ന്യൂഡൽഹി : ടി 20 ലോകകപ്പിന് ശേഷം സ്ഥാനമൊഴിയുന്ന രവിശാസ്‌ത്രിക്ക് പകരം മുൻ ഇന്ത്യൻ താരവും പരിശീലകനുമായിരുന്ന അനിൽ കുംബ്ലെ തിരിച്ചു വരുമെന്ന് റിപ്പോർട്ടുകൾ. രാഹുല്‍ ദ്രാവിഡ്, എം.എസ്. ധോണി, ശ്രീലങ്കന്‍ താരം മഹേല ജയവര്‍ധനെ തുടങ്ങിയ താരങ്ങളെല്ലാം പരിഗണനയിലുണ്ടെങ്കിലും ബിസിസിഐ അനിൽ കുംബ്ലെയെ വിണ്ടും പരിഗണിക്കാനാണ് സാധ്യത.
2016ൽ ഇന്ത്യൻ ടീമിന്‍റെ പരിശീലകനായിരുന്ന കുംബ്ലെ ക്യാപ്റ്റൻ വിരാട് കോലിയുമായുള്ള അഭിപ്രായവ്യത്യാസങ്ങളെ തുടർന്ന് 2017ൽ സ്ഥാനമൊഴിയുകയായിരുന്നു. കുംബ്ലെയുടെ പടിയിറക്കത്തിൽ അന്ന് സൗരവ് ഗാംഗുലി അടക്കം പല താരങ്ങൾക്കും വിയോജിപ്പുണ്ടായിരുന്നു. എന്നാൽ ഇന്ന് ഗാംഗുലി ബിസിസിഐ പ്രസിഡന്‍റ് ആയതിനാൽ കുംബ്ലെയുടെ മടങ്ങിവരവിന് സാധ്യതകൾ ഏറെയാണ്.
എന്നാൽ ബിസിസിഐയുടെ തീരുമാനം കോലിക്കെതിരെയുള്ള പടയൊരുക്കമായും റിപ്പോർട്ടുകൾ പുറത്തുവരുന്നുണ്ട്. ടി20 ക്യാപ്റ്റൻ സ്ഥാനം വിരമിച്ചതിന് പിന്നാലെ രോഹിത് ശർമ്മയെ വൈസ് ക്യാപ്റ്റൻ സ്ഥാനത്ത് നിന്ന് നീക്കം ചെയ്യണമെന്ന് കോലി ആവശ്യപ്പെട്ടിരുന്നു എന്ന രീതിയിലുള്ള റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു.
ALSO READ: IPL: കുട്ടിക്രിക്കറ്റിലെ ബാക്കി പൂരത്തിന് ഞായറാഴ്ച തുടക്കം, ഇനി വെടിക്കെട്ട് ദിനങ്ങൾ
പകരം റിഷഭ് പന്തിനെയോ കെഎൽ രാഹുലിനെയോ നിയമിക്കണമെന്ന് കോലി ആവശ്യപ്പെട്ടാതായും എന്നാൽ ഇത് ബിസിസിഐ നിരസിച്ചതായും റിപ്പോർട്ടുകൾ വന്നിരുന്നു. അതിനാൽ തന്നെ കുംബ്ലയെ തിരിച്ചുകൊണ്ടുവരാനുള്ള തീരുമാനം കോലിക്കെതിരെയുള്ള പടപ്പുറപ്പാടാണ് എന്നാണ് സൂചന.