ഹൈദരാബാദ് : ഇന്ത്യക്കെതിരായ മൂന്നാം ടി20യില്‍ ഓസ്ട്രേലിയക്ക് മികച്ച സ്‌കോർ. ആദ്യം ബാറ്റുചെയ്‌ത ഓസീസ് നിശ്ചിത ഓവറില്‍ ഏഴുവിക്കറ്റ് നഷ്‌ടത്തില്‍ 186 റണ്‍സെടുത്തു. അര്‍ധസെഞ്ച്വറി നേടിയ യുവതാരങ്ങളായ ടിം ഡേവിഡിന്‍റെയും കാമറൂണ്‍ ഗ്രീനിന്‍റെയും കരുത്തിലാണ് ഓസീസ് മികച്ച സ്‌കോര്‍ കണ്ടെത്തിയത്. ഗ്രീന്‍ 21 പന്തില്‍ 52 ഉം ഡേവിഡ് 27 പന്തില്‍ 54 ഉം റണ്‍സെടുത്തു. ഇന്ത്യക്കായി അക്‌സര്‍ പട്ടേല്‍ മൂന്ന് വിക്കറ്റ് നേടി.
റൺമഴ പെയ്യിച്ച് ഗ്രീന്‍ ! - ടോസ് നഷ്‌ടപ്പെട്ട് ബാറ്റിങ്ങിനെത്തിയ ഓസീസിനായി വെടിക്കെട്ട് തുടക്കമാണ് ഓപ്പണര്‍ കാമറൂണ്‍ ഗ്രീന്‍ നല്‍കിയത്. നായകന്‍ ആരോണ്‍ ഫിഞ്ച് 6 പന്തില്‍ 7 റണ്‍സെടുത്ത് അക്ഷര്‍ പട്ടേലിന്‍റെ പന്തില്‍ പുറത്തായതൊന്നും ഗ്രീനിനെ തെല്ലും ബാധിച്ചില്ല. 19 പന്തില്‍ അർദ്ധസെഞ്ച്വറി തികച്ച ഗ്രീൻ ഇന്ത്യക്കെതിരെ വേഗമാര്‍ന്ന ടി20 ഫിഫ്റ്റിയുടെ റെക്കോര്‍ഡും സ്വന്തമാക്കി. അഞ്ചാം ഓവറിലെ അവസാന പന്തില്‍ ഗ്രീന്‍ പുറത്താകുമ്പോള്‍ 21 പന്തില്‍ 52 റണ്‍സുണ്ടായിരുന്നു സമ്പാദ്യം. പിന്നാലെ 11 പന്തില്‍ 6 റൺസെടുത്ത ഗ്ലെന്‍ മാക്‌സ്‌വെല്‍ അക്ഷര്‍ പട്ടേലിന്‍റെ ത്രോയില്‍ പുറത്തായി.
കംഗാരുക്കളുടെ നടുവൊടിച്ച് ഇന്ത്യന്‍ ബൗളര്‍മാര്‍: ചാഹൽ എറിഞ്ഞ 10-ാം ഓവറിൽ ക്രീസ് വിട്ടിറങ്ങിയ സ്റ്റീവ് സ്‌മിത്തിനെ കാർത്തിക് സ്റ്റംപ് ചെയ്‌തു. 10 പന്തില്‍ 9 റണ്‍സായിരുന്നു സ്‌മിത്ത് നേടിയത്. 14-ാം ഓവറില്‍ അക്ഷര്‍ പട്ടേൽ 22 പന്തില്‍ 24 റൺസെടുത്ത ജോഷ് ഇംഗ്ലിസ്, വെടിക്കെട്ട് വീരന്‍ മാത്യു വെയ്‌ഡ് എന്നിവരെയും മടക്കി.
ടോപ് ഗിയറിട്ട് ടിം ഡേവിഡ് : പിന്നീട് ക്രീസിലെത്തിയ ഡാനിയേല്‍ സാംസിനെ കൂട്ടുപിടിച്ച ടിം ഡേവിഡ് ഇന്ത്യൻ ബോളർമാരെ കണക്കിന് പ്രഹരിച്ചു. 17-ാം ഓവറില്‍ ഭുവിയെ ടിം ഡേവിഡ് തുടര്‍ച്ചയായി രണ്ട് സിക്‌സുകളും ഒരു ഫോറും പറത്തിയതോടെ ഓവറില്‍ 21 റണ്‍സ് ഇന്ത്യ വഴങ്ങി. ബുമ്രയുടെ 19-ാം ഓവറില്‍ 18 റണ്ണും പിറന്നു. ഇതോടെ 17-ാം ഓവറില്‍ 140-6 എന്ന നിലയിൽ നിന്നും ഓസീസ് 186 എന്ന മികച്ച സ്‌കോറിലെത്തി. 27 പന്തില്‍ 54 റൺസുമായി 20-ാം ഓവറിലെ മൂന്നാം പന്തിലാണ് ഡേവിഡ് മടങ്ങിയത്. സാംസ് 20 പന്തില്‍ 28 റൺസുമായി പുറത്താകാതെ നിന്നു.
മറുപടി ബാറ്റിങ്ങിൽ ഇന്ത്യ ശക്‌തമായ നിലയിലാണ്. 10 ഓവർ പൂർത്തിയാകുമ്പോൾ രണ്ട് വിക്കറ്റിന് 91 റൺസ് എന്ന നിലയിലാണ്. ഓപ്പണർമാരായ കെ എൽ രാഹുൽ, രോഹിത് ശർമ എന്നിവരുടെ വിക്കറ്റുകളാണ് ഇന്ത്യക്ക് നഷ്‌ടമായത്. രണ്ട് വിക്കറ്റുകളും ഡാനിയൽ സാംസിനാണ്. 4 പന്തിൽ 1 റൺസുമായി സാംസിന്‍റെ പന്തിൽ വിക്കറ്റ് കീപ്പർ മാത്യു വെയ്‌ഡിന് പിടികൊടുത്തപ്പോൾ പാറ്റ് കമ്മിൻസിന്‍റെ ക്യാച്ചിലാണ് രോഹിത് പുറത്തായത്. 25 പന്തിൽ 35 റൺസുമായി വിരാട് കോലിയും 17 പന്തിൽ 31 റൺസുമായി സൂര്യകുമാർ യാദവുമാണ് ക്രീസിൽ. 60 പന്തിൽ 96 റൺസ് അകലെയാണ് ഇന്ത്യൻ വിജയവും പരമ്പരയും.