മുംബൈ: ടി20 ലോകകപ്പിലെ നിരാശാജനകമായ പ്രകടനത്തിന് പിന്നാലെ ഇന്ത്യന്‍ ടീമില്‍ നിര്‍ണായക ഇടപെടലിനൊരുങ്ങി ബിസിസിഐ. മുന്‍ നായകന്‍ എംസ് ധോണിയെ ടീമിന്‍റെ നിര്‍ണായക സ്ഥാനത്തേക്ക് കൊണ്ടുവരാന്‍ ബിസിസിഐ ശ്രമം നടത്തുന്നതായാണ് റിപ്പോര്‍ട്ട്. ഐപിഎല്ലിന്‍റെ അടുത്ത സീസണോടെ ധോണി ടൂര്‍ണമെന്‍റില്‍ നിന്നും വിരമിക്കുമെന്നാണ് സൂചന.
ടി20 ടീമിന്‍റെ ഡയറക്ടര്‍ ഓഫ് ക്രിക്കറ്റ് എന്ന സ്ഥാനത്തേക്കാണ് ധോണിയെ പരിഗണിക്കുന്നത്. സ്ഥിര നിയമനമായിരിക്കുമിതെന്നാണ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്. ധോണി ടി20 ടീമിന്‍റെ ഭാഗമാവുന്നതിലൂടെ ഫോര്‍മാറ്റില്‍ സ്‌പെഷലിസ്റ്റുകളെ വളര്‍ത്തിയെടുക്കുകയാണ് ബിസിസിഐ ലക്ഷ്യമിടുന്നത്. ഇതിനായി ഒരുകൂട്ടം താരങ്ങളെ പ്രത്യേകമായി പരിശീലിപ്പിക്കാന്‍ ധോണിയെ ഏല്‍പിക്കും.
ധോണിയുടെ സേവനം ലഭിക്കുന്നതോടെ നിലവിലെ പരിശീലകന്‍ രാഹുല്‍ ദ്രാവിഡിന്‍റെ ജോലി ഭാരം കുറയ്‌ക്കുമെന്നും വിലയിരുത്തലുണ്ട്. ഈ മാസം അവസാനത്തില്‍ നടക്കുന്ന ബിസിസിഐ ഉന്നതതല യോഗത്തില്‍ ഇക്കാര്യത്തില്‍ തീരുമാനമുണ്ടായേക്കും. നേരത്തെ 2021ൽ യുഎഇയിൽ നടന്ന ടി20 ലോകകപ്പിൽ മെന്‍ററുടെ താല്‍ക്കാലിക ചുമതലയില്‍ ധോണി ഇന്ത്യന്‍ ടീമിനൊപ്പമുണ്ടായിരുന്നു.
പുതിയ ചുമതല നല്‍കുന്നതോടെ താരത്തിന്‍റെ അനുഭവപരിചയവും സാങ്കേതിക മികവും ശരിയായ രീതിയിൽ ഉപയോഗിക്കാനാണ് ബിസിസിഐ താൽപ്പര്യപ്പെടുന്നത്. ഇന്ത്യയ്‌ക്ക് എകദിന, ടി20 ലോകകപ്പുകളും ചാമ്പ്യന്‍സ് ട്രോഫിയും നേടിത്തന്ന നായകനാണ് ധോണി.
also read: 'മുംബൈക്കെതിരെ കളിക്കാനാവില്ല'; ഐപിഎല്ലില്‍ നിന്നും വിരമിച്ച് കീറോണ്‍ പൊള്ളാര്‍ഡ്, ഇനി പുതിയ റോള്‍