സിഡ്‌നി: ഇന്ത്യയ്‌ക്കെതിരായ ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫി ടെസ്റ്റ് പരമ്പര ഓസ്‌ട്രേലിയ നേടുമെന്ന് ഓസീസിന്‍റെ മുന്‍ താരവും ഇന്ത്യയുടെ കോച്ചുമായിരുന്ന ഗ്രെഗ് ചാപ്പൽ. പ്രമുഖരായ ചില താരങ്ങളുടെ അഭാവം ഇന്ത്യയ്‌ക്ക് തിരിച്ചടിയാവും. വിരാട് കോലിയെ ഇന്ത്യയ്‌ക്ക് കൂടുതല്‍ ആശ്രയിക്കേണ്ടി വരുമെന്നും 74കാരനായ ചാപ്പല്‍ പറഞ്ഞു.
"ഓസ്‌ട്രേലിയയ്ക്ക് ഈ പരമ്പര ജയിക്കാൻ കഴിയും. പ്രമുഖ താരങ്ങളായ റിഷഭ് പന്ത്, രവീന്ദ്ര ജഡേജ, ജസ്‌പ്രീത് ബുംറ തുടങ്ങിയവരുടെ പരിക്ക് പരിക്കുമൂലം സ്വന്തം മണ്ണില്‍ നേരത്തേക്കാള്‍ ദുർബലമാണ് ഇന്ത്യയിപ്പോള്‍. അവർ വിരാട് കോലിയെ കൂടുതൽ ആശ്രയിക്കും". സിഡ്‌നി മോർണിങ് ഹെറാൾഡിലെ ഒപ്പീനിയന്‍ കോളത്തിലാണ് ചാപ്പല്‍ ഇക്കാര്യം എഴുതിയിത്.
ജഡേജയുണ്ട്, ബുംറയുമെത്തിയേക്കും: കാൽമുട്ടിനേറ്റ പരിക്കിൽ നിന്നും മോചിതനായി കഴിഞ്ഞ മാസം രഞ്ജി ട്രോഫിയിലൂടെ തിരികെയെത്തിയ പ്രീമിയർ സ്പിന്‍ ബോളിങ് ഓള്‍ റൗണ്ടര്‍ രവീന്ദ്ര ജഡേജ ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫിയ്‌ക്കുള്ള ഇന്ത്യന്‍ സ്‌ക്വാഡിന്‍റെ ഭാഗമാണ്. കഴിഞ്ഞ വര്‍ഷാവസാനത്തില്‍ കാര്‍ അപകടത്തില്‍ പരിക്കേറ്റ റിഷഭ് പന്തിന് ഈ വർഷത്തിന്‍റെ ഭൂരിഭാഗവും പുറത്തിരിക്കേണ്ടിവരുമ്പോള്‍ മുതുകിനേറ്റ പരിക്കിനെ തുടര്‍ന്ന് ഏറെ നാളായി ക്രിക്കറ്റില്‍ നിന്നും വിട്ടുനില്‍ക്കുന്ന ബുംറ ആദ്യ രണ്ട് ടെസ്റ്റുകൾക്കുള്ള ഇന്ത്യൻ ടീമിൽ ഇടം നേടിയിട്ടില്ല. നാല് മത്സര പരമ്പരയിലെ ബാക്കിയുള്ള രണ്ട് കളിക്ക് ബുംറ ഇറങ്ങിയേക്കുമെന്നാണ് പ്രതീക്ഷ.
കാര്യങ്ങള്‍ മാറുക ഏറെ വേഗത്തില്‍: ഇന്ത്യന്‍ പിച്ചുകളുടെ സ്വഭാവം വളരെ വേഗത്തിലാണ് മാറുകയെന്നും ചാപ്പല്‍ ഓസീസ് താരങ്ങളെ ഓര്‍മ്മിപ്പിച്ചു. "അപ്രതീക്ഷിതമായി ഒന്നുമില്ലെന്ന് പലപ്പോഴും സന്ദർശക ടീമുകൾ കബളിപ്പിക്കപ്പെടുന്ന മത്സരങ്ങളില്‍ ഞൊടിയിടയിലാണ് കാര്യങ്ങള്‍ മാറുക. ഇന്ത്യന്‍ താരങ്ങള്‍ക്ക് ഇത് പരിചിതമാണ്.
