ദുബായ്: ഇന്ത്യ-പാകിസ്ഥാന്‍ ക്രിക്കറ്റ് മത്സരങ്ങള്‍ക്ക് തീവ്രമായ ഹൈപ്പാണുള്ളത്. മത്സരത്തിന്‍റെ ഫലം ഇരു ടീമുകളേയും പിന്തുണയ്‌ക്കുന്നവർക്ക് ഏറെക്കുറെ അഭിമാന പ്രശ്‌നം കൂടിയാണ്. ഇക്കാരണത്താല്‍ തന്നെ ഓരോ മത്സരങ്ങളിലും വലിയ സമ്മര്‍ദമാണ് കളിക്കാര്‍ക്ക് നേരിടേണ്ടി വരുന്നത്. എന്നാൽ കളത്തിന് പുറത്ത് ഇരു ടീമുകളും തമ്മിലുള്ള സൗഹൃദം അതിശയകരമാണെന്നാണ് ഇന്ത്യന്‍ ഇതിഹാസം വീരേന്ദർ സെവാഗ് പറയുന്നത്.
ഇന്ത്യ-പാക് കളിക്കാര്‍ തമ്മില്‍ പ്രശ്‌നങ്ങളാണെന്ന് ചിലയാളുകള്‍ പറയുന്നുണ്ടെങ്കിലും, തങ്ങള്‍ സഹോദരങ്ങളെ പോലെയാണ് പെരുമാറുന്നതെന്നും സെവാഗ് വ്യക്തമാക്കി. സ്റ്റാര്‍ സ്‌പോര്‍ട്‌സിനോടാണ് സെവാഗിന്‍റെ പ്രതികരണം.
"എനിക്ക് തോന്നുന്നത്, ഇന്ത്യയും പാകിസ്ഥാനും ഗ്രൗണ്ടിൽ മുഖാമുഖമെത്തുമ്പോള്‍ അത് ഒരല്‍പ്പം പ്രയാസമേറിയ മത്സരമാവും. എല്ലാ കളിക്കാരും അവരവരുടെ ഏറ്റവും മികച്ചത് നൽകുന്നു. ഓരോ ഇന്ത്യന്‍ താരവും പാക് താരവും തന്‍റെ ടീമിന്‍റെ വിജയത്തിന് വേണ്ടിയാണ് കളിക്കുന്നത്. മത്സരം പൂർത്തിയാക്കി ഹോട്ടലിലേക്ക് മടങ്ങുമ്പോൾ ഞങ്ങൾ ഒരുമിച്ച് സമയം ചെലവഴിക്കും. ഞങ്ങൾക്കിടയിൽ ഒരുപാട് സ്നേഹമുണ്ട്", സെവാഗ് പറഞ്ഞു.
"ഇന്ത്യ-പാക് കളിക്കാർ തമ്മിൽ പ്രശ്‌നങ്ങളുണ്ടെന്നുമൊക്കെയാണ് ചിലർ പറയുന്നത്. പക്ഷേ അങ്ങനെയൊന്നും സംഭവിക്കുന്നില്ല എന്ന് പറയാൻ ആഗ്രഹിക്കുന്നു. പരസ്‌പരമുള്ള മത്സരം കളിക്കളത്തിൽ മാത്രമേ നിങ്ങള്‍ക്ക് കാണാന്‍ കഴിയൂ. അതിന് പുറത്ത് ഞങ്ങൾ സുഹൃത്തുക്കളാണ്. ഞങ്ങൾ ഒരാൾ ജ്യേഷ്‌ഠനും മറ്റൊരാൾ ഇളയ സഹോദരനുമാണെന്ന മട്ടിലാണ് പെരുമാറുന്നത്", സെവാഗ് കൂട്ടിച്ചേര്‍ത്തു.
അതേസമയം ഏഷ്യ കപ്പിലെ ഇന്ത്യ-പാക് പോരാട്ടത്തിന് അവേശത്തോടെയാണ് ആരാധകര്‍ കാത്തിരിക്കുന്നത്. ഓഗസ്റ്റ് 27ന് ആരംഭിക്കുന്ന ഏഷ്യ കപ്പില്‍, 28 ന് ദുബായിലാണ് ഇന്ത്യയും പാകിസ്ഥാനും ആദ്യ മത്സരത്തിനിറങ്ങുന്നത്. ദുബായിലെത്തിയ ഇരു ടീമുകളും നേരത്തെ തന്നെ പരിശീലനം ആരംഭിച്ചിട്ടുണ്ട്.
also read: റണ്‍സ് അടിച്ചുകൂട്ടുന്ന ബാബര്‍ അസം, ഫോം ഔട്ട് കോലി; ഏഷ്യ കപ്പിലെ പ്രധാന താരങ്ങള്‍