അഹമ്മദാബാദ് : ഏകദിന ക്രിക്കറ്റ് ലോകകപ്പില്‍ (Cricket World Cup 2023) ഇന്ത്യയും പാകിസ്ഥാനും മുഖാമുഖം വരുന്ന മത്സരത്തിനായുള്ള കാത്തിരിപ്പിലാണ് ലോകമൊട്ടാകെയുള്ള കളിപ്രേമികള്‍. അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ ഉച്ചയ്‌ക്ക് രണ്ട് മണിക്കാണ് ഇന്ത്യ പാക് പോരാട്ടം ആരംഭിക്കുന്നത്. ഈ ലോകകപ്പില്‍ ആദ്യ രണ്ട് കളിയും ജയിച്ച ഇരു ടീമുകളും ഇന്ന് ഉന്നംവയ്‌ക്കുന്നത് തുടര്‍ച്ചയായ മൂന്നാമത്തെ ജയം.
എന്നാല്‍, പാകിസ്ഥാന് ഈ മത്സരത്തിലൂടെ മറ്റൊരു ലക്ഷ്യം കൂടി നിറവേറ്റാനുണ്ട്. ലോകകപ്പ് ചരിത്രത്തില്‍ ഇന്ത്യയും പാകിസ്ഥാനും നേര്‍ക്കുനേര്‍ പോരിനിറങ്ങുന്ന എട്ടാമത്തെ മത്സരത്തിനാണ് ഇന്ന് അഹമ്മദാബാദ് നരേന്ദ്ര മോദി സ്റ്റേഡിയം വേദിയാകുന്നത്. മുന്‍പ് ഏഴ് പ്രാവശ്യം ഇന്ത്യയോട് ഏറ്റുമുട്ടിയപ്പോഴും തോറ്റ് മടങ്ങാനായിരുന്നു പാകിസ്ഥാന്‍റെ വിധി.
അവസാനം ഇരു ടീമും തമ്മിലേറ്റുമുട്ടിയ ഏഷ്യ കപ്പിലും പാകിസ്ഥാനെ തകര്‍ക്കാന്‍ ഇന്ത്യയ്‌ക്ക് സാധിച്ചിരുന്നു. എന്നാല്‍, കണക്കുകള്‍ ഇങ്ങനെയാണെങ്കിലും ഇന്ന് ഇന്ത്യയെ നേരിടാന്‍ ഇറങ്ങുമ്പോള്‍ തികഞ്ഞ ആത്മവിശ്വാസത്തിലാണ് പാകിസ്ഥാന്‍ നായകന്‍ ബാബര്‍ അസം. ഇന്ത്യയുടെ ലോകകപ്പിലെ റെക്കോഡ് തകര്‍ക്കാനുള്ള ശ്രമം മത്സരത്തില്‍ തങ്ങള്‍ നടത്തുമെന്ന് ബാബര്‍ അസം കഴിഞ്ഞ ദിവസം തന്നെ വ്യക്തമാക്കിയിട്ടുണ്ട്.
'പഴയ കാര്യങ്ങള്‍ ഓര്‍ത്തിരിക്കുന്നതില്‍ ഇപ്പോള്‍ അര്‍ഥമുണ്ടെന്ന് തോന്നുന്നില്ല. മുന്നിലുള്ള കാര്യങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് ഇപ്പോള്‍ ശ്രമം. റെക്കോഡുകള്‍ എല്ലാം തന്നെ തകര്‍പ്പെടാന്‍ ഉള്ളതാണ്.
ഇന്ത്യയ്‌ക്കെതിരെ മികച്ച പോരാട്ടം കാഴ്‌ചവയ്‌ക്കാനായിരിക്കും ഞങ്ങള്‍ ശ്രമിക്കുക. ഈ ദിവസം എന്ത് നടക്കുമെന്നതിനെ കുറിച്ച് പ്രവചനങ്ങള്‍ നടത്തുക അസാധ്യമാണ്. ലോകകപ്പിലെ ആദ്യ ദിവസങ്ങളിലെല്ലാം എന്‍റെ ടീം മികച്ച പ്രകടനം നടത്തി. ഇനിയും അത് തുടരനാകുമെന്ന് തന്നെയാണ് പ്രതീക്ഷ.
ഇന്ത്യയ്‌ക്കെതിരെ പരാജയപ്പെട്ടാലും ടീമിന്‍റെ ക്യാപ്‌റ്റന്‍സി എനിക്ക് നഷ്‌ടപ്പെടില്ല. ഒരു മത്സരം കൊണ്ടല്ല ടീമിന്‍റെ നായകസ്ഥാനം ലഭിച്ചത്. അതുകൊണ്ട് തന്നെ ഒരു മത്സരത്തിന്‍റെ പേരില്‍ നായകസ്ഥാനം പോകില്ലെന്നും' -ബാബര്‍ അസം പറഞ്ഞു.
ടി20 ലോകകപ്പിലെ ഇന്ത്യയുടെ വിജയക്കുതിപ്പ് അവസാനിപ്പിച്ച പാകിസ്ഥാന്‍ ക്യാപ്‌റ്റനാണ് ബാബര്‍ അസം. തുര്‍ച്ചയായ അഞ്ച് ജയങ്ങള്‍ക്ക് ശേഷം 2021ല്‍ നടന്ന ടി20 ലോകകപ്പിലായിരുന്നു ബാബര്‍ അസമിന്‍റെ നേതൃത്വത്തിലുള്ള പാകിസ്ഥാന്‍ ടീം ഇന്ത്യയെ പരാജയപ്പെടുത്തിയത്. ഇതേ നായകന് കീഴില്‍ ഏകദിന ലോകകപ്പിലും ഇന്ത്യയ്‌ക്കെതിരെ ആദ്യ ജയം നേടാനാകുമെന്ന പ്രതീക്ഷയിലാണ് പാകിസ്ഥാന്‍ ആരാധകര്‍.