ഇക്കാരത്താല്‍ ബാറ്റും പന്തും കൊണ്ടെന്നപോല്‍ മനസുകൊണ്ടും ഓസ്‌ട്രേലിയ എത്രയും വേഗത്തിൽ ഇതിനോട് പൊരുത്തപ്പെടേണ്ടതുണ്ട്". ഇന്ത്യയുടെ മുന്‍ കോച്ച് പറഞ്ഞു. ഓസ്‌ട്രേലിയന്‍ ടീമിലെ ഒരേയൊരു ഇടംകൈയൻ ട്വീക്കറായ ഫിംഗർ സ്പിന്നർ ആഷ്ടൺ അഗർ, ടേണിങ് ട്രാക്കുകളിൽ നഥാൻ ലിയോണിനെ പങ്കാളിയാക്കാൻ മുൻഗണന നൽകണമെന്നും ചാപ്പൽ അഭിപ്രായപ്പെട്ടു.
ഈ മാസം ഒമ്പതിന് നാഗ്പൂരിലാണ് നാല് ടെസ്റ്റുകളടങ്ങിയ പരമ്പരയിലെ ആദ്യ മത്സരം നടക്കുക. തുടര്‍ന്ന് ഡൽഹി (ഫെബ്രുവരി 17-21), ധർമശാല (മാര്‍ച്ച് 1-5), അഹമ്മദാബാദ് ( മാര്‍ച്ച് 9-13) എന്നിവിടങ്ങളിലും മറ്റ് മത്സരങ്ങള്‍ നടക്കും. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിലെത്തുന്നതിന് ഇന്ത്യയ്‌ക്ക് ഏറെ നിര്‍ണായകമായ പരമ്പര കൂടിയാണിത്.
2004ന് ശേഷം ഇന്ത്യയില്‍ മറ്റൊരു ടെസ്റ്റ് പരമ്പര ലക്ഷ്യം വയ്‌ക്കുന്ന പാറ്റ് കമ്മിന്‍സിനും കൂട്ടര്‍ക്കും ഇന്ത്യന്‍ സ്‌പിന്നര്‍മാര്‍ ഭീഷണിയാകുമെന്ന കണക്കൂട്ടലുകളുണ്ട്. ഇതോടെ സ്‌പിന്നിനെ നേരിടുന്നതിനായി ഓസീസ് ബാറ്റര്‍മാര്‍ പ്രത്യേക പരിശീലനമാണ് നടത്തുന്നത്.
ALSO READ: സ്‌മിത്തിനെ പൂട്ടാന്‍ അക്‌സറിന് കഴിയും; കാരണം ചൂണ്ടിക്കാട്ടി ഇര്‍ഫാന്‍ പഠാന്‍
ഓസ്‌ട്രേലിയ സ്ക്വാഡ് : പാറ്റ് കമ്മിൻസ് (സി), ആഷ്ടൺ അഗർ, സ്കോട്ട് ബോലാൻഡ്, അലക്സ് കാരി, കാമറൂൺ ഗ്രീൻ, പീറ്റർ ഹാൻഡ്‌സ്‌കോംബ്, ഹേസല്‍വുഡ്, ട്രാവിസ് ഹെഡ്, ഉസ്മാൻ ഖവാജ, മർനസ് ലബുഷെയ്‌ന്‍, നഥാൻ ലിയോൺ, ലാൻസ് മോറിസ്, ടോഡ് മർഫി, മാത്യു റെൻഷോ, സ്റ്റീവ് സ്മിത്ത്, മിച്ചൽ സ്റ്റാർക്ക്, മിച്ചൽ സ്വെപ്സൺ, ഡേവിഡ് വാർണർ.
ആദ്യ രണ്ട് ടെസ്റ്റിനായുള്ള ഇന്ത്യൻ ടീം: രോഹിത് ശർമ (ക്യാപ്‌റ്റൻ), കെ എൽ രാഹുൽ( വൈസ് ക്യാപ്‌റ്റൻ), ശുഭ്‌മാൻ ഗിൽ, ചേതേശ്വർ പൂജാര, വിരാട് കോലി, ശ്രേയസ് അയ്യർ, സൂര്യകുമാർ യാദവ്, കെ എസ് ഭരത് (വിക്കറ്റ് കീപ്പർ), ഇഷാൻ കിഷൻ (വിക്കറ്റ് കീപ്പർ), ആർ അശ്വിൻ, അക്‌സർ പട്ടേൽ, കുൽദീപ് യാദവ്, രവീന്ദ്ര ജഡേജ, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്, ഉമേഷ് യാദവ്, ജയ്ദേവ് ഉനദ്‌ഘട്ട്.