സിഡ്‌നി : ഓസ്‌ട്രേലിയയ്‌ക്ക് എതിരായ ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫി ടെസ്റ്റ് പരമ്പരയിലെ മൂന്നാം മത്സരത്തില്‍ ഇന്ത്യ തോല്‍വി വഴങ്ങിയിരുന്നു. പരമ്പരയിലെ ആദ്യ രണ്ട് ടെസ്റ്റുകളും വിജയിച്ചായിരുന്നു അതിഥേയരായ ഇന്ത്യ ഇൻഡോറിൽ നടന്ന മൂന്നാം ടെസ്റ്റിന് ഇറങ്ങിയത്. എന്നാല്‍ ഓസീസ് സ്‌പിന്നര്‍മാര്‍ക്ക് മുന്നില്‍ ഇന്ത്യന്‍ ബാറ്റിങ് നിര കടപുഴകിയതോടെ ഒമ്പത് വിക്കറ്റിന്‍റെ തോല്‍വിയാണ് രോഹിത് ശര്‍മയേയും സംഘത്തേയും കാത്തിരുന്നത്.
ഇന്‍ഡോറിലെ രണ്ട് ഇന്നിങ്സുകളില്‍ ഒരു ഇന്ത്യന്‍ ബാറ്റര്‍ക്ക് മാത്രമായിരുന്നു അര്‍ധ സെഞ്ചുറി നേടാന്‍ കഴിഞ്ഞത്. രണ്ടാം ഇന്നിങ്‌സില്‍ 149 പന്തില്‍ 59 റണ്‍സടിച്ച ചേതേശ്വര്‍ പുജാരയാണ് ആ താരം. ഇപ്പോഴിതാ ഇന്ത്യന്‍ ടെസ്റ്റ് ടീമില്‍ ഉണ്ടാവേണ്ടിയിരുന്ന ഒരു താരത്തിന്‍റെ അഭാവം ചൂണ്ടിക്കാട്ടിയിരിക്കുകയാണ് ഓസ്‌ട്രേലിയയുടെ മുന്‍ നായകന്‍ ഇയാന്‍ ചാപ്പല്‍.
ഓള്‍ റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യ ഇന്ത്യന്‍ ടെസ്റ്റ് ടീമില്‍ വേണമെന്നാണ് ചാപ്പല്‍ പറയുന്നത്. "ഹാര്‍ദിക് പാണ്ഡ്യ എന്തുകൊണ്ടാണ് ഇന്ത്യയുടെ ടെസ്റ്റ് ടീമില്‍ ഇല്ലാത്തതെന്ന് എനിക്ക് മനസിലാകുന്നില്ല. ഹാര്‍ദിക്കിന് ഏറെ നേരം പന്തെറിയാൻ കഴിയില്ലെന്നാണ് ആളുകള്‍ പറഞ്ഞുകൊണ്ടിരിക്കുന്നത്.
പക്ഷേ നിങ്ങള്‍, ആരോഗ്യ വിദഗ്ധർ പറയുന്നത് ശ്രദ്ധിക്കുകയോ, ക്രിക്കറ്റ് വിദഗ്ധരുമായി സംസാരിക്കുകയോ ചെയ്തിട്ടുണ്ടോ?.ഹാര്‍ദിക് ടെസ്റ്റ് കളിക്കാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍, തീര്‍ച്ചയായും അവനെ ടീമില്‍ ഉള്‍പ്പെടുത്തണം. മികച്ച ഒരു ബാറ്ററാണ് അവന്‍, മാന്യമായി പന്തെറിയാനും നല്ല രീതിയില്‍ ഫീല്‍ഡ് ചെയ്യാനും ഹാര്‍ദിക്കിന് കഴിയും" - ഇയാന്‍ ചാപ്പല്‍ ഒരു സ്‌പോര്‍ട്‌സ് മാധ്യമത്തോട് പറഞ്ഞു.
