ബെംഗളൂരു : ഏഷ്യ കപ്പിന്‍റെ (Asia Cup 2023) മുന്നൊരുക്കത്തിലാണ് ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങള്‍. ടൂര്‍ണമെന്‍റിന് മുന്നോടിയായി താരങ്ങളുടെ ഫിറ്റ്‌നസ് ഉറപ്പാക്കാന്‍ കര്‍ശന നടപടികളാണ് ബിസിസിഐ (BCCI) സ്വീകരിക്കുന്നത്. ഇതിന്‍റെ ഭാഗമായി ദേശീയ ക്രിക്കറ്റ് അക്കാദമിയില്‍ കഴിഞ്ഞ ദിവസം താരങ്ങള്‍ക്ക് യോ യോ ടെസ്റ്റ് (Yo Yo Test) സംഘടിപ്പിക്കുകയും ചെയ്‌തിരുന്നു.
ടെസ്റ്റ് പാസായതിന്‍റെ സന്തോഷം അറിയിച്ചുള്ള വിരാട് കോലിയുടെ (Virat Kohli) ഇന്‍സ്റ്റഗ്രാം സ്റ്റോറി വൈറലായിരുന്നു. യോ യോ ടെസ്റ്റില്‍ 17.2 മാര്‍ക്ക് നേടിക്കൊണ്ടാണ് പാസായത് എന്ന വിവരം ഉള്‍പ്പടെ വിരാട് കോലി പങ്കുവച്ച ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലുണ്ടായിരുന്നു (Virat Kohli Yo Yo Test Score). 16.5 ആണ് ഫിറ്റ്നസ് തെളിയിക്കാന്‍ നിശ്ചയിച്ചിരിക്കുന്ന മാര്‍ക്കെന്നിരിക്കെ തന്‍റെ 35-ാം വയസിലും വമ്പന്‍ ഫിറ്റ്‌നസ് പുലര്‍ത്തുന്ന കോലിക്ക് വലിയ കയ്യടിയായിരുന്നു ആരാധകര്‍ നല്‍കിയിരുന്നത്.
എന്നാല്‍ യോ യോ ടെസ്റ്റിന്‍റെ ഫലം പുറത്തുവിട്ട നടപടിയില്‍ വിരാട് കോലിയെ ബിസിസിഐ ശക്തമായി താക്കീത് ചെയ്‌തുവെന്നാണ് വിവരം (BCCI against Virat Kohli). രഹസ്യ സ്വഭാവമുള്ള യോ യോ ടെസ്റ്റിന്‍റെ ഫലം കോലി പുറത്തുവിട്ടതാണ് ബിസിസിഐയെ ചൊടിപ്പിച്ചത്. ഇതിന് പിന്നാലെ യോ യോ ടെസ്റ്റുമായി ബന്ധപ്പെട്ട വിവരങ്ങള്‍ പരസ്യപ്പെടുത്തരുതെന്ന് മറ്റ് താരങ്ങള്‍ക്ക് ഉള്‍പ്പടെ ബിസിസിഐ വാക്കാല്‍ കർശന നിർദേശം നല്‍കിയെന്ന് ഒരു ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നു.
"സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ രഹസ്യ സ്വഭാവമുള്ള വിവരങ്ങള്‍ പോസ്റ്റ് ചെയ്യാതിരിക്കാൻ കളിക്കാർക്ക് വാക്കാല്‍ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. പരിശീലന സമയത്ത് അവർക്ക് ചിത്രങ്ങൾ പോസ്റ്റ് ചെയ്യാം, എന്നാൽ യോ യോ ടെസ്റ്റിന്‍റെ സ്‌കോര്‍ പോലുള്ള രഹസ്യ സ്വഭാവമുള്ള വിവരങ്ങള്‍ കരാർ വ്യവസ്ഥയുടെ ലംഘനത്തിലേക്ക് നയിക്കുന്നതാണ്" - ഒരു ബിസിസിഐ ഉദ്യോഗസ്ഥന്‍ പ്രതികരിച്ചു.
ഏഷ്യ കപ്പ് ടീമിന്‍റെ ഭാഗമായ മിക്ക കളിക്കാരും ഇതിനകം തന്നെ ബെംഗളൂരുവിലെ പരിശീലന ക്യാമ്പിൽ എത്തിച്ചേര്‍ന്നിട്ടുണ്ട്. വിരാട് കോലിയെ കൂടാതെ ഇന്ത്യന്‍ നായകന്‍ രോഹിത് ശർമ, പേസ് ഓൾറൗണ്ടർ ഹാർദിക് പാണ്ഡ്യ എന്നിവരും യോ യോ ടെസ്റ്റ് വിജയിച്ചിട്ടുണ്ട്. അയര്‍ലന്‍ഡ് പര്യടനം കഴിഞ്ഞെത്തുന്ന ജസ്പ്രീത് ബുംറ, തിലക് വര്‍മ, പ്രസിദ്ധ് കൃഷ്‌ണ എന്നിവര്‍ക്കൊപ്പം ബാക്കപ്പ് താരമായി ഉള്‍പ്പെട്ട മലയാളി താരം സഞ്‌ജു സാംസണും ഇന്നോടെ ദേശീയ ക്രിക്കറ്റ് അക്കാദമിയില്‍ എത്തുമെന്നാണ് വിവരം.
ഏഷ്യ കപ്പ് ഇന്ത്യൻ സ്‌ക്വാഡ് (India Squad For Asia Cup 2023): രോഹിത് ശർമ (ക്യാപ്റ്റൻ), ശുഭ്‌മാൻ ഗിൽ, വിരാട് കോലി,സൂര്യകുമാർ യാദവ്, തിലക് വർമ്മ, ഇഷാൻ കിഷൻ, ശ്രേയസ് അയ്യർ, കെഎൽ രാഹുൽ, ഹാർദിക് പാണ്ഡ്യ (വൈസ് ക്യാപ്റ്റൻ), രവീന്ദ്ര ജഡേജ, അക്‌സർ പട്ടേൽ, ഷാർദുൽ താക്കൂർ, ജസ്പ്രീത് ബുംറ, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്, കുൽദീപ് യാദവ്, പ്രസിദ്ധ് കൃഷ്‌ണ, സഞ്ജു സാംസണ്‍ (ബാക്കപ്പ്).