മുംബൈ: ഇന്ത്യയുടെ ഏറ്റവും മികച്ച സ്വിങ് ബോളര്‍മാരില്‍ ഒരാളാണ് വെറ്ററന്‍ താരം ഭുവനേശ്വര്‍ കുമാര്‍. ടീം ഇന്ത്യയുടെ മികച്ച വിജയങ്ങളില്‍ പലപ്പോഴും ഭുവി എന്നറിയപ്പെടുന്ന ഉത്തർപ്രദേശ് താരം നിർണായക പങ്ക് വഹിച്ചിട്ടുമുണ്ട്. എന്നാല്‍ സമീപ കാലത്തായി ഇന്ത്യന്‍ ടീമിന് പുറത്താണ് 33-കാരനായ ഭുവനേശ്വര്‍ കുമാറിന്‍റെ സ്ഥാനം. പരിക്കും മോശം ഫോമും അലട്ടിയതിനൊപ്പം യുവ താരങ്ങളുടെ കടന്നുവരവുമാണ് ഭുവനേശ്വര്‍ കുമാറിനെ ദേശീയ ടീമിന് പുറത്തിരുത്തിയത്.
ഇപ്പോഴിതാ ഭുവനേശ്വർ കുമാർ അന്താരാഷ്‌ട്ര ക്രിക്കറ്റില്‍ നിന്നും വിരമിച്ചേക്കുമെന്ന് അഭ്യൂഹങ്ങള്‍ പ്രചരിക്കുകയാണ്. സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ ഇന്‍സ്റ്റഗ്രാമിലെ തന്‍റെ ബയോയില്‍ നിന്നും 'ഇന്ത്യന്‍ ക്രിക്കറ്റര്‍' എന്നത് 33-കാരൻ മാറ്റിയതാണ് ആഭ്യൂഹങ്ങള്‍ക്ക് വഴിവച്ചിരിക്കുന്നത്. നേരത്തെ ഇന്ത്യന്‍ ക്രിക്കറ്റര്‍ എന്നുണ്ടായിരുന്ന സ്ഥാനത്ത് നിലവില്‍ 'ഇന്ത്യന്‍' എന്ന് മാത്രമാണ് കാണാന്‍ കഴിയുന്നത്.
2018-ല്‍ ദക്ഷിണാഫ്രിക്കയ്‌ക്ക് എതിരെ ജോഹന്നാസ്‌ബര്‍ഗിലാണ് ഭുവനേശ്വര്‍ കുമാര്‍ അവസാനമായി ഇന്ത്യയ്‌ക്കായി ടെസ്റ്റിനിറങ്ങിയത്. 2022 ജനുവരിയിൽ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ പാർലിലായിരുന്നു അവസാന ഏകദിനം. ഇതേവര്‍ഷം നവംബറില്‍ നേപ്പിയറില്‍ ന്യൂസിലന്‍ഡിന് എതിരെയാണ് ടി20യിലും താരം അവസാനമായി കളിച്ചത്.
ഈ വർഷം ബിസിസിഐ കരാര്‍ ഭുവിക്ക് നഷ്‌ടപ്പെട്ടിരുന്നു. ഇതോടൊപ്പം ഏഷ്യ കപ്പും പിന്നാലെ സ്വന്തം മണ്ണില്‍ ഏകദിന ലോകകപ്പും ഉള്‍പ്പെടെ നടക്കാനിരിക്കെ സെലക്‌ടര്‍മാരുടെ റഡാറില്‍ ഭുവേശ്വര്‍ കുമാറിന് സ്ഥാനമില്ലെന്ന് വ്യക്തമാണ്. ജസ്‌പ്രീത് ബുംറ, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ് എന്നിവരാണ് നിലവില്‍ ഇന്ത്യയുടെ പ്രധാന പേസര്‍മാര്‍. ഇവര്‍ക്ക് പുറമെ ഉമ്രാന്‍ മാലിക്, മുകേഷ് കുമാര്‍ തുടങ്ങിയ താരങ്ങളെ വളര്‍ത്തിയെടുക്കാന്‍ ബിസിസിഐ ശ്രമം നടത്തുന്നുമുണ്ട്.
ഇതിന്‍റെ പശ്ചാത്തലത്തില്‍ കൂടിയാണ് നിലവിലെ അഭ്യൂഹങ്ങള്‍. ഇന്ത്യയുടെ അയർലൻഡ് പര്യടനത്തിന് ശേഷം ഭുവനേശ്വർ കുമാർ അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ചേക്കുമെന്നാണ് സംസാരമുള്ളത്. ഒക്‌ടോബറിലാണ് മൂന്ന് മത്സര ടി20 പരമ്പരയ്‌ക്കായി ഇന്ത്യ അയര്‍ലന്‍ഡില്‍ പര്യടനം നടത്തുന്നത്. പരമ്പരയുടെ ഷെഡ്യൂള്‍ നേരത്തെ പുറത്തുവിട്ടിരുന്നുവെങ്കിലും ടീമിനെ ബിസിസിഐ പ്രഖ്യാപിച്ചിട്ടില്ല.
പരിക്കുമായി ബന്ധപ്പെട്ട് ഏറെ നാളായി പുറത്തുള്ള ജസ്‌പ്രീത് ബുംറയെ പര്യടനത്തിലൂടെ തിരിച്ചെത്തിക്കാന്‍ ബിസിസിഐ ശ്രമിക്കുന്നുണ്ടെന്ന് നേരത്തെ തന്നെ റിപ്പോര്‍ട്ടുണ്ട്. ഇതോടെ പരമ്പരയില്‍ ഭുവിയ്‌ക്കും സെലക്‌ടര്‍മാര്‍ അവസരം നല്‍കുമോയെന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്. വെസ്റ്റ് ഇൻഡീസ് പര്യടനത്തിന് ശേഷമാവും ടീം ഇന്ത്യ അയര്‍ലന്‍ഡിലേക്ക് പറക്കുക.
ഏഷ്യ കപ്പും തൊട്ടുപിന്നാലെ ഏകദിന ലോകകപ്പും നടക്കാനിരിക്കെ യുവ താരങ്ങള്‍ക്ക് പരമ്പരയില്‍ കൂടുതല്‍ അവസരം ലഭിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ട്. ഡബ്ലിന്‍റെ പ്രാന്തപ്രദേശത്തുള്ള മലാഹിഡെയാണ് ഇന്ത്യ- അയര്‍ലന്‍ഡ് ടി20 പരമ്പരയ്‌ക്ക് വേദിയാവുന്നത്. പരമ്പരയിലെ ആദ്യ മത്സരം ഓഗസ്റ്റ് 18-നാണ്. തുടര്‍ന്ന് 20-ന് രണ്ടും 23-ന് മൂന്നും ടി20 മത്സരങ്ങള്‍ അരങ്ങേറും. ഇന്ത്യന്‍ സമയം ഉച്ച കഴിഞ്ഞ് മൂന്ന് മണിയ്ക്കാണ് മത്സരങ്ങള്‍ തുടങ്ങുക.