സിഡ്‌നി: തന്‍റെ മാന്ത്രിക വിരലുകളിൽ വിരിയുന്ന അത്‌ഭുത പന്തുകളിലൂടെ ക്രിക്കറ്റ് ലോകത്തെ എന്നും വിസ്‌മയിപ്പിച്ചിട്ടുള്ള ഇതിഹാസമാണ് ഷെയ്‌ൻ വോണ്‍. ഓസ്ട്രേലിയയുടെ മറ്റൊരു ഇതിഹാസം റോഡ് മാർഷിന്‍റെ വിയോഗത്തിന്‍റെ ഞെട്ടലിൽ നിന്ന് മുക്‌തനാകുന്നതിന് മുൻപാണ് ഇടുത്തീ പോലെ ഷെയ്‌ൻ വോണിന്‍റെ വിയോഗ വാർത്ത ക്രിക്കറ്റ് ആരാധകരെ തേടിയെത്തുന്നത്.
തായ്‌ലൻഡിലെ കോ സാമുയിയിൽ വെച്ച് ഹൃദയാഘാതത്തെ തുടർന്നായിരുന്നു ഇതിഹാസ സ്‌പിന്നറുടെ അന്ത്യം. വോണിനെ തന്‍റെ വില്ലയിൽ ബോധ രഹിതനായി കാണപ്പെടുകയായിരുന്നു. മെഡിക്കൽ സംഘം പരമാവധി ശ്രമിച്ചെങ്കിലും അദ്ദേഹത്തെ ജിവിതത്തിലേക്ക് മടക്കിക്കൊണ്ടുവരാനായില്ല.
സ്‌പിൻ മാന്ത്രികൻ
ലോക ക്രിക്കറ്റിലെ സ്‌പിൻ മാന്ത്രികൻ എന്നാണ് വോണ്‍ അറിയപ്പെടുന്നത്. ശ്രീലങ്കൻ സ്‌പിൻ ഇതിഹാസം മുത്തയ്യ മുരളീധരന് ശേഷം ക്രിക്കറ്റിൽ 1000 വിക്കറ്റ് തികയ്‌ക്കുന്ന ഏക താരം. ടെസ്റ്റിൽ 145 മത്സരങ്ങളിൽ നിന്ന് 708 വിക്കറ്റും ഏകദിനത്തിൽ 194 മത്സരങ്ങളിൽ നിന്ന് 293 വിക്കറ്റുകളുമാണ് വോണ്‍ സ്വന്തമാക്കിയിട്ടുണ്ട്.
ലോകപ്രശസ്‌തമായ പല ബാറ്റർമാരുടേയും പേടിസ്വപ്‌നമായിരുന്നു ഷെയ്‌ൻ വോണ്‍ എന്ന വിസ്‌മയം. ഒരു കാലത്ത് സച്ചിൻ- വോണ്‍ പോരാട്ടം ഒരോ ക്രിക്കറ്റ് പ്രേമിയിലും ആവേശം കൊള്ളിച്ചിരുന്നു. മുരളീധരൻ നാട്ടിലെ പിച്ചുകളിലാണ് തന്‍റെ വിക്കറ്റുകളിലധികവും നേടിയെങ്കിൽ പേസിനെ തുണയ്‌ക്കുന്ന വിദേശ പിച്ചുകളിലാണ് വോണ്‍ തന്‍റെ വിക്കറ്റുകളിലധികവും നേടിയത്.
1992 ജനുവരി 2ന് ഇന്ത്യക്കെതിരെയാണ് വോണിന്‍റെ ടെസ്റ്റ് അരങ്ങേറ്റം. തൊട്ടടുത്ത വർഷം മാർച്ച് 24ന് ന്യൂസിലൻഡിനെതിരെ ആദ്യ ഏകദിനത്തിലും അരങ്ങേറി. ടെസ്റ്റിൽ 37 തവണ അഞ്ച് വിക്കറ്റ് പ്രകടനവും 10 തവണ രണ്ട് ഇന്നിങ്സുകളിലുമായി 10 വിക്കറ്റ് നേട്ടവും വോണ്‍ തന്‍റെ പേരിൽ എഴുതിച്ചേർത്തിട്ടുണ്ട്.
നൂറ്റാണ്ടിന്‍റെ പന്ത്
1993ലെ ആഷസ് പരമ്പരയിലാണ് വോണ്‍ എന്ന സ്‌പിന്നറെ ലോകം ശ്രദ്ധിച്ചു തുടങ്ങിയത്. പരമ്പരയിലെ മാഞ്ചെസ്റ്റർ ടെസ്റ്റിന്‍റെ രണ്ടാം ദിനമാണ് ലോകം 'നൂറ്റാണ്ടിന്‍റെ പന്ത്' എന്ന് വിശേഷിപ്പിച്ച ആ മാജിക് ബോൾ വോണിന്‍റെ മാന്ത്രിക വിരളുകളിൽ നിന്ന് പിറവിയെടുത്തത്. ഇംഗ്ലീഷ് താരം മൈക്ക് ഗാറ്റിങ്ങായിരുന്നു വോണിന്‍റെ ഇര.
ലെഗ് സ്റ്റംപിന് പുറത്ത് കുത്തിയ പന്ത് ഞെടിയിടയ്‌ക്കുള്ളിൽ കുത്തിത്തിരിഞ്ഞ് തന്‍റെ ഓഫ് സ്റ്റംപ് പിഴുതെടുക്കുന്ന കാഴ്‌ചകണ്ട് ഗാറ്റിങ്ങിനെപ്പെലെത്തന്നെ ക്രിക്കറ്റ് ലോകം ഒന്നടങ്കം ഞെട്ടിത്തരിച്ചു. 5 ടെസ്റ്റുകളിൽ നിന്ന് 35 വിക്കറ്റുകളാണ് ആ ആഷസ് പരമ്പരയിൽ വോണ്‍ നേടിയത്.
ALSO READ: വിടവാങ്ങി ഇതിഹാസം; ഓസീസ് ക്രിക്കറ്റ് ഇതിഹാസം ഷെയ്‌ൻ വോണ്‍ അന്തരിച്ചു
ഏകദിനത്തിൽ ഒരു തവണ അഞ്ച് വിക്കറ്റ് പ്രകടവും വോണ്‍ നേടിയിട്ടുണ്ട്. ഐപിഎൽ പ്രഥമ സീസണിൽ രാജസ്ഥാൻ റോയൽസിനെ കിരീടത്തിലേക്ക് നയിച്ച വോണ്‍ 55 മത്സരങ്ങളിൽ നിന്ന് 57 വിക്കറ്റുകളും വീഴ്‌ത്തി. ടെസ്റ്റിൽ 3154 റണ്‍സും, ഏകദിനത്തിൽ 1018 റണ്‍സും വോണ്‍ നേടിയിട്ടുണ്ട്. 1999ൽ ലോകകപ്പ് നേടിയ ഓസ്ട്രേലിയൻ ടീമിൽ അംഗമായിരുന്നു. 1993നും 2003നും ഇടയിൽ അഞ്ച് തവണ ആഷസ് പരമ്പര നേടിയ ടീമിലും അംഗമായി.