അഹമ്മദാബാദ്: ഓസ്‌ട്രേലിയയ്‌ക്ക് എതിരായ ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫി പരമ്പരയിലെ അഹമ്മദാബാദ് ടെസ്റ്റില്‍ ഇന്ത്യയ്‌ക്ക് ഒന്നാം ഇന്നിങ്‌സ് ലീഡ്. ഓസീസിന്‍റെ 480 റണ്‍സ് പിന്തുടരുന്ന ഇന്ത്യ ഒടുവില്‍ വിവരം കിട്ടുമ്പോള്‍ 168 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്‌ടത്തില്‍ 519 റണ്‍സാണ് നേടിയിട്ടുള്ളത്. ഇതോടെ സന്ദര്‍ശകരേക്കാള്‍ ഒന്നാം ഇന്നിങ്‌സില്‍ 39 റണ്‍സിന് മുന്നിലാണ് ഇന്ത്യ.
സെഞ്ചുറി പിന്നിട്ട വിരാട് കോലി (169*), അര്‍ധ സെഞ്ചുറി നേടിയ അക്‌സര്‍ പട്ടേല്‍ (51*) എന്നിവരാണ് ക്രീസില്‍ തുടരുന്നത്. 241 പന്തുകളിലാണ് കോലി നൂറ് തികച്ചത്. ഓസീസ് സ്‌പിന്നര്‍ നഥാന്‍ ലിയോണിന്‍റെ പന്ത് ഡീപ് മിഡ് വിക്കറ്റിലേക്ക് ഫ്ലിക്ക് ചെയ്‌ത് സിംഗിള്‍ നേടിയാണ് 34കാരന്‍ മൂന്നക്കം തൊട്ടത്. കോലിയുടെ 28-ാം ടെസ്റ്റ് സെഞ്ചുറിയും 75-ാമത്തെ അന്താരാഷ്‌ട്ര സെഞ്ചുറിയുമാണിത്.
ഇതോടെ ടെസ്റ്റ് ക്രിക്കറ്റില്‍ സെഞ്ചുറിക്കായുള്ള മൂന്നര വര്‍ഷത്തെ കാത്തിരിപ്പാണ് വിരാട് കോലി അവസാനിപ്പിച്ചത്. സമീപ കാലത്തായി വൈറ്റ് ബോള്‍ ക്രിക്കറ്റില്‍ ഫോമിലേക്ക് മടങ്ങിയെത്തിയെങ്കിലും 2019 നവംബറിലായിരുന്നു ഇന്ത്യയുടെ റണ്‍ മെഷീന്‍ ടെസ്റ്റില്‍ അവസാന സെഞ്ചുറി നേടിയത്.
തുടര്‍ന്ന് കളിച്ച 41 ഇന്നിങ്‌സുകളിലും സെഞ്ചുറി അകന്ന് നില്‍ക്കുകയായിരുന്നു. ഇക്കാലയളവില്‍ 79 റണ്‍സ് നേടിയതായിരുന്നു വിരാട് കോലിയുടെ ഏറ്റവും ഉയര്‍ന്ന സ്കോര്‍. അതേസമയം മത്സരത്തിന്‍റെ നാലാം ദിനമായ ഇന്ന് മൂന്നിന് 289 റണ്‍സെന്ന നിലയില്‍ ഒന്നാം ഇന്നിങ്‌സ് ബാറ്റിങ് തുടര്‍ന്ന ഇന്ത്യയ്‌ക്ക് രവീന്ദ്ര ജഡേജ, ശ്രീകര്‍ ഭരത് എന്നിവരുടെ വിക്കറ്റുകളാണ് നഷ്‌ടമായത്. പുറം വേദനയെത്തുടര്‍ന്ന് ഇറങ്ങാതിരുന്ന ശ്രേയസ് അയ്യര്‍ക്ക് പകരം സ്ഥാനക്കറ്റം ലഭിച്ചായിരുന്നു ഇരുവരും കളത്തിലെത്തിയത്.
