ദുബായ് : ഇന്ത്യയുടെ സ്റ്റാര്‍ ബാറ്റര്‍ വിരാട് കോലി തന്‍റെ ഹൃദയത്തോട് ചേര്‍ന്ന് നില്‍ക്കുന്ന താരമാണെന്ന് പാകിസ്ഥാൻ പരിശീലകൻ സഖ്‌ലെയ്ൻ മുഷ്‌താഖ്. ഒരു സ്‌പോര്‍ട്‌സ് മാധ്യമത്തോടാണ് പാക് പരിശീലകന്‍ ഇക്കാര്യം പറഞ്ഞത്. പാക് നായകന്‍ ബാബര്‍ അസം, വിരാട് കോലി എന്നിവരില്‍ ആരാണ് മികച്ച താരമെന്ന ചോദ്യത്തോടായിരുന്നു സഖ്‌ലെയ്ൻ മുഷ്‌താഖിന്‍റെ പ്രതികരണം.
ബാബറാണ് തന്‍റെ പ്രിയപ്പെട്ട കളിക്കാരനെന്നും എന്നാല്‍ കോലി തന്‍റെ ഹൃദയത്തോട് ചേര്‍ന്നുനില്‍ക്കുന്ന താരമാണെന്നുമാണ് മുഷ്‌താഖ് മറുപടി നല്‍കിയത്. ഇതേ ചോദ്യത്തോട് നേരത്തെ ശ്രീലങ്കന്‍ ഇതിഹാസ താരം സനത് ജയസൂര്യ പ്രതികരിച്ചിരുന്നു. കോലിയാണ് തന്‍റെ പ്രിയപ്പെട്ട താരമെന്നാണ് സനത് ജയസൂര്യ തുറന്നുപറഞ്ഞത്. തന്‍റെ മകന്‍റെ ഇഷ്‌ട താരവും കോലി തന്നെയാണെന്നും ജയസൂര്യ കൂട്ടിച്ചേര്‍ത്തു.
ഇരുവരില്‍ ആരാണ് മികച്ച താരമെന്ന ചര്‍ച്ചകള്‍ ഏറെനാളായി അരങ്ങ് തകര്‍ക്കുന്ന ഒന്നാണ്. ആരാധകർ തമ്മിലുള്ള തർക്കങ്ങൾക്കിടയിലും പരസ്പരം ബഹുമാനം പുലര്‍ത്തുന്ന താരങ്ങളാണ് കോലിയും ബാബറും. കരിയറിലെ മോശം ഘട്ടത്തില്‍ പിന്തുണ അറിയിച്ച ബാബറിന് കോലി നല്‍കിയ മറുപടി ആരാധകര്‍ ഏറ്റെടുത്തിരുന്നു.
അതേസമയം ഏഷ്യ കപ്പിലൂടെ കോലി ഫോമിലേക്ക് മടങ്ങിയെത്തിയപ്പോള്‍ ബാബറിന് തിളങ്ങാന്‍ കഴിഞ്ഞിരുന്നില്ല. സൂപ്പര്‍ ഫോറില്‍ അഫ്‌ഗാനെതിരായ മത്സരത്തില്‍ സെഞ്ച്വറി പ്രകടനവുമായി കോലി തിളങ്ങിയിരുന്നു. പുറത്താവാതെ 61 പന്തില്‍ 122 റണ്‍സാണ് താരം അടിച്ച് കൂട്ടിയത്.
മൂന്നക്കം തൊടാനുള്ള മൂന്ന് വര്‍ഷത്തെ കാത്തിരിപ്പാണ് കോലി ഈ മത്സരത്തില്‍ അവസാനിപ്പിച്ചത്. ടി20 ഫോര്‍മാറ്റില്‍ കോലിയുടെ ആദ്യ സെഞ്ച്വറി കൂടിയായിരുന്നുവിത്. ടൂര്‍ണമെന്‍റില്‍ ആകെ അഞ്ച് മത്സരങ്ങളില്‍ 147.59 സ്ട്രൈക്ക് റേറ്റില്‍ 276 റണ്‍സാണ് താരം അടിച്ചെടുത്തത്. എന്നാല്‍ അഞ്ച് മത്സരങ്ങളില്‍ വെറും 63 റണ്‍സ് മാത്രമാണ് ബാബറിന് നേടാന്‍ കഴിഞ്ഞത്.