മുംബൈ : ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിലുള്ള ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫി ടെസ്റ്റ് പരമ്പരയിലെ മൂന്നാം മത്സരത്തിന്‍റ വേദി മാറ്റി. നേരത്തെ നിശ്ചയിച്ചിരുന്ന ധർമ്മശാലയിൽ നിന്ന് ഇൻഡോറിലെ ഹോൾക്കർ സ്റ്റേഡിയത്തിലേക്കാണ് മത്സരം മാറ്റിയത്. മാര്‍ച്ച് ഒന്ന് മുതല്‍ അഞ്ച് വരെയാണ് ഇൻഡോറില്‍ മൂന്നാം ടെസ്റ്റ് നടക്കുക.
ഔട്ട്‌ഫീൽഡുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളെ തുടര്‍ന്നാണ് വേദി മാറ്റമെന്ന് ബിസിസിഐ അറിയിച്ചു. ബിസിസിഐ ക്യൂറേറ്റർ തപോഷ് ചാറ്റർജി നടത്തിയ പരിശോധനയില്‍ ഔട്ട്ഫീൽഡ് ഒരു അന്താരാഷ്ട്ര മത്സരത്തിന് അനുയോജ്യമല്ലെന്ന് വിലയിരുത്തിയിരുന്നു. ഇതോടെ ഞായറാഴ്ച തന്നെ വേദിമാറ്റമുണ്ടാവുമെന്ന് സ്ഥിരീകരിച്ചിരുന്നുവെങ്കിലും ഇന്നാണ് ഇക്കാര്യം ബിസിസിഐ ഔദ്യോഗികമായി അറിയിച്ചത്.
വേണ്ടത്ര പുല്ലില്ല : ധര്‍മ്മശാലയില്‍ അന്താരാഷ്ട്ര മത്സരത്തിന് അനുയോജ്യമായ തരത്തില്‍ ഔട്ട്‌ഫീൽഡിൽ വേണ്ടത്ര പുല്ലിന്‍റെ സാന്ദ്രതയില്ലെന്നാണ് കണ്ടെത്തല്‍. മഴയെത്തുടര്‍ന്ന് വലിയ നാശമുണ്ടായ, ഹിമാചൽ പ്രദേശ് ക്രിക്കറ്റ് അസോസിയേഷന്‍റെ ഉടമസ്ഥതയിലുള്ള സ്റ്റേഡിയത്തില്‍ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ നിലവില്‍ പുരോഗമിക്കുകയാണ്. കാലാവസ്ഥയടക്കം പ്രതികൂലമായിരുന്ന സാഹചര്യത്തില്‍ പുല്ലുവച്ച് പിടിപ്പിക്കുന്നതുള്‍പ്പടെയുള്ള പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിക്കാന്‍ കുറച്ച് സമയമെടുക്കുമെന്നും ബിസിസിഐ വ്യക്തമാക്കിയിട്ടുണ്ട്.
നേരത്തെ 2016-17 ബോര്‍ഡര്‍-ഗാവസ്‌കര്‍ ട്രോഫിയിലെ ഒരു മത്സരത്തിന് ധർമ്മശാല വേദിയായിരുന്നു. അന്ന് ഒരു ദിനം ബാക്കി നില്‍ക്കെ മത്സരം വിജയിച്ച ഇന്ത്യ 2-1ന് പരമ്പരയും നേടിയിരുന്നു. 2020ലാണ് ഇവിടെ അവസാന ഫസ്റ്റ് ക്ലാസ് മത്സരം നടന്നത്.
ഇനി ഡല്‍ഹിയില്‍ : നാല് മത്സരങ്ങളടങ്ങിയ ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫി പരമ്പരയിലെ ആദ്യ ടെസ്റ്റ് വിജയിച്ച ഇന്ത്യ 1-0ത്തിന് മുന്നിലാണ്. നാഗ്‌പൂരിലെ വിദര്‍ഭ ക്രിക്കറ്റ് അസോസിയേഷന്‍ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ഇന്നിങ്‌സിനും 132 റണ്‍സിനുമായിരുന്നു ആതിഥേയര്‍ വിജയം നേടിയത്. ആദ്യം ബാറ്റ് ചെയ്‌ത ഓസീസിന്‍റെ 177 റണ്‍സിന് മറുപടിക്കിറങ്ങിയ ഇന്ത്യ 400 റണ്‍സ് നേടിയിരുന്നു.
