കറാച്ചി: ഇന്ത്യയ്‌ക്കെതിരായ ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫി പരമ്പരയിലെ കളിച്ച രണ്ട് മത്സരങ്ങളിലും വമ്പന്‍ പരാജയമാണ് ഓസ്‌ട്രേലിയ ഏറ്റുവാങ്ങിയത്. നാഗ്പൂരിൽ നടന്ന ആദ്യ ടെസ്റ്റിൽ ഇന്നിങ്‌സിനും 132 റൺസിനും ഓസീസിനെ കീഴടക്കിയ ഇന്ത്യ ഡൽഹിയിൽ നടന്ന രണ്ടാം ടെസ്റ്റിൽ ആറ് വിക്കറ്റിന്‍റെ വിജയമാണ് സ്വന്തമാക്കിയത്. ഈ പ്രകടനത്തിന് ഇന്ത്യയെ അഭിനന്ദിച്ചിരിക്കുകയാണ് പാകിസ്ഥാന്‍ മുന്‍ നായകനും ബോർഡ് മേധാവിയുമായിരുന്ന റമീസ് രാജ.
സ്വന്തം മണ്ണില്‍ ഇന്ത്യയെ തോൽപ്പിക്കുന്നത് ഏറെക്കുറെ അസാധ്യമാണെന്ന് റമീസ് രാജ പറഞ്ഞു. ഇന്ത്യ ഉയര്‍ത്തുന്ന വെല്ലുവിളി നേരിടാൻ ഓസ്‌ട്രേലിയ വേണ്ടത്ര തയ്യാറെടുപ്പുകള്‍ നടത്തിയിരുന്നില്ലെന്നും റമീസ് രാജ അഭിപ്രായപ്പെട്ടു. "കഴിഞ്ഞ മത്സരങ്ങളിലെ തോല്‍വി കാണിക്കുന്നത് ഇന്ത്യയ്‌ക്കെതിരെ ഇന്ത്യയില്‍ കളിക്കാന്‍ അവര്‍ വേണ്ടത്ര തയ്യാറല്ലെന്നാണ്.
സ്വന്തം മണ്ണില്‍ ഇന്ത്യയെ തോൽപ്പിക്കുന്നത് ഏറെക്കുറെ അസാധ്യമാണ്. ഇന്ത്യന്‍ സ്‌പിന്നര്‍മാര്‍ക്കെതിരായ ഓസീസ് ബാറ്റര്‍മാര്‍ മോശം പ്രകടനമാണ് നടത്തിയത്. അവരുടെ ബാറ്റിങ്ങില്‍ സാങ്കേതിക പിഴവുകളുണ്ട്.
ഡല്‍ഹിയിലെ രണ്ടാം ഇന്നിങ്‌സില്‍ ഒരൊറ്റ സെഷനിലാണ് അവരുടെ ഒമ്പത് വിക്കറ്റുകള്‍ വീണത്. പരമ്പര ആരംഭിക്കുന്നതിന് മുമ്പ് ഓസ്‌ട്രേലിയ കുറഞ്ഞത് രണ്ട് പരിശീലന മത്സരങ്ങളെങ്കിലും കളിക്കേണ്ടതായിരുന്നു". റമീസ് രാജ പറഞ്ഞു.
ജഡേജയ്‌ക്കും അക്‌സറിനും അഭിനന്ദനം: ഡല്‍ഹിയില്‍ രണ്ട് ഇന്നിങ്‌സിലുമായി 10 വിക്കറ്റ് വീഴ്‌ത്തിയ രവീന്ദ്ര ജഡേജയേയും അര്‍ധ സെഞ്ചുറിയുമായി തിളങ്ങിയ അക്സര്‍ പട്ടേലിനേയും റമീസ് രാജ അഭിനന്ദിച്ചു. "മികച്ച ബോളിങ് പ്രകടനമാണ് ജഡേജ കാഴ്ചവച്ചത്.
