ബെംഗളൂരു : ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫി ടെസ്റ്റ് പരമ്പരയില്‍ ഇന്ത്യയിലെ സ്‌പിന്നിന് അനുകൂലമായ പിച്ച് വെല്ലുവിളിയാവുമെന്ന് ഓസ്‌ട്രേലിയക്ക് ഉറപ്പാണ്. ഓഫ് സ്‌പിന്നര്‍ ആര്‍ അശ്വിനുള്‍പ്പടെയുള്ള താരങ്ങള്‍ അപകടകമാരികളാവുമെന്നാണ് ഓസീസിന്‍റെ കണക്കുകൂട്ടല്‍. ഈ പ്രതിസന്ധി മറികടക്കുന്നതിനായി അശ്വിന്‍റെ ഡ്യൂപ്ലിക്കേറ്റിനെ തന്നെ ഇറക്കി പരിശീലനം നടത്തുകയാണ് ഓസീസ്.
അശ്വിനോട് അസാധാരണ സാമ്യമുള്ള ബറോഡ താരം മഹേഷ് പിത്തിയയെക്കൊണ്ട് പന്തെറിയിച്ചാണ് ഓസീസ് ബാറ്റര്‍മാര്‍ പരിശീലനം നടത്തുന്നത്. സ്‌റ്റീവ് സ്‌മിത്ത്, മാർനസ് ലബുഷെയ്‌ന്‍, ട്രാവിസ് ഹെഡ് എന്നിവര്‍ക്കെതിരെ മികച്ച പ്രകടനമാണ് 21കാരനായ പിത്തിയ നടത്തുന്നത്. കഴിഞ്ഞ വര്‍ഷം ഡിസംബറിൽ ബറോഡയ്‌ക്കായി ഫസ്റ്റ് ക്ലാസില്‍ അരങ്ങേറ്റം കുറിച്ച പിത്തിയയുടെ പ്രകടനം സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.
ഓസ്‌ട്രേലിയുടെ ത്രോഡൗൺ ബോളര്‍മാരില്‍ ഒരാളായ പ്രതേഷ് ജോഷിയാണ് പിത്തിയയെ ഓസ്‌ട്രേലിയയുടെ അസിസ്റ്റന്‍റ് കോച്ച് ആന്ദ്രെ ബോറോവെക്കിന്‍റെ ശ്രദ്ധയിൽപ്പെടുത്തിയത്. ഹൈദരാബാദിന് വേണ്ടി ഫസ്റ്റ് ക്ലാസ് ക്രിക്കറ്റ് കളിച്ച ഇടംകൈയ്യൻ സ്പിന്നർ മെഹ്‌റോത്ര ശശാങ്കിനും ക്യാമ്പിൽ പങ്കെടുക്കാൻ അദ്ദേഹം സൗകര്യമൊരുക്കി.
രസകരമായ കാര്യമെന്താണെന്നുവച്ചാല്‍ ഗുജറാത്തിലെ ജുനഗഡിൽ വളർന്ന പിത്തിയയ്‌ക്ക് തന്‍റെ 11ാം വയസുവരെ അശ്വിൻ ബോള്‍ ചെയ്യുന്നത് കാണാനേ കഴിഞ്ഞിട്ടില്ല. ഗ്രാമത്തിലെ ടിവിയുടെ അഭാവമായിരുന്നു ഇതിന് കാരണം. ഒടുവിൽ 2013ൽ വെസ്റ്റ് ഇൻഡീസിനെതിരായ പരമ്പരയിലാണ് താരം അശ്വിന്‍റെ പ്രകടനം കാണുന്നത്. ഇപ്പോള്‍ അശ്വിന്‍റെ കടുത്ത ആരാധകനാണ് പിത്തിയ.
അതേസമയം അശ്വിൻ ഉയർത്തുന്ന വെല്ലുവിളി പൂർണമായി അനുകരിക്കാൻ ലോകത്തിലെ ഒരു സ്പിന്നർക്കും കഴിയില്ലെന്ന വ്യക്തമായ ധാരണ ഓസീസിനുണ്ട്. എന്നാല്‍ പിത്തിയയെ നേരിടുക എന്നത് ലോകത്തിലെ ഏറ്റവും മികച്ച ടെസ്റ്റ് സ്പിൻ ബോളര്‍മാരുടെ ദൃശ്യാനുഭവങ്ങളുമായി പൊരുത്തപ്പെടാൻ ബാറ്റര്‍മാരെ സഹായിക്കുമെന്ന് ക്രിക്കറ്റ് ഓസ്‌ട്രേലിയ ഇതുസംബന്ധിച്ച റിപ്പോര്‍ട്ടില്‍ പറഞ്ഞു.
നാല് ടെസ്റ്റുകളടങ്ങിയതാണ് ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫി പരമ്പര. ഫെബ്രുവരി ഒമ്പത് മുതല്‍ 13 വരെ നാഗ്‌പൂരിലാണ് ആദ്യ ടെസ്റ്റ് നടക്കുക. തുടര്‍ന്ന് ഡൽഹി (ഫെബ്രുവരി 17-21), ധർമശാല (മാര്‍ച്ച് 1-5), അഹമ്മദാബാദ് ( മാര്‍ച്ച് 9-13) എന്നിവിടങ്ങളിലും പരമ്പരയിലെ മറ്റ് മത്സരങ്ങള്‍ നടക്കും.
ALSO READ: കോലിക്ക് പകരമാവേണ്ടത് അവന്‍; ഓര്‍മക്കുറവുണ്ടാവരുതെന്ന് ദിനേശ് കാര്‍ത്തിക്
2004ന് ശേഷം ഇന്ത്യയിൽ വീണ്ടുമൊരു ടെസ്റ്റ് പരമ്പര ഓസീസ് ലക്ഷ്യം വയ്‌ക്കുമ്പോള്‍ മിന്നും പ്രകടനത്തോടെ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിനിറങ്ങാനാണ് ഇന്ത്യ ശ്രമിക്കുക. ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് പോയിന്‍റ് പട്ടികയില്‍ ഒന്നാം സ്ഥാനക്കാരായ ഓസ്‌ട്രേലിയ ഇതിനകം തന്നെ ഫൈനലുറപ്പിച്ചിട്ടുണ്ട്.
ഓസ്‌ട്രേലിയ സ്ക്വാഡ് : പാറ്റ് കമ്മിൻസ് (സി), ആഷ്ടൺ അഗർ, സ്കോട്ട് ബോലാൻഡ്, അലക്സ് കാരി, കാമറൂൺ ഗ്രീൻ, പീറ്റർ ഹാൻഡ്‌സ്‌കോംബ്, ഹേസല്‍വുഡ്, ട്രാവിസ് ഹെഡ്, ഉസ്മാൻ ഖവാജ, മർനസ് ലബുഷെയ്‌ന്‍, നഥാൻ ലിയോൺ, ലാൻസ് മോറിസ്, ടോഡ് മർഫി, മാത്യു റെൻഷോ, സ്റ്റീവ് സ്മിത്ത്, മിച്ചൽ സ്റ്റാർക്ക്, മിച്ചൽ സ്വെപ്സൺ, ഡേവിഡ് വാർണർ.