ഇതോടെ 223 റണ്‍സിന്‍റെ ഒന്നാം ഇന്നിങ്‌സ് ലീഡ് വഴങ്ങിയിറങ്ങിയ സന്ദര്‍ശകരെ 91 റണ്‍സില്‍ പുറത്താക്കിയാണ് ഇന്ത്യ മിന്നും വിജയം നേടിയത്. ഇന്ത്യയില്‍ ഓസീസിന്‍റെ ഏറ്റവും ചെറിയ ഇന്നിങ്‌സ് സ്‌കോറാണിത്. ഓസീസിന്‍റെ ഇരു ഇന്നിങ്‌സുകളിലുമായി അഞ്ച് വിക്കറ്റ് വീതം നേടിയ ആര്‍ അശ്വിനും രവീന്ദ്ര ജഡേജയുമാണ് ഓസീസിനെ കറക്കി വീഴ്‌ത്തിയത്.
ക്യാപ്റ്റന്‍ രോഹിത് ശര്‍മയുടെ സെഞ്ചുറിയാണ് ഒന്നാം ഇന്നിങ്‌സില്‍ ഇന്ത്യന്‍ ടോട്ടലിന്‍റെ നട്ടെല്ലായത്. അര്‍ധ സെഞ്ചുറിയുമായി രവീന്ദ്ര ജഡേജയും അക്സര്‍ പട്ടേലും പിന്തുണ നല്‍കി. ഫെബ്രുവരി 17 മുതല്‍ 21വരെ ഡൽഹിയിലാണ് അടുത്ത മത്സരം നടക്കുക. മത്സരത്തിനുള്ള ടിക്കറ്റ് വില്‍പ്പന ആരംഭിച്ചിട്ടുണ്ട്.
അടിമുടി മാറാന്‍ ഓസീസ് : 2004ന് ശേഷം ഇന്ത്യയില്‍ ആദ്യ പരമ്പര ലക്ഷ്യം വച്ചെത്തിയ ഓസീസിന് നാഗ്‌പൂരിലെ തോല്‍വി കനത്ത ക്ഷീണമാണ്. സ്‌പിന്നിനെ നേരിടാന്‍ പ്രത്യേക പരിശീലനമുള്‍പ്പടെയുള്ള മുന്നൊരുക്കങ്ങളുമായാണ് സംഘം കളത്തിലിറങ്ങിയതെങ്കിലും അശ്വിനും ജഡേജയ്‌ക്കും മറുപടിയില്ലാതെ വന്നു. ഇതോടെ ഡല്‍ഹിയില്‍ ടീമിന്‍റെ പ്ലേയിങ് ഇലവനില്‍ കാര്യമായ അഴിച്ചുപണിയുണ്ടാവുമെന്നാണ് റിപ്പോര്‍ട്ട്.
നാഗ്‌പൂരില്‍ മോശം പ്രകടനം നടത്തിയ ഓപ്പണര്‍ ഡേവിഡ് വാര്‍ണറെ ടീം പുറത്തിരുത്തുമെന്നാണ് റിപ്പോര്‍ട്ടുള്ളത്. സ്‌പിന്‍ ഓള്‍ റൗണ്ടര്‍ ട്രാവിസ് ഹെഡാകും വാര്‍ണര്‍ക്ക് പകരമെത്തുക. പരിക്കിനെ തുടര്‍ന്ന് നാഗ്‌പൂരില്‍ ഇറങ്ങാതിരുന്ന പേസര്‍ മിച്ചല്‍ സ്റ്റാര്‍ക്ക്, ഓള്‍റൗണ്ടര്‍ കാമറൂണ്‍ ഗ്രീന്‍ എന്നിവരും പ്ലേയിങ് ഇലവനിലേക്ക് മടങ്ങിയെത്തുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.