മിര്‍പൂര്‍ : ബംഗ്ലാദേശ് വനിതകള്‍ക്ക് എതിരായ മൂന്നാം ഏകദിനം സമനിലയില്‍ അവസാനിച്ചതിന് പിന്നാലെ മത്സരം നിയന്ത്രിച്ച അമ്പയര്‍മാര്‍ക്കെതിരെ ഇന്ത്യന്‍ ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗര്‍ പൊട്ടിത്തെറിച്ചിരുന്നു. അമ്പയറിങ് തീര്‍ത്തും പരിതാപകരമായിരുന്നു. ഈ മത്സരം ക്രിക്കറ്റിന് പുറമെ ഒരുപാട് കാര്യങ്ങള്‍ തങ്ങളെ പഠിപ്പിച്ചു.
ഇവിടുത്തെ അമ്പയറിങ് നിലവാരം തങ്ങളെ അതിശയിപ്പിച്ചു. ബംഗ്ലാദേശിലേക്ക് അടുത്ത തവണ വരുമ്പോള്‍ ഇതുകൂടി കണക്കിലെടുത്തുള്ള തയ്യാറെടുപ്പുകള്‍ നടത്തുമെന്നുമായിരുന്നു ഹര്‍മന്‍പ്രീത് കൗര്‍ പറഞ്ഞത്. മത്സരത്തില്‍ ഹര്‍മന്‍പ്രീത് കൗര്‍ പുറത്തായതിന് ശേഷം നടന്ന സംഭവങ്ങളും ഏറെ വിവാദങ്ങള്‍ക്ക് വഴിച്ചിരുന്നു.
ഇന്ത്യന്‍ ഇന്നിങ്‌സിന്‍റെ 34-ാം ഓവറില്‍ നാഹിദ അക്തറിന്‍റെ പന്തില്‍ വിക്കറ്റിന് മുന്നില്‍ കുടുങ്ങിയാണ് ഹര്‍മന്‍പ്രീത് പുറത്താവുന്നത്. പാഡില്‍ തട്ടി ഉയര്‍ന്ന പന്തില്‍ ക്യാച്ചിനായി ആയിരുന്നു ബംഗ്ലാദേശ് താരങ്ങള്‍ അപ്പീല്‍ ചെയ്തത്. എന്നാല്‍ രണ്ടാമതൊന്ന് ആലോചിക്കാതെ അമ്പയര്‍ വിരലുയര്‍ത്തി. അമ്പയര്‍ ഔട്ട് വിധിച്ചതിന് പിന്നാലെ സ്റ്റംപ് തെറിപ്പിച്ചശേഷമായിരുന്നു ഇന്ത്യന്‍ ക്യാപ്റ്റന്‍ ഗ്രൗണ്ട് വിട്ടത്.
മത്സരത്തിന് ശേഷമുള്ള വാര്‍ത്താസമ്മേളനത്തില്‍ ഇവ സംബന്ധിച്ചുള്ള ചോദ്യത്തിന് ഇന്ത്യന്‍ വൈസ് ക്യാപ്റ്റന്‍ സ്‌മൃതി മന്ദാന കുറിക്ക് കൊള്ളുന്ന മറുപടിയാണ് നല്‍കിയത്. അമ്പയറിങ്ങുമായി ബന്ധപ്പെട്ടുള്ള ചോദ്യത്തിന് നിങ്ങള്‍ക്ക് എന്ത് തോന്നുന്നുവെന്ന മറുചോദ്യമാണ് ആദ്യം സ്‌മൃതി ഉയര്‍ത്തിയത്. പിന്നീടുള്ള താരത്തിന്‍റെ മറുപടി ഇങ്ങനെ...
"ഈ പരമ്പരയില്‍ ഡിആർഎസ് ഇല്ലെന്ന കാര്യം നിങ്ങള്‍ ഓര്‍ക്കേണ്ടതുണ്ട്. അമ്പയറിങ്ങില്‍ കുറച്ചുകൂടി മെച്ചപ്പെട്ട നിലവാരം പ്രതീക്ഷിക്കുന്നു. ചില തീരുമാനങ്ങളുടെ കാര്യത്തിൽ ഇക്കാര്യം ഏറെ പ്രകടമാണ്. പന്ത് പാഡില്‍ തട്ടിയാല്‍ മാത്രം മതി വിരലുയര്‍ത്താന്‍ ഒരു നിമിഷം പോലും സമയം വേണ്ട. രണ്ടാമതൊന്ന് ചിന്തിക്കാന്‍ പോലും അമ്പയര്‍മാര്‍ക്ക് സമയമില്ല" - ഹര്‍മനെ പിന്തുണച്ചുകൊണ്ട് സ്‌മൃതി മന്ദാന പറഞ്ഞു. ഐസിസിഐയും ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡും ബിസിസിഐയും ഇക്കാര്യം ചര്‍ച്ച ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നതായും താരം കൂട്ടിച്ചേര്‍ത്തു.
അതേസമയം മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്‌ത ബംഗ്ലാദേശ് നേടിയ 225 റണ്‍സിന് മറുപടിക്കിറങ്ങിയ ഇന്ത്യന്‍ വനിതകള്‍ 49.3 ഓവറില്‍ ഇതേ സ്‌കോറിന് ഓള്‍ ഔട്ട് ആവുകയായിരുന്നു. ഓപ്പണര്‍മാരായ ഷമിമ സുല്‍ത്താനയുടെ അര്‍ധ സെഞ്ചുറിയും ഫര്‍ഗാന ഹഖിന്‍റെ സെഞ്ചുറിയുമാണ് ആതിഥേയരെ മികച്ച നിലയില്‍ എത്തിച്ചത്.
ഫര്‍ഗാന ഹഖ് 160 പന്തുകളില്‍ 107 റണ്‍സാണ് നേടിയത്. 78 പന്തുകളില്‍ 52 റണ്‍സായിരുന്നു ഷമിമ സുല്‍ത്താനയുടെ സമ്പാദ്യം. മറുപടിക്കിറങ്ങിയ ഇന്ത്യയ്‌ക്കായി 108 പന്തില്‍ 77 റണ്‍സെടുത്ത ഹര്‍ലിന്‍ ഡിയോള്‍ ടോപ് സ്‌കോററായി. സ്‌മൃതി മന്ദാന 85 പന്തുകളില്‍ 59 റണ്‍സ് നേടിയപ്പോള്‍ പുറത്താവാതെ 45 പന്തുകളില്‍ 33 റണ്‍സുമായി ജമീമ റോഡ്രിഗസും ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തിരുന്നു. പരമ്പരയിലെ ആദ്യ രണ്ട് ഏകദിനങ്ങള്‍ യഥാക്രമം ബാംഗ്ലാദേശും ഇന്ത്യയും വിജയിച്ചിരുന്നു. ഇതോടെ പരമ്പര 1 - 1ന് സമനിലയില്‍ അവസാനിച്ചു.