ന്യൂഡല്‍ഹി: മോശം പെരുമാറ്റത്തിന്‍റെ പേരില്‍ ഐസിസി നടപടിക്ക് വിധേയയായ ഇന്ത്യന്‍ ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗറുമായി സംസാരിക്കാന്‍ ബിസിസിഐ. ബിസിസിഐ പ്രസിഡന്‍റ് റോജർ ബിന്നിയും ദേശീയ ക്രിക്കറ്റ് അക്കാദമി ചെയര്‍മാന്‍ വിവിഎസ് ലക്ഷ്‌മണും ഹര്‍മന്‍പ്രീതുമായി കൂടിക്കാഴ്‌ച നടത്തി വിവരങ്ങള്‍ ചോദിച്ചറിയുമെന്ന് സെക്രട്ടറി ജയ് ഷാ അറിയിച്ചു. ബംഗ്ലാദേശ് വനിതകള്‍ക്ക് എതിരായ മൂന്നാം ഏകദിനത്തിനിടെയുള്ള മോശം പെരുമാറ്റത്തിനായിരുന്നു ഹര്‍മന്‍പ്രീത് കൗറിനെതിരെ ഐസിസി നടപടിയെടുത്തത്.
മാച്ച് ഫീയുടെ 75 ശതമാനം പിഴയും നാല് ഡീമെറിറ്റ് പോയിന്‍റുകളുമാണ് ഹര്‍മന്‍പ്രീത് കൗറിന് ഐസിസി ശിക്ഷ വിധിച്ചത്. ഡീമെറിറ്റ് പോയിന്‍റ് നാലിലെത്തിയതോടെ രണ്ട് അന്താരാഷ്‌ട്ര മത്സരങ്ങളില്‍ നിന്ന് താരത്തിന് വിലക്ക് ലഭിക്കുകയും ചെയ്‌തു. ഐസിസി നടപടിക്കെതിരെ ബിസിസിഐ അപ്പീല്‍ നല്‍കില്ലെന്നാണ് വിവരം.
മിര്‍പൂരിലെ ഷേര്‍ ഇ- ബംഗ്ലാ നാഷണില്‍ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗര്‍ രണ്ട് വ്യത്യസ്‌ത കുറ്റങ്ങളിലാണ് ഏര്‍പ്പെട്ടതെന്ന് ഐസിസി പ്രസ്‌താനയില്‍ അറിയിച്ചിരുന്നു. പുറത്തായതിന് പിന്നാലെ ബാറ്റുകൊണ്ട് സ്റ്റംപുകള്‍ അടിച്ച് തെറിപ്പിക്കുകയും അമ്പയറോട് തര്‍ക്കിക്കുകയും ചെയ്‌തുവെന്നതാണ് ആദ്യത്തെ കുറ്റം.
തുടര്‍ന്ന് മത്സരശേഷം അമ്പയര്‍മാര്‍ക്കെതിരെ പരസ്യവിമര്‍ശനം ഉന്നയിച്ചുവെന്നതാണ് രണ്ടാമത്തെ കുറ്റം. ഹര്‍മന്‍പ്രീത് കൗര്‍ തെറ്റ് സമ്മതിച്ചതോടെ വിഷയത്തില്‍ ഔദ്യോഗിക വാദം കേള്‍ക്കലുണ്ടാവില്ലെന്നും ഐസിസി വ്യക്തമാക്കിയിട്ടുണ്ട്. ഇന്ത്യന്‍ ഇന്നിങ്‌സിന്‍റെ 34-ാം ഓവറില്‍ നഹിദ അക്തറിന്‍റെ പന്തില്‍ ഫഹിമ ഖാത്തൂന്‍ ക്യാച്ചെടുത്തായിരുന്നു ഹര്‍മന്‍പ്രീത് പുറത്തായത്. പന്ത് പാഡില്‍ തട്ടിയാണോ ഉയര്‍ന്നതെന്ന സംശയം ഉണ്ടായിരുന്നുവെങ്കിലും അമ്പയര്‍ മറ്റൊന്നുമാലോചിക്കാതെ ഔട്ട് വിധിച്ചതാണ് ഹര്‍മനെ പ്രകോപിപ്പിച്ചത്.
ഇതിന് പിന്നാലെ സ്‌റ്റംപുകള്‍ ബാറ്റുകൊണ്ട് അടിച്ച് തെറിപ്പിച്ച താരം ഡ്രസിങ് റൂമിലേക്ക് മടങ്ങുമ്പോള്‍ അമ്പയര്‍മാരുമായി തര്‍ക്കിക്കുകയും ചെയ്‌തിരുന്നു. ഹര്‍മന്‍റെ ഈ പ്രവര്‍ത്തി ഐസിസി പെരുമാറ്റ ചട്ടത്തിലെ ലെവല്‍ 2- കുറ്റമാണ്. മാച്ച് ഫീയുടെ 50 ശതമാനം പിഴയും മൂന്ന് ഡീമെറിറ്റ് പോയിന്‍റുകളുമാണ് ഇതിന് താരത്തിന് വിധിച്ചത്. മത്സര ശേഷമുള്ള പ്രസന്‍റേഷന്‍ ചടങ്ങില്‍ സംസാരിക്കവെ അമ്പയര്‍ക്കെതിരായ പൊതു വിമര്‍ശനം ലെവല്‍ 1-ന്‍റെ പരിധിയില്‍ വരുന്നതാണ്.
ഇതിന് മാച്ച് ഫീയുടെ 25 ശതമാനം പിഴയും ഒരു ഡീമെറിറ്റ് പോയിന്‍റുമാണ് ഹര്‍മന്‍പ്രീതിനെതിരെ ചുമത്തിയത്. ഇതോടെയാണ് ഇന്ത്യന്‍ ക്യാപ്റ്റന് എതിരായ പിഴ മാച്ച് ഫീയുടെ 75 ശതമാനത്തിലേക്കും ഡീമെറിറ്റ് പോയിന്‍റുകള്‍ നാലിലേക്കും എത്തിയത്. നാല് ഡീമെറിറ്റ് പോയിന്‍റുകള്‍ ലഭിച്ചാല്‍ ഒരു ടെസ്റ്റ്, അല്ലെങ്കില്‍ രണ്ട് വീതം ഏകദിന, ടി20 മത്സരങ്ങളില്‍ വിലക്ക് ലഭിക്കെന്നാണ് ഐസിസി നിയമം.
സെപ്‌റ്റംബറില്‍ ചൈനയില്‍ നടക്കുന്ന ഏഷ്യന്‍ ഗെയിംസിലാണ് ഇന്ത്യ ഇനി കളിക്കുന്നത്. ടി20 ഫോര്‍മാറ്റിലാണ് ഗെയിംസ് നടക്കുന്നത്. ഇതോടെ ടീമിന്‍റെ ആദ്യ രണ്ട് മത്സരങ്ങള്‍ ഹര്‍മന്‍പ്രീത് കൗറിന് കളിക്കാനാവില്ല. വൈസ് ക്യാപ്റ്റന്‍ സ്‌മൃതി മന്ദാനയാവും പകരം ചുമതല വഹിക്കുക.