മിർപൂർ: ബംഗ്ലാദേശിനെതിരായ ടെസ്റ്റ് പരമ്പരയില്‍ സമനില പിടിച്ച് ന്യൂസിലന്‍ഡ്. മിര്‍പൂരില്‍ നടന്ന രണ്ടാം ടെസ്റ്റില്‍ നാല് വിക്കറ്റുകള്‍ക്കാണ് സന്ദര്‍ശകര്‍ ജയം നേടിയത്. രണ്ടാം ഇന്നിങ്‌സിന് ശേഷം ബംഗ്ലാദേശ് ഉയര്‍ത്തിയ 137 റണ്‍സ് വിജയ ലക്ഷ്യം ആറ് വിക്കറ്റുകള്‍ നഷ്‌ടത്തിലാണ് കിവികള്‍ നേടിയെടുത്തത്. സ്‌കോര്‍: ബംഗ്ലാദേശ് 172, 144 ന്യൂസിലന്‍ഡ് - 180, 139 (6).
ഗ്ലെന്‍ ഫിലിപ്‌സിന്‍റെ (Glenn Phillips) ഒറ്റയാള്‍ പോരാട്ടമാണ് കിവികള്‍ക്ക് വിജയം ഒരുക്കിയത്. മഴയെത്തുടര്‍ന്ന് ഏറെക്കുറെ അഞ്ച് സെഷനുകള്‍ നഷ്‌ടമായെങ്കിലും നാലാം ദിനത്തില്‍ തന്നെ മിര്‍പൂര്‍ ടെസ്റ്റിന് അറുതിയാവുകയായിരുന്നു. (Bangladesh vs New Zealand 2nd Test Highlights) സ്‌പിന്നിനെ പിന്തുണയ്‌ക്കുന്ന പിച്ചില്‍ ഏറെ നിര്‍ണായകമായ ടോസ് ഭാഗ്യം ബംഗ്ലാദേശിനൊപ്പമായിരുന്നു.
ആദ്യം ബാറ്റ് ചെയ്യാനിറങ്ങിയ അവര്‍ ഒന്നാം ഇന്നിങ്‌സില്‍ 172 റൺസിന് ഓൾ ഔട്ടായി. 83 പന്തില്‍ 35 റണ്‍സെടുത്ത മുഷ്‌ഫിഖുര്‍ റഹീമായിരുന്നു ടീമിന്‍റെ ടോപ് സ്‌കോറര്‍. മൂന്ന് വിക്കറ്റുകള്‍ വീതം വീഴ്‌ത്തി ഗ്ലെന്‍ ഫിലിപ്‌സും മിച്ചല്‍ സാന്‍റ്‌നറും രണ്ട് വിക്കറ്റുമായി അജാസ് പട്ടേലും കറക്കി വീഴ്‌ത്തിയതോടെ രണ്ട് സെഷനുകളാണ് ആതിഥേയരുടെ ആദ്യ ഇന്നിങ്‌സ് പോരാട്ടം നീണ്ടത്.
മറുപടിക്കിറങ്ങിയ ന്യൂസിലന്‍ഡിനെ കൂട്ടത്തകര്‍ച്ചയായിരുന്നു കാത്തിരുന്നത്. ആദ്യ ദിനം സ്റ്റംപെടുക്കുമ്പോള്‍ അഞ്ചിന് 55 എന്ന നിലയിലായിരുന്നു കിവീസ്. രണ്ടാം ദിനം പൂര്‍ണമായും മഴയെടുത്തു. മൂന്നാം ദിനത്തിലും മഴ കളിച്ചുവെങ്കിലും ഗ്ലെന്‍ ഫിലിപ്‌സിന്‍റെ (72 പന്തില്‍ 87) പോരാട്ടത്തിന്‍റെ മികവില്‍ കൂട്ടത്തകര്‍ച്ച ഒഴിവാക്കിയ കിവീസ് ആകെ 180 റണ്‍സിലേക്ക് എത്തി. മൂന്ന് വീതം വിക്കറ്റ് നേടിയ ബംഗ്ലാദേശിനായി മെഹ്ദി ഹസ്സൻ മിറാസ്, തൈജുൽ ഇസ്ലാം എന്നിവരായിരുന്നു കിവികളെ പിടിച്ച് കെട്ടിയത്.
എട്ട് റണ്‍സിന്‍റെ കടവുമായി രണ്ടാം ഇന്നിങ്‌സിന് ഇറങ്ങിയ ബംഗ്ലാദേശിനെ അജാസ് പട്ടേലും മിച്ചല്‍ സാന്‍റ്‌നറും ചേര്‍ന്ന് 144 റണ്‍സില്‍ ഒതുക്കി. 86 പന്തില്‍ 59 റണ്‍സ് നേടിയ ഷാക്കിര്‍ ഹസന്‍ മാത്രമാണ് പൊരുതിയത്. അജാസ് ആറും സാന്‍റ്‌നര്‍ മൂന്നും വിക്കറ്റുകളായിരുന്നു വീഴ്‌ത്തിയത്. ഇതോടെ 137 റണ്‍സിന്‍റെ വിജയ ലക്ഷ്യമാണ് കിവികള്‍ക്ക് മുന്നില്‍ ഉയര്‍ന്നത്. പിന്തുടരാന്‍ ഇറങ്ങിയ കിവികള്‍ക്ക് തുടക്കം തന്നെ തിരിച്ചടിയേറ്റു. 69 റണ്‍സിന് ആറ് ബാറ്റര്‍മാര്‍ ഡഗൗട്ടിലേക്ക് മടങ്ങിയെത്തി.
ഡെവോണ്‍ കോണ്‍വേ (15 പന്തില്‍ 2), കെയ്‌ന്‍ വില്യംസണ്‍ (24 പന്തില്‍ 11), ഹെന്‍റി നിക്കോളാസ് (10 പന്തില്‍ 3), ടോം ലാഥം (60 പന്തില്‍ 26), ടോം ബ്ലന്‍റല്‍ (6 പന്തില്‍ 2), ഡാരില്‍ മിച്ചല്‍ (36 പന്തില്‍ 19) എന്നിവരായിരുന്നു തിരിച്ച് കയറിയത്. ഇതോടെ ബംഗ്ലാദേശ് ജയം കൊതിച്ചുവെങ്കിലും ഗ്ലെന്‍ ഫിലിപ്‌സും (48 പന്തില്‍ 40) മിച്ചല്‍ സാന്‍റ്‌നറും (39 പന്തില്‍ 35) ചേര്‍ന്ന് കിവികളുടെ രക്ഷയ്‌ക്കെത്തി. പിരിയാത്ത ഏഴാം വിക്കറ്റില്‍ 70 റണ്‍സാണ് ഇരുവരും ചേര്‍ന്നത്. സിൽഹെറ്റ് ഇന്‍റർനാഷണൽ സ്റ്റേഡിയത്തില്‍ നടന്ന ആദ്യ ടെസ്റ്റില്‍ 150 റണ്‍സിന് ബംഗ്ലാദേശ് വിജയിച്ചിരുന്നു. തൈജുൽ ഇസ്ലാം (Taijul Islam) ആണ് പരമ്പരയിലെ താരം.
ALSO READ: ക്രിക്കറ്റ് ലോകത്തെ സമ്പന്നന്‍; ബിസിസിഐക്ക് ഒന്നാം സ്ഥാനം, 18700 കേടിയുടെ ആസ്‌തി