അഹമ്മദാബാദ് : ഓസ്‌ട്രേലിയയ്‌ക്ക് എതിരായ ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫി പരമ്പരയിലെ അഹമ്മദാബാദ് ടെസ്റ്റിന്‍റെ നാലാം ദിനമായ ഇന്ന് ഇന്ത്യയ്‌ക്ക് ഏറെ നിര്‍ണായകം. ആദ്യം ബാറ്റ് ചെയ്‌ത ഓസീസിന്‍റെ 480 റണ്‍സ് പിന്തുടരുന്ന ഇന്ത്യ മൂന്നാം ദിന മത്സരം അവസാനിപ്പിച്ചത് മൂന്നിന് 289 റണ്‍സെന്ന നിലയിലാണ്. നിലവില്‍ ഓസീസിനേക്കാള്‍ 191 റണ്‍സ് പിന്നിലാണ് ഇന്ത്യ.
ഇതോടെ ലീഡ് ലക്ഷ്യംവച്ച് ഇന്ത്യ ബാറ്റ് വീശുമ്പോള്‍ മത്സരത്തിലേക്ക് തിരികെയെത്താനാവും ഓസീസിന്‍റെ ശ്രമം. അര്‍ധ സെഞ്ചുറി പിന്നിട്ട വിരാട് കോലിയും (128 പന്തില്‍ 59* റണ്‍സ്), രവീന്ദ്ര ജഡേജയുമാണ് (54 പന്തില്‍ 16* റണ്‍സ് ) ക്രീസില്‍. വിരാട് കോലിയുടെ സെഞ്ചുറിക്കായും നാലാം ദിനത്തില്‍ ആരാധകര്‍ പ്രതീക്ഷ വയ്‌ക്കുന്നുണ്ട്.
വൈറ്റ് ബോള്‍ ക്രിക്കറ്റില്‍ ഫോമിലേക്ക് മടങ്ങിയെത്തിയെങ്കിലും 2019 നവംബറിലാണ് കോലിയുടെ അവസാന ടെസ്റ്റ് സെഞ്ചുറി പിറന്നത്. നിലവിലെ സാഹചര്യത്തില്‍ അഹമ്മദാബാദിലെ മത്സരം ഏറെക്കുറെ സമനിലയിലേക്കാണ് നീങ്ങുന്നതെന്ന് അനുമാനിക്കാം. കാരണം ബോളര്‍മാര്‍ക്ക് കാര്യമായ പിന്തുണ ഇല്ലാത്ത പിച്ചില്‍ രണ്ട് ദിനം കൊണ്ട് കാര്യങ്ങള്‍ അത്ര വേഗത്തില്‍ മാറി മറിയില്ലെന്ന് പ്രതീക്ഷിക്കാം.
ഗില്ലാട്ടം : ക്യാപ്റ്റന്‍ രോഹിത് ശര്‍മ, ചേതേശ്വര്‍ പുജാര, ശുഭ്‌മാന്‍ ഗില്‍ എന്നിവരുടെ വിക്കറ്റുകള്‍ ഇന്ത്യയ്‌ക്ക് ഇന്നലെ നഷ്‌ടമായിരുന്നു. സെഞ്ചുറി നേടിയ ഗില്ലായിരുന്നു ഇന്നലെ അവസാനം വീണത്. 235 പന്തില്‍ 128 റണ്‍സ് നേടിയ താരത്തെ നഥാന്‍ ലിയോണ്‍ വിക്കറ്റിന് മുന്നില്‍ കുടുക്കുകയായിരുന്നു.
23കാരനായ ഗില്ലിന്‍റെ കരിയറിലെ രണ്ടാം ടെസ്റ്റ് സെഞ്ചുറിയാണിത്. 12 ഫോറുകളും ഒരു സിക്‌സും അടങ്ങുന്നതായിരുന്നു താരത്തിന്‍റെ തകര്‍പ്പന്‍ ഇന്നിങ്‌സ്. കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ നടന്ന ബംഗ്ലാദേശ് പര്യടനത്തിലാണ് ഗില്ലിന്‍റെ ആദ്യ ടെസ്റ്റ് സെഞ്ചുറി പിറന്നത്. തുടര്‍ന്ന് ഇന്ത്യ കളിച്ച വൈറ്റ് ബോള്‍ പരമ്പരകളില്‍ ഇരട്ട സെഞ്ചുറിയടക്കം നേടിയ താരം ഈ മിന്നും ഫോം തുടര്‍ന്നു.