ഇന്ത്യയുടെ വൈറ്റ് ബോള്‍ ടീമില്‍ സ്ഥിരക്കാരനാണെങ്കിലും കഴിഞ്ഞ അഞ്ച് വര്‍ഷത്തോളമായി ടെസ്റ്റ് ടീമില്‍ നിന്നും 29-കാരനായ ഹാര്‍ദിക് പാണ്ഡ്യ പുറത്താണ്. 2017-ൽ ഗാലെ ഇന്‍റർനാഷണൽ സ്റ്റേഡിയത്തിൽ ശ്രീലങ്കയ്‌ക്ക് എതിരായാണ് ഹാര്‍ദിക് ക്രിക്കറ്റിന്‍റെ ദൈര്‍ഘ്യമേറിയ ഫോര്‍മാറ്റില്‍ ഇന്ത്യയ്‌ക്കായി അരങ്ങേറിയത്.
എന്നാല്‍ 2018 മുതല്‍ താരം ഇന്ത്യയുടെ ടെസ്റ്റ് ടീമിന് പുറത്താണ്. ഇംഗ്ലണ്ടിന് എതിരെയായിരുന്നു ഹാര്‍ദിക് തന്‍റെ അവസാന ടെസ്റ്റ് കളിച്ചത്. ഇതിനിടെ കളിച്ച 11 ടെസ്റ്റുകളില്‍ നിന്നും 31.29 ശരാശരിയില്‍ 532 റണ്‍സാണ് താരം നേടിയിട്ടുള്ളത്.
ഒരു സെഞ്ചുറിയും നാല് അര്‍ധ സെഞ്ചുറികളും ഉള്‍പ്പടെയാണ് ഹാര്‍ദിക്കിന്‍റെ പ്രകടനം. ഫോര്‍മാറ്റില്‍ 17 വിക്കറ്റുകളും 29കാരന്‍റെ അക്കൗണ്ടിലുണ്ട്. നിലവില്‍ ഹാര്‍ദിക്കിന് കീഴില്‍ ടി20 ഫോര്‍മാറ്റില്‍ ഒരു യുവനിരയെ വാര്‍ത്തെടുക്കാനുള്ള ശ്രമത്തിലാണ് ബിസിസിഐ.
അതേസമയം ഇന്‍ഡോറില്‍ ഇന്ത്യ ഉയര്‍ത്തിയ 76 റണ്‍സ് വിജയ ലക്ഷ്യം ഒരു വിക്കറ്റ് നഷ്‌ടത്തില്‍ 78 റണ്‍സെടുത്താണ് ഓസ്‌ട്രേലിയ മറികടന്നത്. ആദ്യം ബാറ്റ് ചെയ്‌ത ഇന്ത്യ നേടിയ 109 റണ്‍സിന് മറുപടിക്കിറങ്ങിയ ഓസീസ് 197 റണ്‍സ് എടുത്തിരുന്നു. ഇതോടെ ഒന്നാം ഇന്നിങ്‌സില്‍ 88 റണ്‍സിന്‍റെ ലീഡാണ് ആതിഥേയര്‍ വഴങ്ങിയത്.
തുടര്‍ന്ന് രണ്ടാം ഇന്നിങ്‌സിന് ഇറങ്ങിയ ആതിഥേയര്‍ 163 റണ്‍സിന് പുറത്താവുകയായിരുന്നു. വിജയത്തോടെ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്‍റെ ഫൈനലില്‍ ഇടം നേടുന്ന ആദ്യ ടീമായും ഓസ്‌ട്രേലിയ മാറി. മറ്റ് ടീമുകളുടെ വിജയ പരാജയങ്ങളെ ആശ്രയിക്കാതെ ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ കളിക്കണമെങ്കില്‍ നാല് മത്സരങ്ങളടങ്ങിയ ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫി പരമ്പരയിലെ അവസാന ടെസ്റ്റ് ഇന്ത്യയ്‌ക്ക് വിജയിക്കേണ്ടതുണ്ട്.
ഈ മാസം ഒമ്പതിന് അഹമ്മദാബാലാണ് പരമ്പരയിലെ അവസാന മത്സരം നടക്കുക. ഇവിടെ വിജയിച്ച് ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ തുടര്‍ച്ചയായ രണ്ടാം ഫൈനലിനിറങ്ങാനാവും രോഹിത് ശര്‍മയും സംഘവും ലക്ഷ്യം വയ്‌ക്കുക. വിരാട് കോലിക്ക് കീഴില്‍ പ്രഥമ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്‍റെ ഫൈനലില്‍ ഇന്ത്യ കളിച്ചിരുന്നു. എന്നാല്‍ ന്യൂസിലന്‍ഡിനോട് പരാജയപ്പെട്ടു.