേലിയയ്‌ക്കെതിരായ മിന്നും പ്രകടനത്തിന് ഇന്ത്യയുടെ സ്റ്റാര്‍ ഓള്‍ റൗണ്ടര്‍ രവീന്ദ്ര ജഡേജയെ വാനോളം പുകഴ്‌ത്തി മുന്‍ താരവും കമന്‍റേറ്ററുമായ ആകാശ് ചോപ്ര. ജഡേജ ഈ ഗ്രഹത്തിലെ ഏറ്റവും മികച്ച ഓൾറൗണ്ടറാണെന്നാണ് ചോപ്ര പറയുന്നത്. വളരെ മികച്ച രീതിയിലാണ് ജഡേജയുടെ ബാറ്റിങ് മെച്ചപ്പെട്ടതെന്നും മുന്‍ താരം പറഞ്ഞു.
"എന്‍റെ പുസ്‌തകത്തില്‍ ഈ ഗ്രഹത്തിലെ ഏറ്റവും മികച്ച ഓൾറൗണ്ടര്‍ ജഡേജയാണ്. വളരെ മികച്ച രീതിയിലാണ് അവന്‍റെ ബാറ്റിങ് മെച്ചപ്പെടുന്നത്. ഏറെ മികച്ച ഷോട്ടുകളടങ്ങിയതായിരുന്നു അവന്‍റെ ഇന്നിങ്‌സ്.
ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ ചില സെഞ്ചുറികളും അവനുണ്ട്. റൺസ് സ്‌കോർ ചെയ്യാനും മികച്ച ഇന്നിങ്‌സ് പടുത്തുയര്‍ത്താനും അവനറിയാം". ആകാശ് ചോപ്ര ഒരു ചാനല്‍ ചര്‍ച്ചയില്‍ പറഞ്ഞു. ഓസ്‌ട്രേലിയയുടെ മുന്‍ നായകന്‍ ഇയാൻ ചാപ്പലും ഈ ചര്‍ച്ചയുടെ ഭാഗമായിരുന്നു.
മൂന്ന് വശങ്ങളിലും മികച്ചവന്‍ : ഇയാൻ ചാപ്പലും ചോപ്രയുടെ അഭിപ്രായത്തോട് യോജിച്ചു. ബാറ്റിങ്, ബോളിങ്, ഫീൽഡിങ് എന്നിവയില്‍ മികവ് പുലര്‍ത്തുന്ന താരമാണ് ജഡേജയെന്ന് ചാപ്പലും പറഞ്ഞു. "ജഡേജ ഇന്ത്യയ്ക്കായി നിർണായകമായ റൺസ് നേടുന്നുണ്ട്.
ഒരു ബോളര്‍ എന്ന നിലയിൽ ശ്രദ്ധേയമായി മെച്ചപ്പെട്ടുവെന്നത് അവന്‍റെ ക്രിക്കറ്റ് ഇന്‍റലിജന്‍സിന്‍റെ കാര്യമാണെന്നാണ് ഞാന്‍ കരുതുന്നത്. അത് തീര്‍ത്തും ഒരു നല്ല സൂചനയാണ്. ഒരു ബാറ്റർ എന്ന നിലയിലും അവന്‍ ശ്രദ്ധേയമായി മെച്ചപ്പെട്ടുവെന്നത് പറയാതിരിക്കാന്‍ കഴിയില്ല.
അവന്‍ എപ്പോഴും ഒരു നല്ല ഫീൽഡറാണ്. കളിയുടെ മൂന്ന് വശങ്ങളിലും അവൻ വളരെ മികച്ചവനാണ്. ബാറ്റിങ്ങിലും ബോളിങ്ങിലുമുള്ള സ്ഥിരതയും പുരോഗതിയും അവൻ ഒരു മിടുക്കനായ ക്രിക്കറ്ററാണെന്ന് നിങ്ങളോട് പറയുന്നു" ചാപ്പൽ പറഞ്ഞു.
പിന്നിലായി കപില്‍ ദേവ്: കാൽമുട്ടിനേറ്റ പരിക്കിൽ നിന്ന് മോചിതനായി ഏകദേശം അഞ്ച് മാസത്തിന് ശേഷം അന്താരാഷ്ട്ര ക്രിക്കറ്റിലേക്ക് മടങ്ങിയെത്തിയ ജഡേജ, നാഗ്‌പൂരില്‍ പുരോഗമിക്കുന്ന ആദ്യ ടെസ്റ്റിന്‍റെ ഒന്നാം ദിനം ദിവസം അഞ്ച് വിക്കറ്റുകള്‍ സ്വന്തമാക്കിയിരുന്നു. തുടര്‍ന്ന് ബാറ്റ് ചെയ്യാനിറങ്ങിയ താരം അര്‍ധ സെഞ്ചുറിയുമായും തിളങ്ങിയിരുന്നു.
ഇത് അഞ്ചാം തവണയാണ് ഒരു ടെസ്റ്റ് മത്സരത്തില്‍ അഞ്ച് വിക്കറ്റിന് പുറമെ അര്‍ധ സെഞ്ചുറിയും ജഡേജ സ്വന്തമാക്കുന്നത്. ഇതോടെ സാക്ഷാല്‍ കപില്‍ ദേവിന്‍റെ ഒരു സുപ്രധാന റെക്കോഡ് തകര്‍ത്ത് ഇന്ത്യന്‍ താരങ്ങളുടെ പട്ടികയില്‍ ഒന്നാം സ്ഥാനക്കാരനാവാനും 34കാരന് കഴിഞ്ഞു. തന്‍റെ കരിയറിൽ നാല് തവണയാണ് കപിൽ ഈ നേട്ടം കൈവരിച്ചിട്ടുള്ളത്.
അതേസമയം നാല് മത്സരങ്ങളടങ്ങിയ ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫി ടെസ്റ്റ് പരമ്പര ഇന്ത്യയ്‌ക്കും ഓസ്‌ട്രേലിയയ്‌ക്കും അഭിമാനപ്പോരാട്ടമാണ്. അവസാന രണ്ട് തവണയും ഓസീസ് മണ്ണില്‍ പരമ്പര നേടിയായിരുന്നു ഇന്ത്യ തിരികെ പറന്നത്. ഇതിന് പകരം വീട്ടി 2004ന് ശേഷം ഇന്ത്യയില്‍ മറ്റൊരു ടെസ്റ്റ് പരമ്പര നേടാനാണ് ഓസീസ് ലക്ഷ്യം വയ്‌ക്കുന്നത്.
ഇതിനപ്പുറം ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ കളിക്കുന്നതില്‍ ഇന്ത്യയ്‌ക്ക് ഏറെ നിര്‍ണായകമായ പരമ്പര കൂടിയാണിത്. രവീന്ദ്ര ജഡേജയുടെ ഓള്‍ റൗണ്ട് മികവില്‍ വലിയ പ്രതീക്ഷയാണ് ഇന്ത്യയ്‌ക്കുള്ളത്.