മത്സരത്തില്‍ ഏറെ നിര്‍ണായകമായ പ്രകടനം അക്‌സര്‍ പട്ടേലിന്‍റേതായിരുന്നു. അവന്‍റെ അര്‍ധ സെഞ്ചുറിയാണ് ഓസീസിന്‍റെ ലീഡ് കുറച്ചത്. വാലറ്റത്ത് അശ്വിനൊപ്പം മികച്ച രീതിയിലാണ് അക്‌സര്‍ ബാറ്റ് വീശിയത്." റമീസ് രാജ കൂട്ടിച്ചേര്‍ത്തു.
ഡല്‍ഹി ടെസ്റ്റിലെ വിജയത്തോടെ ഓസ്‌ട്രേലിയയ്‌ക്കെതിരായ പരമ്പരയില്‍ രണ്ട് മത്സരങ്ങള്‍ ശേഷിക്കെ തന്നെ ബോർഡർ-ഗവാസ്‌കർ ട്രോഫി ഇന്ത്യ നിലനിര്‍ത്താന്‍ ഇന്ത്യയ്‌ക്ക് കഴിഞ്ഞിരുന്നു. ഇതോടോപ്പം ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ടേബിളില്‍ രണ്ടാം സ്ഥാനം കൂടുതല്‍ ഉറപ്പിക്കാനും ഇന്ത്യയ്‌ക്ക് കഴിഞ്ഞു. 66.67 പോയിന്‍റ് ശരാശരിയുമായി ഓസീസാണ് തലപ്പത്തുള്ളത്.
പരമ്പരയില്‍ വൈറ്റ് വാഷ് ചെയ്യപ്പെട്ടാല്‍ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ നിന്നും ഓസ്ട്രേലിയ പുറത്താവാനുള്ള സാധ്യത തള്ളിക്കളയാനാവില്ല. രണ്ടാം സ്ഥാനത്തുള്ള ഇന്ത്യയ്‌ക്ക് 64.06 പോയിന്‍റ് ശരാശരിയായി. മൂന്നാമതുള്ള ശ്രീലങ്കയ്ക്ക് 53.33 ഉം, നാലാം സ്ഥാനത്തുള്ള ദക്ഷിണാഫ്രിക്കയ്‌ക്ക് 48.72ഉം ആണ് പോയിന്‍റ് ശരാശരി.
അതേസമയം 2014ലാണ് ഓസീസ് ഇന്ത്യയ്‌ക്കെതിരെ അവസാനമായി ടെസ്റ്റ് പരമ്പര വിജയിച്ചത്. അന്ന് സ്വന്തം മണ്ണില്‍ (2-0) ത്തിനായിരുന്നു ഓസീസിന്‍റെ വിജയം. ഇരു സംഘങ്ങളും നേര്‍ക്കുനേരെത്തിയ കഴിഞ്ഞ മൂന്ന് പരമ്പരകളിലും ഓസീസിനെ തോല്‍പ്പിച്ച് ഇന്ത്യ വിജയികളായിരുന്നു.
2004ലാണ് ഓസീസ് ഇന്ത്യയില്‍ അവസാനമായി പരമ്പര നേടിയത്. മാർച്ച് ഒന്നിന് ഇൻഡോറിലാണ് മൂന്നാം ടെസ്റ്റ് ആരംഭിക്കുന്നത്. നേരത്തെ ധർമ്മശാലയില്‍ നടത്താന്‍ നിശ്ചയിച്ചിരുന്ന മത്സരം ഔട്ട്‌ഫീൽഡുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളെ തുടര്‍ന്ന് ഇൻഡോറിലേക്ക് മാറ്റുകയായിരുന്നു.
ALSO READ: 'ഇപ്പോള്‍ വൈസ് ക്യാപ്റ്റനല്ല', അടുത്ത മത്സരത്തില്‍ രാഹുല്‍ ഉണ്ടാകില്ലെന്ന് ഹര്‍ഭജന്‍ സിങ്