മിര്‍പൂര്‍: ബംഗ്ലാദേശിനെതിരായ രണ്ട് ടെസ്റ്റുകളുടെ പരമ്പരയില്‍ ഇന്ത്യയ്‌ക്ക് സമ്പൂര്‍ണ ജയം. മിര്‍പൂരില്‍ നടന്ന രണ്ടാം ടെസ്റ്റില്‍ മൂന്ന് വിക്കറ്റിന്‍റെ വിജയമാണ് ഇന്ത്യ നേടിയത്. ബംഗ്ലാദേശ് ഉയര്‍ത്തിയ 145 റണ്‍സ് വിജയ ലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ഇന്ത്യ 47 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്‌ടത്തിലാണ് ജയം പിടിച്ചത്.
ബംഗ്ലാദേശിന്‍റെ ഒന്നാം ഇന്നിങ്‌സ് സ്‌കോറായ 227ന് മറുപടിക്കിറങ്ങിയ ഇന്ത്യ 314 റണ്‍സ് നേടി 85 റണ്‍സിന്‍റെ ലീഡ് എടുത്തിരുന്നു. തുടര്‍ന്ന് രണ്ടാം ഇന്നിങ്‌സിനിറങ്ങിയ ആതിഥേയരെ 231 റൺസില്‍ ഒതുക്കാന്‍ സന്ദര്‍ശകര്‍ക്ക് കഴിഞ്ഞു. സ്കോര്‍: ബംഗ്ലാദേശ്- 227 & 231, ഇന്ത്യ- 314 & 145/7.
മത്സരത്തിന്‍റെ നാലാം ദിനമായ ഇന്ന് നാലിന് 42 എന്ന നിലയിലാണ് ഇന്ത്യ രണ്ടാം ഇന്നിങ്‌സ് ബാറ്റിങ് ആരംഭിച്ചത്. തുടക്കം തന്നെ മൂന്ന് വിക്കറ്റുകള്‍ നഷ്‌ടമായെങ്കിലും തുടര്‍ന്ന് ഒന്നിച്ച ശ്രേയസ് അയ്യര്‍ -ആര്‍ അശ്വിന്‍ സഖ്യമാണ് ഇന്ത്യയെ വിജയത്തിലേക്ക് നയിച്ചത്. 62 പന്തില്‍ 42 റണ്‍സെടുത്ത് പുറത്താവാതെ നിന്ന ആര്‍ അശ്വിനാണ് ഇന്ത്യയുടെ ടോപ് സ്‌കോറര്‍. ശ്രേയസ് അയ്യര്‍ 46 പന്തില്‍ 29 റണ്‍സുമായും പുറത്താവാതെ നിന്നു.
69 പന്തില്‍ 34 റണ്‍സെടുത്ത അക്‌സര്‍ പട്ടേലാണ് പുറത്തായവരില്‍ രണ്ടക്കംകടന്ന ഏക താരം. ശുഭ്‌മാൻ ഗിൽ (7), കെഎൽ രാഹുൽ(2), ചേതേശ്വർ പുജാര(6), വിരാട് കോലി(1) എന്നിവരുടെ വിക്കറ്റുകള്‍ ഇന്ത്യയ്‌ക്ക് ഇന്നലെ നഷ്‌ടമായിരുന്നു. ഇന്ന് ബാറ്റിങ് പുനരാരംഭിക്കുമ്പോള്‍ 100 റണ്‍സായിരുന്നു ഇന്ത്യയുടെ വിജയ ലക്ഷ്യം.
നൈറ്റ് വാച്ച്‌മാന്‍ ജയ്‌ദേവ് ഉനദ്‌ഘട്ടിന്‍റെ വിക്കറ്റാണ് സന്ദര്‍ശകര്‍ക്ക് ആദ്യം നഷ്‌ടമായത്. 16 പന്തില്‍ 13 റണ്‍സെടുത്ത താരത്തെ ഷാക്കിബ് അല്‍ ഹസന്‍ വിക്കറ്റിന് മുന്നില്‍ കുടുക്കുകയായിരുന്നു. പിന്നാലെ റിഷഭ് പന്തും (13 പന്തില്‍ 9), അക്‌സര്‍ പട്ടേലും മടങ്ങിയതോടെ ഇന്ത്യ പ്രതിരോധത്തിലായി.
ഈ സമയം 29.3 ഓവറില്‍ 7ന് 74 റണ്‍സായിരുന്നു സന്ദര്‍ശകരുടെ ടോട്ടലിലുണ്ടായിരുന്നത്. തുടര്‍ന്ന് ഒന്നിച്ച അശ്വിനും ശ്രേയസും അര്‍ധ സെഞ്ച്വറി കൂട്ടുകെട്ടുമായാണ് ഇന്ത്യയെ വിജയത്തിലേക്ക് നയിച്ചത്. ബംഗ്ലാദേശിനായി മെഹ്‌ദി ഹസന്‍ അഞ്ച് വിക്കറ്റുകള്‍ വീഴ്‌ത്തി. ഷാക്കിബ് അല്‍ ഹസന് രണ്ട് വിക്കറ്റുണ്ട്.
73 റൺസെടുത്ത ലിറ്റൺ ദാസ് രണ്ടാം ഇന്നിങ്‌സില്‍ ബംഗ്ലാദേശിന്‍റെ ടോപ് സ്‌കോററായി. സാക്കിർ ഹസൻ 135 പന്തിൽ 51 റണ്‍സെടുത്തു. നൂറുള്‍ ഹസന്‍ (31), ടസ്‌കിന്‍ അഹമ്മദ് (46 പന്തില്‍ 31*) എന്നിവരാണ് ചെറുത്തില്‍പ്പിന് ശ്രമിച്ച മറ്റ് ബംഗ്ലാ താരങ്ങള്‍.
ഇന്ത്യയ്‌ക്കായി അക്‌സര്‍ പട്ടേല്‍ മൂന്ന് വിക്കറ്റ് വീഴ്‌ത്തിയപ്പോള്‍ ആര്‍ അശ്വിന്‍, മുഹമ്മദ് സിറാജ് എന്നിവര്‍ രണ്ട് വീതം വിക്കറ്റുകള്‍ സ്വന്തമാക്കി. ഉമേഷ് യാദവ്, ജയ്‌ദേവ് ഉനദ്‌ഘട്ട് എന്നിവര്‍ക്ക് ഓരോ വിക്കറ്റുകള്‍ വീതമുണ്ട്.
ചിറ്റഗോങ്ങില്‍ നടന്ന ആദ്യ ടെസ്റ്റില്‍ 188 റണ്‍സിന്‍റെ വിജയം നേടാന്‍ ഇന്ത്യയ്‌ക്ക് കഴിഞ്ഞിരുന്നു. ഇന്ത്യയുടെ ആര്‍ അശ്വിന്‍ മത്സരത്തിലെ താരവും ചേതേശ്വര്‍ പുജാര പരമ്പരയുടെ താരവുമായി. പരമ്പര തൂത്തുവാരിയതോടെ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് പോയിന്‍റ് ടേബിളിലെ രണ്ടാം സ്ഥാനം കൂടുതല്‍ സുരക്ഷിതമാക്കാന്‍ ഇന്ത്യയ്‌ക്ക് കഴിഞ്ഞു. നിലവിലെ പട്ടികയില്‍ ഓസ്‌ട്രേലിയയാണ് ഇന്ത്യയ്‌ക്ക് മുന്നില്‍ ഒന്നാമതായുള്ളത്.