എന്നാല്‍ ഓസ്‌ട്രേലിയയ്‌ക്ക് എതിരായ ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫി പരമ്പരയിലെ ആദ്യ രണ്ട് ടെസ്റ്റുകളിലും ഗില്ലിന് ബെഞ്ചിലിരിക്കേണ്ടി വന്നു. ഓപ്പണറായി കെഎല്‍ രാഹുലായിരുന്നു ടീമിലിടം പിടിച്ചത്. കളിച്ച മൂന്ന് ഇന്നിങ്‌സുകളിലും ദയനീയമായി പരാജയപ്പെട്ട രാഹുല്‍ പുറത്തായതോടെയാണ് ഗില്‍ ഇന്ത്യയുടെ പ്ലെയിങ് ഇലവനിലേക്ക് മടങ്ങിയെത്തുന്നത്.
ഇന്‍ഡോറില്‍ നടന്ന മൂന്നാം ടെസ്റ്റില്‍ കളിച്ചുവെങ്കിലും ഗില്ലിന് തിളങ്ങാന്‍ കഴിഞ്ഞിരുന്നില്ല. ഇതോടെ ചില കോണുകളില്‍ നിന്നും താരത്തിനെതിരെ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. ഇക്കൂട്ടരുടെ വായടപ്പിക്കുന്ന മറുപടിയാണ് ഗില്‍ ഇന്നലെ നല്‍കിയത്.
രോഹിത്തിന്‍റെ വിക്കറ്റായിരുന്നു ഇന്ത്യയ്‌ക്ക് ആദ്യം നഷ്‌ടമായത്. ഗില്ലിനൊപ്പം അനാസായം ബാറ്റ് വീശുകയായിരുന്ന രോഹിത്തിനെ മാത്യു കുനെഹ്‌മാനാണ് പുറത്താക്കിയത്. ഷോര്‍ട്ട് കവറിലേക്ക് ചിപ്പ് ഷോട്ടിന് ശ്രമിച്ച ഇന്ത്യന്‍ നായകനെ മാര്‍നസ് ലബുഷെയ്‌നാണ് പിടികൂടിയത്.
ALSO READ: ഓസീസിനെതിരായ അർധ സെഞ്ച്വറി ; ലാറയെ മറികടന്ന് കോലി, മുന്നിൽ ഇനി സച്ചിൻ മാത്രം
58 പന്തില്‍ നിന്നും മൂന്ന് ഫോറുകളും ഒരു സിക്‌സും സഹിതം 35 റണ്‍സാണ് രോഹിത് നേടിയത്. ഗില്ലിനൊപ്പം ഒന്നാം വിക്കറ്റില്‍ 74 റണ്‍സ് നേടിയാണ് രോഹിത് മടങ്ങിയത്. ഗില്ലിനൊപ്പം മൂന്നാമന്‍ ചേതേശ്വര്‍ പുജാരയും ക്രീസില്‍ ഉറച്ചതോടെ ഓസീസ് ബോളര്‍മാര്‍ പാടുപെട്ടു. എന്നാല്‍ 121 പന്തില്‍ 42 റണ്‍സെടുത്ത പുജാരയെ തിരിച്ച് കയറ്റി ടോഡ് മര്‍ഫി ഓസീസിന് ബ്രേക്ക് ത്രൂ നല്‍കി.
രണ്ടാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് 113 റണ്‍സ് നേടിയിരുന്നു. അധികം വൈകാതെ ഗില്ലും വീണു. പവലിയനിലേക്ക് മടങ്ങും മുമ്പ് നാലാം നമ്പറിലെത്തിയ വിരാട് കോലിയോടൊപ്പം 58 റണ്‍സ് ഗില്‍ ഇന്ത്യന്‍ ടോട്ടലിലേക്ക് ചേര്‍ത്തിരുന്നു.