മെല്‍ബണ്‍ : പാകിസ്ഥാനെതിരായ ബോക്‌സിങ് ഡേ ടെസ്റ്റില്‍ മിന്നും വിജയവുമായി ഓസ്‌ട്രേലിയ. മെല്‍ബണ്‍ ക്രിക്കറ്റ് ഗ്രൗണ്ടില്‍ നടന്ന മത്സരത്തിന്‍റെ നാലാം ദിനത്തില്‍ 79 റണ്‍സിനാണ് ആതിഥേയര്‍ കളി പിടിച്ചത്. രണ്ടാം ഇന്നിങ്‌സിന് ശേഷം ഓസീസ് ഉയര്‍ത്തിയ 317 റണ്‍സിന്‍റെ ലക്ഷ്യം പിന്തുടര്‍ന്ന പാകിസ്ഥാന്‍ 237 റണ്‍സില്‍ പുറത്തായി (Australia vs Pakistan 2nd Test Highlights).
ഓസീസ് പേസര്‍മാരുടെ അഴിഞ്ഞാട്ടത്തിന് മുന്നിലാണ് പാകിസ്ഥാന്‍ കീഴടങ്ങിയത്. ഓസ്‌ട്രേലിയയ്‌ക്കായി ക്യാപ്റ്റന്‍ പാറ്റ് കമ്മിന്‍സ് (Pat Cummins) അഞ്ചും മിച്ചല്‍ സ്റ്റാര്‍ക്ക് നാലും വിക്കറ്റുകള്‍ വീഴ്‌ത്തി. ക്യാപ്റ്റന്‍ ഷാന്‍ മസൂദ് (71 പന്തില്‍ 60), സല്‍മാന്‍ അലി ആഗ (70 പന്തില്‍ 50), ബാബര്‍ അസം (79 പന്തില്‍ 41), മുഹമ്മദ് റിസ്‌വാന്‍ (62 പന്തില്‍ 35) എന്നിവരുടെ ചെറുത്ത് നില്‍പ്പാണ് പാകിസ്ഥാന്‍റെ തോല്‍വി ഭാരം കുറച്ചത്.
ടോസ് നഷ്‌ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്യാന്‍ ഇറങ്ങിയ ഓസ്‌ട്രേലിയ 318 റണ്‍സായിരുന്നു നേടിയത്. മാര്‍നെസ് ലെബുഷെയ്‌ന്‍ (155 പന്തില്‍ 63), മിച്ചല്‍ മാര്‍ഷ് (60 പന്തില്‍ 41), ഡേവിഡ് വാര്‍ണര്‍ (83 പന്തില്‍ 38), ഉസ്‌മാന്‍ ഖവാജ (101 പന്തില്‍ 42) എന്നിവരാണ് നിര്‍ണായകമായത്. പാകിസ്ഥാനായി അമീര്‍ ജമാല്‍ മൂന്ന് വിക്കറ്റുകള്‍ വീഴ്‌ത്തി.
മറുപടിക്ക് ഇറങ്ങിയ ടീമിനെ അഞ്ച് വിക്കറ്റ് വീഴ്‌ത്തിയ പാറ്റ് കമ്മിന്‍സും നാല് വിക്കറ്റ് വീഴ്‌ത്തിയ നഥാന്‍ ലിയോണും ചേര്‍ന്ന് 264 റണ്‍സില്‍ പിടിച്ച് കെട്ടി. അബ്‌ദുള്ള ഷഫീഖ് (109 പന്തില്‍ 62), ഷാന്‍ മസൂദ് (76 പന്തില്‍ 54), മുഹമ്മദ് റിസ്‌വാന്‍ (51 പന്തില്‍ 42), ആമിര്‍ ജമാല്‍ (80 പന്തില്‍ 33*) എന്നിവരാണ് തിളങ്ങിയത്.
