ഡർബൻ: ഏകദിന ലോകകപ്പ് (ODI World Cup 2023) പടിവാതില്‍ക്കലെത്തി നില്‍ക്കെ ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് ടീമിന് കനത്ത ആശങ്കയായി ഗ്ലെന്‍ മാക്‌സ്‌വെല്ലിന്‍റെ പരിക്ക് (Glenn Maxwell Injury). കണങ്കാലിന് പരിക്കേറ്റ ഗ്ലെന്‍ മാക്‌സ്‌വെല്‍ ദക്ഷിണാഫ്രിക്കക്കെതിരായ വൈറ്റ് ബോള്‍ പരമ്പരയില്‍ നിന്നും പുറത്തായി (Glenn Maxwell ruled out of Australia vs South Africa white-ball series). പ്രോട്ടീസിനെതിരായ ടി20 പരമ്പരയ്‌ക്ക് മുന്നോടിയായുള്ള പരിശീലനത്തിനിടെയാണ് 34-കാരന് പരിക്കേല്‍ക്കുന്നത്.
സ്‌കാനിങ്ങിന് വിധേയനായതിന് ശേഷം മെഡിക്കല്‍ സംഘത്തിന്‍റെ നിര്‍ദേശ പ്രകാരമാണ് താരത്തിന് വിശ്രമം അനുവദിച്ചതെന്ന് ക്രിക്കറ്റ് ഓസ്‌ട്രേലിയ പ്രസ്‌താവനയില്‍ അറിയിച്ചു. പകരക്കാരനായി മാത്യു വെയ്‌ഡിനെ ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട് (Matthew Wade has replaced injured Glenn Maxwell).
ദക്ഷിണാഫ്രിക്കയ്‌ക്ക് എതിരെ മൂന്ന് മത്സരങ്ങളടങ്ങിയ ടി20 പരമ്പരയും അഞ്ച് മത്സരങ്ങളടങ്ങിയ ഏകദിന പരമ്പരയുമാണ് ഓസ്‌ട്രേലിയ കളിക്കുന്നത്. ഡര്‍ബനില്‍ ബുധനാഴ്‌ചയാണ് ടി20 പരമ്പരയ്ക്ക് തുടക്കമാകുന്നത്. ആദ്യ കുഞ്ഞിന്‍റെ ജനനം പ്രമാണിച്ച് ടി20 പരമ്പരയ്‌ക്ക് ശേഷം നാട്ടിലേക്ക് മടങ്ങാന്‍ നേരത്തെ മാക്‌സ്‌വെല്‍ തീരുമാനിച്ചിരുന്നു. അടുത്ത മാസം ഇന്ത്യയിൽ നടക്കുന്ന മൂന്ന് മത്സര ഏകദിന പരമ്പരയ്‌ക്ക് മുന്നോടിയായി മാക്‌സ്‌വെല്ലിന്‍റെ പരിക്ക് നിരീക്ഷിക്കുമെന്ന് സെലക്‌ടർ ടോണി ഡോഡെമൈഡ് പറഞ്ഞു.
അതേസമയം ഇന്ത്യ ആതിഥേയരാവുന്ന ഏകദിന ലോകകപ്പ് ഒക്‌ടോബര്‍ അഞ്ച് മുതല്‍ നവംബര്‍ 19 വരെയാണ് അരങ്ങേറുന്നത്. ഇന്ത്യയ്‌ക്കും ഓസീസിനും പുറമെ പാകിസ്ഥാൻ, ന്യൂസിലൻഡ്, ഇംഗ്ലണ്ട്, ബംഗ്ലാദേശ്, ദക്ഷിണാഫ്രിക്ക, അഫ്‌ഗാനിസ്ഥാൻ, ശ്രീലങ്ക, നെതര്‍ലന്‍ഡ്‌സ് എന്നീ ടീമുകളാണ് ടൂര്‍ണമെന്‍റില്‍ മാറ്റുരയ്‌ക്കുന്നത്.
ധർമ്മശാല, ഡൽഹി, അഹമ്മദാബാദ്, ചെന്നൈ, ഹൈദരാബാദ്, ബെംഗളൂരു, ലഖ്‌നൗ, പൂനെ, മുംബൈ, കൊൽക്കത്ത എന്നീ 10 വേദികളിലായാണ് മത്സരങ്ങള്‍ നടക്കുന്നത്. ഭാഗമാവുന്ന 10 ടീമുകളും ഓരോ മത്സരങ്ങളില്‍ വീതം പരസ്‌പരം ഏറ്റുമുട്ടുന്ന റൗണ്ട് റോബിന്‍ ഫോര്‍മാറ്റിലാണ് ടൂര്‍ണമെന്‍റ് നടക്കുന്നത്. ഈ ഘട്ടത്തില്‍ ആകെ 45 മത്സരങ്ങളാണ് ഉള്ളത്. തുടര്‍ന്ന് ആദ്യ നാല് സ്ഥാനങ്ങളില്‍ എത്തുന്ന ടീമുകള്‍ സെമി ഫൈനലിലേക്ക് എത്തും.
നവംബര്‍ 15-ന് മുംബൈയില്‍ ആദ്യ സെമി ഫൈനലും രണ്ടാം സെമി ഫൈനല്‍ 16-ന് കൊല്‍ക്കത്തയിലുമാണ് നടക്കുക. നവംബര്‍ 19-നാണ് ഫൈനല്‍. ഉദ്‌ഘാടന മത്സരത്തില്‍ നിലവിലെ ചാമ്പ്യന്മാരായ ഇംഗ്ലണ്ടും രണ്ടാം സ്ഥാനക്കാരായ ന്യൂസിലന്‍ഡുമാണ് കളിക്കുന്നത്. ഒക്‌ടോബര്‍ എട്ടിന് ഇന്ത്യയ്‌ക്ക് എതിരെയാണ് പാകിസ്ഥാന്‍റെ ആദ്യ മത്സരം.