ഏറെ കരുതലോടെയാണ് ഇന്ത്യ ഇന്ന് തുടങ്ങിയത്. എന്നാല്‍ ആദ്യ സെഷനില്‍ തന്നെ ജഡേജയെ സംഘത്തിന് നഷ്‌ടമായി. ടോഡ് മര്‍ഫിയുടെ പന്തില്‍ അനാവശ്യ ഷോട്ട് കളിച്ച് രവീന്ദ്ര ജഡേജ ഉസ്‌മാന്‍ ഖവാജയുടെ കയ്യില്‍ അവസാനിക്കുകയായിരുന്നു. 84 പന്തുകളില്‍ 28 റണ്‍സെടുത്താണ് താരം പുറത്തായത്.
കോലിക്കൊപ്പം നാലാം വിക്കറ്റില്‍ 64 റണ്‍സ് കൂട്ടിച്ചേര്‍ത്തായിരുന്നു ജഡേജ തിരിച്ച് കയറിയത്. തുടര്‍ന്നെത്തിയ ശ്രീകര്‍ ഭരതും കോലിയൊടൊപ്പം ചേര്‍ന്ന് ശ്രദ്ധയോടെയാണ് കളിച്ചത്. എന്നാല്‍ 88 പന്തില്‍ 44 റണ്‍സെടുത്ത ഭരത്തിനെ പീറ്റര്‍ ഹാന്‍ഡ്‌കോംബിന്‍റെ കയ്യിലെത്തിച്ച് ലിയോണ്‍ ഈ കൂട്ടുകെട്ട് പൊളിച്ചു.
തുടര്‍ന്ന് ഒന്നിച്ച കോലിയും അക്‌സറും ചേര്‍ന്ന് 164-ാം ഓവറിലാണ് ഇന്ത്യയെ 500ല്‍ എത്തിച്ചത്. പിന്നാലെ 168-ാം ഓവറിന്‍റെ ആദ്യ പന്തില്‍ അക്‌സര്‍ അര്‍ധ സെഞ്ചുറി പൂര്‍ത്തിയാക്കി.
മത്സരത്തിന്‍റെ മൂന്നാം ദിനമായ ഇന്നലെ ശുഭ്‌മാന്‍ ഗില്ലും ഇന്ത്യയ്‌ക്കായി സെഞ്ചുറി നേടിയിരുന്നു. 235 പന്തില്‍ 128 റണ്‍സ് നേടിയ ഗില്‍ കഴിഞ്ഞ ദിവസത്തിലെ ഇന്ത്യയുടെ അവസാന വിക്കറ്റായിരുന്നു. നഥാന്‍ ലിയോണിന്‍റെ കുത്തിത്തിരിഞ്ഞ പന്തില്‍ വിക്കറ്റിന് മുന്നില്‍ കുടങ്ങിയായിരുന്നു ഗില്‍ തിരികെ മടങ്ങിയത്.
12 ഫോറുകളും ഒരു സിക്‌സും അടങ്ങുന്നതായിരുന്നു ഗില്ലിന്‍റെ ഇന്നിങ്‌സ്. താരത്തിന്‍റെ കരിയറിലെ രണ്ടാം ടെസ്റ്റ് സെഞ്ചുറിയാണിത്. കഴിഞ്ഞ ഡിസംബറില്‍ ബംഗ്ലാദേശിനെതിരെയായിരുന്നു ഗില്‍ ടെസ്റ്റില്‍ കന്നി സെഞ്ചുറി നേടിയത്.
ALSO READ: IPL 2023 : പരിക്ക് ഭേദമാകാതെ ഇംഗ്ലീഷ് സൂപ്പര്‍ താരം ; പഞ്ചാബ് കിങ്‌സിന് വമ്പന്‍ ആശങ്ക