ആദ്യ ഇന്നിങ്‌സില്‍ 54 റണ്‍സിന്‍റെ നിര്‍ണായക ലീഡ് നേടിയ ഓസീസ് രണ്ടാം ഇന്നിങ്‌സില്‍ 262 റണ്‍സായിരുന്നു കണ്ടെത്തിയത്. സ്‌റ്റീവ് സ്‌മിത്ത് (176 പന്തില്‍ 50), മിച്ചല്‍ മാര്‍ഷ് (130 പന്തില്‍ 96), അലക്‌സ് ക്യാരി (101 പന്തില്‍ 53) എന്നിവര്‍ തിളങ്ങിയപ്പോള്‍ പാകിസ്ഥാനായി ഷഹീന്‍ ഷാ അഫ്രീദി, മിര്‍ ഹംസ എന്നിവര്‍ നാല് വീതം വിക്കറ്റുകള്‍ വീഴ്‌ത്തി.
ലക്ഷ്യം പിന്തുടര്‍ന്ന പാകിസ്ഥാന് തുടക്കം തന്നെ തിരിച്ചടിയേറ്റിരുന്നു. സ്‌കോര്‍ ബോര്‍ഡില്‍ എട്ട് റണ്‍സ് മാത്രം നില്‍ക്കെ ഓപ്പണര്‍ അബ്‌ദുള്ള ഷഫീഖ് (13 പന്തില്‍ 4) പുറത്ത്. തുടര്‍ന്നെത്തിയ ഷാന്‍ മസൂദിനൊപ്പം 41 റണ്‍സ് ചേര്‍ത്തതിന് ശേഷം മറ്റൊരു ഓപ്പണര്‍ ഇമാം ഉല്‍ ഹഖും (38 പന്തില്‍ 12) വീണു.
മൂന്നാം വിക്കറ്റില്‍ ഷാന്‍ മസൂദും ബാബര്‍ അസമും ചേര്‍ന്ന് 61 റണ്‍സ് നേടി. ഷാന്‍ മസൂദിനെ വീഴ്‌ത്തി പാറ്റ് കമ്മിന്‍സാണ് ഓസീസിന് ബ്രേക്ക് ത്രൂ നല്‍കിയത്. പിന്നാലെ ബാബറും സൗദ് ഷക്കീലും (55 പന്തില്‍ 24) മടങ്ങിയതോടെ പാകിസ്ഥാന്‍ കൂടുതല്‍ പ്രതിരോധത്തിലായി. എന്നാല്‍ ആറാം വിക്കറ്റില്‍ മുഹമ്മദ് റിസ്‌വാനും സല്‍മാന്‍ അലി ആഗയും രക്ഷാപ്രവര്‍ത്തനത്തിന് ശ്രമിച്ചു.
57 റണ്‍സാണ് ഇരുവരും ചേര്‍ത്തത്. എന്നാല്‍ റിസ്‌വാനെ കമ്മിന്‍സും സല്‍മാനെ സ്റ്റാര്‍ക്കും മടക്കിയതോടെ ടീമിന്‍റെ പ്രതീക്ഷ അവസാനിച്ചു. ആമിര്‍ ജമാല്‍ (8 പന്തില്‍ 0), ഷഹീന്‍ ഷാ അഫ്രീദി (6 പന്തില്‍ 0), മിര്‍ ഹംസ (1 പന്തില്‍ 0) എന്നിവര്‍ക്ക് അക്കൗണ്ട് പോലും തുറക്കാന്‍ കഴിഞ്ഞില്ല. ഹസന്‍ അലി (2 പന്തില്‍ 0) പുറത്താവാതെ നിന്നു.
രണ്ട് ഇന്നിങ്‌സിലുമായി 10 വിക്കറ്റുകള്‍ വീഴ്‌ത്തിയ ഓസീസ് നായകന്‍ പാറ്റ് കമ്മിന്‍സാണ് മത്സരത്തിലെ താരം. വിജയത്തോടെ പരമ്പര സ്വന്തമാക്കാന്‍ ഓസ്‌ട്രേലിയയ്‌ക്ക് കഴിഞ്ഞു. മൂന്ന് മത്സര പരമ്പരയില്‍ ഒരു ടെസ്റ്റ് ബാക്കി നില്‍ക്കെയാണ് 2-0ന് ആതിഥേയര്‍ പരമ്പര തൂക്കിയിരിക്കുന്നത്.
ALSO READ: ബുംറയെ മാത്രം ആശ്രയിക്കാനാവില്ല ; തുറന്നടിച്ച് രോഹിത് ശര്‍മ