സിഡ്‌നി: ടി20 ലോകകപ്പിലെ ആദ്യ രണ്ട് മത്സരങ്ങളും വിജയിച്ച് രണ്ടാം ഗ്രൂപ്പിൽ ഒന്നാം സ്ഥാനത്തേക്ക് എത്തിയിരിക്കുകയാണ് ഇന്ത്യ. ആദ്യ മത്സരങ്ങളിലെ തകർപ്പൻ വിജയത്തോടെ ടീമിന്‍റെ ആത്മവിശ്വാസവും കുത്തനെ ഉയർന്നിട്ടുണ്ട്. ഞായറാഴ്‌ച കരുത്തരായ ദക്ഷിണാഫ്രിക്കക്കെതിരെയാണ് ഇന്ത്യയുടെ അടുത്ത മത്സരം. ഈ മത്സരത്തിലും ആത്‌മവിശ്വാസത്തോടെ മികച്ച പ്രകടനം പുറത്തെടുക്കുമെന്ന് വ്യക്‌തമാക്കിയിരിക്കുകയാണ് ഇന്ത്യൻ താരം അക്‌സർ പട്ടേൽ.
ദക്ഷിണാഫ്രിക്കക്കെതിരായ മത്സരത്തെക്കുറിച്ച് ഞങ്ങൾ കൃത്യമായി ആസൂത്രണം ചെയ്യും. ഓസ്‌ട്രേലിയയിലെ ബൗണ്‍സി പിച്ചുകളെക്കുറിച്ചോ ആൻറിച്ച് നോർക്യ, കാഗിസോ റബാഡ തുടങ്ങിയ ബോളർമാർ അവർക്കുണ്ടെന്ന വസ്‌തുതയെക്കുറിച്ചോ ആകുലതപ്പെടാതെ ഞങ്ങൾ സാധാരണ ക്രിക്കറ്റ് കളിക്കും. കൂടാതെ ഞങ്ങളുടെ വിരാട് ഭായിയും ഫോമിലാണ്. അക്‌സർ പറഞ്ഞു.
പാകിസ്ഥാനെതിരായ മത്സരത്തിൽ വിക്കറ്റുകളെടുക്കാൻ സാധിച്ചില്ലെങ്കിലും നെതർലൻഡിനെതിരായ മത്സരത്തിൽ അക്‌സർ രണ്ട് വിക്കറ്റ് വീഴ്‌ത്തിയിരുന്നു. പാകിസ്ഥാനെതിരായ മത്സരത്തിന് ശേഷം തന്‍റെ മനസ് പുനഃസ്ഥാപിക്കാൻ സാധിച്ചുവെന്നും അതിനാലാണ് നെതർലൻഡ്‌സിനെതിരായ മത്സരത്തിൽ ആത്മവിശ്വാസത്തോടെ പന്തെറിയാൻ സാധിച്ചതെന്നും അക്‌സർ വ്യക്‌തമാക്കി.
ചിലപ്പോൾ ഒരു ബാറ്റർക്ക് നിങ്ങൾക്കെതിരെയുള്ള അവസരങ്ങൾ മുതലെടുക്കാനും വിജയം നേടാനും കഴിയും. ഞങ്ങളുടെ ബൗളിങ് കോച്ചിന്‍റെ വീഡിയോകൾ ഞാൻ കണ്ടു. ഒരു പന്ത് ഒഴികെ എന്‍റെ ലൈനും ലെങ്തും മികച്ചതായിരുന്നു. ചിലപ്പോൾ നിങ്ങൾ നല്ല പന്തുകളിൽ തോൽക്കും. ഇതിനെക്കുറിച്ച് ചിന്തിച്ചുകൊണ്ടിരിക്കുകയാണെങ്കിൽ നിങ്ങൾ ഒരിക്കലും തിരിച്ചുവരികയില്ല. അക്‌സർ പറഞ്ഞു.
പാകിസ്ഥാനെതിരായ മത്സരത്തിൽ ബാറ്റിങ് ഓഡറിൽ നേരത്തെ ഇറങ്ങിയതിനെക്കുറിച്ചും താരം വ്യക്‌തമാക്കി. ഞങ്ങളുടെ ആദ്യ ആറ് ബാറ്റർമാർ വലം കൈയ്യൻമാരാണ്. അതിനാൽ അത്തരം സാഹചര്യങ്ങളിൽ ബാറ്റ് ചെയ്യാൻ തയ്യാറായിരിക്കാൻ എന്നോട് പരിശീലകൻ പറഞ്ഞിരുന്നു. അതിനനുസരിച്ച് ഞാൻ പരിശീലിച്ചു. അക്‌സർ കൂട്ടിച്ചേർത്തു. മത്സരത്തിൽ നാലാമനായി ബാറ്റിങ്ങിനിറങ്ങിയ താരത്തിന് രണ്ട് റണ്‍സ് മാത്രമേ സ്വന്തമാക്കാനായുള്ളു.